അവസാന പന്തില്‍ ഒരു ബൗളർ 18 റൺസ് വഴങ്ങുക! അത്ഭുതപ്പെടേണ്ട, സംഭവിച്ച കാര്യമാണ് പറയുന്നത്. അവസാന പന്തിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ് തമിഴ്നാട് പ്രീമിയർ ലീഗ്.
തമിഴ്നാട് ആഭ്യന്തര ലീഗിലെ ചെപ്പോക് സൂപ്പർ ഗില്ലീസ്-സേലം സ്പാർട്ടൻസ് മത്സരത്തിലാണ് അസാധ്യമായ കാര്യം അരങ്ങേറിയത്. 20ാം ഓവറിലെ അവസാന പന്ത് പൂർത്തിയാക്കുന്നതിനിടെയാണ് സ്പാർട്ടൻസ് നായകൻ അഭിഷേക് തൻവാർ 18 റണ്‍സ് വഴങ്ങിയത്. ടി.എൻ.പി.എൽ 2022 സീസണിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതാണ് സ്പാർട്ടൻസ് അഭിഷേക്. താരത്തിന്‍റെ പന്തിലാണ് ഇത്രയും റൺസ് വഴങ്ങിയതെന്നതാണ് മറ്റൊരു പ്രത്യേകത.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഭിഷേക് അവസാന ഓവറിൽ 26 റൺസാണ് വഴങ്ങിയത്. അഭിഷേക് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ചെപ്പോക്ക് ബാറ്റർ ബൗൾഡായെങ്കിലും അമ്പയർ നോബാൾ വിളിച്ചു. അടുത്ത പന്തും നോബാൾ, ഈ പന്ത് ചെന്നൈ താരം സിക്സർ പറത്തി. മൊത്തം എട്ട് റൺസ്. താരത്തിന്‍റെ മൂന്നാമത്തെ ഡെലിവറിയും നോബാൾ. ചെപ്പോക്ക് ടീം ആ പന്തിൽ രണ്ട് റൺസ് ഓടിയെടുത്തു. ഇതോടെ 11 റൺസ്. അടുത്ത പന്ത് വൈഡായിരുന്നു - 12 റൺസ്.
പിന്നീട് ലീഗൽ ആയ അവസാന പന്തിൽ ചെപ്പോക്ക് ബാറ്റർ ഒരു സിക്സ് കൂടി നേടി. ഒരു പന്തെറിയാൻ അഭിഷേക് വിട്ടുകൊടുത്തത് 18 റൺസ്. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന വമ്പൻ സ്കോറിലേക്ക് ചെപ്പോക്ക് സൂപ്പർ ഗില്ലീസ് എത്തി. മറുപടി ബാറ്റിങ്ങിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സ്പാർട്ടന്‍സിനു സാധിച്ചുള്ളൂ. ചെപ്പോക്കിന് 52 റൺസ് വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.