മുംബൈ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിൽ തന്‍റെ സഹതാരമായിരുന്ന വിരാട് കോഹ്ലി മാസങ്ങളോളം തന്നോട് മിണ്ടാതെ നടന്നതായി ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്.
ഏതാനും മാസങ്ങൾ മുമ്പാണ് വീണ്ടും സംസാരിക്കാൻ തുടങ്ങിയതെന്നും പ്രോട്ടീസ് താരം വെളിപ്പെടുത്തി. കോഹ്ലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കോഹ്ലി ഡിവില്ലിയേഴ്സുമായി പിണങ്ങിയത്.
വിവാദമായതോടെ തൊട്ടടുത്ത ദിവസം തന്നെ കോഹ്ലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായവിവരം പങ്കുവെച്ചതില്‍ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റിൽനിന്ന് ഉൾപ്പെടെ കോഹ്ലി വിട്ടുനിൽക്കുന്നത് പവലിധ അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഡിവില്ലിയേഴ്സിന്‍റെ വെളിപ്പെടുത്തൽ. ഏതാനും ദിവസങ്ങൾക്കുശേഷം ലണ്ടനിൽ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. കോഹ്ലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ഞങ്ങൾ ഇരുവരും ഒരേ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത്. ആറുമാസമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. ദൈവത്തിന് നന്ദി! കോഹ്ലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയത്ത് ഞാനുമായി നല്ല ബന്ധത്തിലായിരുന്നില്ല. അദ്ദേഹം വീണ്ടും എന്നോട് സംസാരിക്കാൻ തുടങ്ങിയതോടെയാണ് ആശ്വാസം തോന്നിയത്’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐ.പി.എല്ലിൽ ഫൈനലിൽ ആർ.സി.ബി കിരീടം നേടിയതിനു പിന്നാലെ ഡിവില്ലിയേഴ്സിനെ ഒപ്പംകൂട്ടി കോഹ്ലി നടത്തിയ ആഘോഷം വൈറലായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ നോക്കിയാല്‍ ആദ്യ സ്ഥാനങ്ങളിൽ കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്‍റെയും പേരാണ്. മികച്ച താരങ്ങൾ അണിനിരന്നിട്ടും ഐ.പി.എൽ കിരീടത്തിനായി 18 വർഷമാണ് ആർ.സി.ബിക്ക് കാത്തിരിക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.