വാങ്കഡെയിൽ ഇന്ന് വമ്പൻ പോര്; പരിക്കിൽ വലയുന്ന കൊൽക്കത്തക്ക് മുന്നിൽ മുംബൈ വന്മതിൽ; രഹാനെപ്പട ചരിത്രം തിരുത്തുമോ?

മുംബൈ: ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ സ്വന്തം നാട്ടിൽ ജയിച്ചുതുടങ്ങാൻ ലക്ഷ്യമിടുമ്പോൾ, പരിക്കേറ്റ താരങ്ങളും മോശം റെക്കോർഡുകളുമാണ് അജിങ്ക്യ രഹാനെ നയിക്കുന്ന കൊൽക്കത്തക്ക് മുന്നിലുള്ള പ്രധാന തടസ്സങ്ങൾ.

വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്തയുടെ ചരിത്രം അത്യന്തം ദയനീയമാണ്. ഇവിടെ കളിച്ച 12 മത്സരങ്ങളിൽ പത്തിലും കെ.കെ.ആർ പരാജയപ്പെട്ടു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ പോരാട്ടങ്ങളിലൊന്നാണ് മുംബൈ-കൊൽക്കത്ത പോര്. ഇതുവരെ നടന്ന 35 മത്സരങ്ങളിൽ 24 എണ്ണത്തിലും വിജയം മുംബൈക്കൊപ്പമായിരുന്നു. ഈ കണക്കുകൾ തിരുത്തിക്കുറിക്കുക എന്നത് നായകൻ രഹാനെയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.


സീസൺ തുടങ്ങും മുമ്പേ പ്രമുഖ താരങ്ങളുടെ പരിക്ക് കൊൽക്കത്തയുടെ താളം തെറ്റിച്ചിട്ടുണ്ട്. പേസ് നിരയിലെ കരുത്തരായ ഹർഷിത് റാണയും ആകാശ് ദീപ് എന്നിവരും ടൂർണമെന്റിൽനിന്ന് പുറത്തായിക്കഴിഞ്ഞു. മതീഷ പതിരണ ആദ്യ മത്സരങ്ങളിൽ കളിക്കില്ല. മുസ്തഫിസുർ റഹ്മാന്റെ അഭാവത്തിൽ ബ്ലെസിങ് മുസറബാനിയിലായിരിക്കും ടീമിന്റെ പ്രതീക്ഷ. എന്നാൽ, ബാറ്റിങ് നിരയിൽ ഫിൻ അലൻ, ടിം സെയ്‌ഫെർട്ട്, കാമറൂൺ ഗ്രീൻ എന്നിവരുടെ സാന്നിധ്യം ടീമിന് ആശ്വാസമാണ്. പവർ കോച്ചായി മാറിയ ആന്ദ്രെ റസ്സലിന്റെ തന്ത്രങ്ങൾ ടീമിന് എത്രത്തോളം കരുത്തുപകരുമെന്ന് കണ്ടറിയണം.

മറുഭാഗത്ത് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് അതിശക്തമാണ്. ജസ്പ്രീത് ബുംറ പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്നത് ടീമിന് വലിയ കരുത്താണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർക്കൊപ്പം ക്വിന്റൺ ഡി കോക്കിന്റെ തിരിച്ചുവരവ് ബാറ്റിങ് നിരയെ അപകടകാരികളാക്കുന്നു. ട്രെന്റ് ബോൾട്ടും ദീപക് ചാഹറും നയിക്കുന്ന പേസ് നിരക്കൊപ്പം അഫ്ഗാൻ യുവതാരം എ.എം. ഗസൻഫറിന്റെ 'മിസ്റ്ററി സ്പിന്നും' ഇന്ന് മുംബൈ പുറത്തെടുത്തേക്കും. മിച്ച് സാന്റ്‌നർ, വിൽ ജാക്‌സ് എന്നിവർ വ്യക്തിപരമായ കാരണങ്ങളാൽ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല.


ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡെ മൈതാനത്ത് ഇന്ന് വലിയ സ്കോർ പിറക്കാൻ സാധ്യതയുണ്ട്. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 172 ആണ്. അന്തരീക്ഷത്തിലെ ഈർപ്പം കണക്കിലെടുത്ത് ടോസ് നേടുന്നവർ പന്തെറിയാനാകും താൽപര്യപ്പെടുക. ഇന്ന് മഴ പെയ്യാൻ സാധ്യതയില്ലെങ്കിലും കനത്ത ചൂടും ഈർപ്പവും കളിക്കാർക്ക് വെല്ലുവിളിയാകും.

മുംബൈ ഇന്ത്യൻസ് ടീം

രോഹിത് ശർമ, റയാൻ റിക്കൽറ്റൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ്, ഷെർഫാൻ റഥർഫോർഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ദിർ, എ.എം. ഗസൻഫർ, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ. (സബ്: മയാങ്ക് മാർക്കണ്ഡെ/ശാർദുൽ താക്കൂർ)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം

സുനിൽ നരെയ്ൻ, ടിം സെയ്‌ഫെർട്ട് (വിക്കറ്റ് കീപ്പർ) /ഫിൻ അലൻ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കാമറൂൺ ഗ്രീൻ, അംഗ്രിഷ് രഘുവംശി, റിങ്കു സിങ്, രമൺദീപ് സിങ്, അനുകുൽ റോയ്, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ബ്ലെസിങ് മുസറബാനി.

Tags:    
News Summary - A big battle at Wankhede today; Mumbai face a giant wall against injury-hit Kolkata; Will Rahane's squad change history?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.