ഗോൾഡ് അലർട്ട്; ടീം ഇനങ്ങളിൽ തിളങ്ങി അഞ്ചാംദിനം ഇന്ത്യ

ബർമിങ്ഹാം: ഭാരോദ്വഹകരുടെയും ജൂഡോ താരങ്ങളുടെയും മികവിൽ മെഡൽപ്പട്ടികയിൽ തിളങ്ങിനിന്ന ഇന്ത്യക്ക് ടീം ഇനങ്ങളിൽ ലഭിച്ച സ്വർണങ്ങളാണ് കോമൺവെൽത്ത് ഗെയിംസ് അഞ്ചാം ദിന മത്സരങ്ങളിലെ ഹൈലൈറ്റ്.

ചരിത്രത്തിലാദ്യമായി ലോൺ ബൗൾസ് വനിത ഫോർസിൽ ജേതാക്കളായി മൂവർണക്കൊടി പാറിച്ചതിന് പിന്നാലെ പുരുഷ ടേബിൾ ടെന്നിസിലെ ചാമ്പ്യൻപട്ടം നിലനിർത്തി. പുരുഷ 96 കിലോഗ്രാം ഭാരോദ്വഹനത്തിൽ വികാസ് ഠാകൂറിന്റെ വെള്ളിയും ഇന്നലെ പിറന്നു. ഇന്ത്യൻ സമയം ചൊവ്വാഴ്ച വെളുപ്പിന് വനിത ഭാരോദ്വഹനം 71 കിലോഗ്രാം വിഭാഗത്തിൽ ഹർജീന്ദർ കൗർ വെങ്കലവും നേടിയിരുന്നു. ഇതോടെ സമ്പാദ്യം അഞ്ച് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി.

ലോൺ ബൗൾസ് ഫൈനലിൽ 17-10നാണ് ഇന്ത്യൻ വനിതകൾ തോൽപിച്ചത്. ടേബിൾ ടെന്നിസ് മെഡൽപ്പോരാട്ടത്തിൽ സിംഗപ്പൂരിനോട് 3-1 വിജയം. 346 കിലോഗ്രാം (155+191) ഉയർത്തിയാണ് വികാസിന്റെ വെള്ളി. അത് ലറ്റിക് മത്സരങ്ങൾക്കും ഇന്നലെ തുടക്കമായി. മലയാളി താരങ്ങളായ എം. ശ്രീശങ്കറും മുഹമ്മദ് അനീസും ലോങ് ജംപ് ഫൈനലിലെത്തിയിട്ടുണ്ട്.

ടേബിളിലെ പൊന്നിളകാതെ ഇന്ത്യ

പുരുഷ ടേബിൾ ടെന്നിസിൽ ഇന്ത്യക്കിത് മൂന്നാം സ്വർണമാണ്. നാലിൽ ഒരു മത്സരം നഷ്ടമായെങ്കിലും തകർപ്പൻ തിരിച്ചുവരവിൽ ചാമ്പ്യൻപട്ടം നിലനിർത്തി. സിംഗപ്പൂരിനെതിരായ ഫൈനൽ പോരാട്ടം ശരത് കമലിന്റെ സിംഗ്ൾസോടെയാണ് തുടങ്ങിയത്.

ജേ യൂ ക്ലാരൻസ് ച്യൂനോട് 7-11, 14-12, 3-11,9-11ന് തോൽവി. പിന്നാലെ ജി. സത്യൻ 12-10, 7-11, 11-7, 11-4 ന് യേ എൻ കോൻ പാങ്ങിനെ തോൽപിച്ച് 1-1 ആക്കി. ഹർമീത് ദേശായി-സത്യൻ സഖ്യം ഡബ്ൾസിൽ യോങ് ഇസാക് ക്യൂ- കോൻ പാങ് കൂട്ടുകെട്ടിനെ 12-10, 7-11, 11-7, 11-4 നും തോൽപിച്ചതോടെ ഇന്ത്യ മുന്നിൽ. നിർണായക സിംഗ്ൾസിൽ ക്ലാരൻസിനെതിരെ ഹർമീത് 11-8, 11-5, 11-6ന്റെ ജയം നേടിയതോടെ 3-1ന് സ്വർണം ഇന്ത്യക്ക് സ്വന്തം.

നീന്തലിൽ ഇന്ത്യക്ക് മെഡൽ മത്സരം

പുരുഷ നീന്തൽ 1500 മീറ്റർ ഫ്രീ സ്റ്റൈൽസിൽ ഇന്ത്യയുടെ അദ്വൈസ് പാഗെയും കുശാഗ്ര റാവത്തും ഫൈനലിലെത്തി. ഇരുവരും അവരവരുടെ ഹീറ്റിൽ നാലമതായാണ് ഫിനിഷ് ചെയ്തത്. പാഗെയുടെ സമയം 15:39.25 മിനിറ്റും റാവത്തിന്റെത് 15:47.77 മിനിറ്റുമാണ്.

പുരുഷ 200 മീ. ബാക്ക്സ്ട്രോക്കിൽ ശ്രീഹരി നടരാജ് 2:00.84 മിനിറ്റിൽ ഫിനിഷ് ചെ‍യ്ത് മികച്ച ഇന്ത്യൻ സമയം സ്ഥാപിച്ചെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ഹീറ്റിൽ മൂന്നാമനും ആകെ ഒമ്പതാമനുമായ ശ്രീഹരി റിസർവ് ലിസ്റ്റിൽ ഏറ്റവും മുന്നിലുണ്ട്.

ഷോട്ട്പുട്ടിൽ മൻപ്രീതിന് ഫൈനൽ

വനിത ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചു. മൂന്നാം ശ്രമത്തിൽ 16.78 മീറ്റർ എറിഞ്ഞാണ് യോഗ്യത നേടിയത്. എട്ടുപേർക്കാണ് ഫൈനൽ പ്രവേശനം. ഏഴാമതാണ് മൻപ്രീത്.

ഒന്നാമനായി ശ്രീ; അനീസും ലോങ് ജംപ് ഫൈനലിൽ

അത് ലറ്റിക്സിൽ ഇന്ത്യൻ മെഡൽ സാധ്യതയിൽ മുന്നിലുള്ള മലയാളി എം. ശ്രീശങ്കർ ഉജ്ജ്വല പ്രകടനവുമായി പുരുഷ ലോങ് ജംപ് ഫൈനലിൽ പ്രവേശിച്ചു. യോഗ്യത റൗണ്ടിൽ ആദ്യ ശ്രമത്തിൽതന്നെ 8.05 മീറ്റർ ചാടി ഒന്നാമനായാണ് ടിക്കറ്റെടുത്തത്. മറ്റാരും എട്ട് മീറ്റർ പിന്നിട്ടില്ല.

രണ്ടാമതുള്ള ബഹാമസിന്റെ ലക്വാൻ നയറൻ ചാടിയത് 7.90 മീറ്ററാണ്. ഗ്രൂപ് എ യിലായിരുന്നു ശ്രീശങ്കർ. മറ്റൊരു മലയാളി മുഹമ്മദ് അനീസും ഫൈനലിലെത്തി‍യത് ഇന്ത്യക്ക് ഇരട്ടി മധുരമായി. 7.68 മീറ്റർ ചാടി ഗ്രൂപ് ബിയിൽ മൂന്നാമനും മൊത്തത്തിൽ എട്ടാമനുമായാണ് അനീസിന്റെ ഫൈനൽ പ്രവേശനം. ആകെ 12 പേർക്കാണ് യോഗ്യത. ഫൈനൽ വ്യാഴാഴ്ച.

ചരിത്രത്തിലേക്ക് ഉരുണ്ട ബൗൾ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബൗൾസ് വനിത ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യ‍യുടെ ജയത്തിൽ പിറന്നത് ചരിത്രമാണ്. ഇതാദ്യമായാണ് ഈ ഇനത്തിൽ ഇന്ത്യ ഫൈനലിലെത്തുന്നത് തന്നെ. ലൗലി ചൂബെ (ലീഡ്), പിങ്കി (സെക്കൻഡ്), നയൻമോനി സൈകിയ (തേഡ്), രൂപ റാണി ടിർക്കി (സ്ലിപ്) എന്നിവരായിരുന്നു ടീമിൽ.

ഒരുഘട്ടത്തിൽ 8-2ന്റെ ഏകപക്ഷീയ മുന്നേറ്റം വരെ ഇന്ത്യക്ക് ലഭിച്ചുവെങ്കിലും ആഫ്രിക്കൻ സംഘം ഉജ്വലമായി തിരിച്ചുവന്നു പത്താം എൻഡിൽ സ്കോർ 8-8 ആക്കി. അടുത്ത എൻഡിൽ കണ്ടത് ദക്ഷിണാഫ്രിക്ക ലീഡ് പിടിക്കുന്നതാണ് (8-10). പിന്നാലെ 10-10 സമനില. 13ാം എൻഡിൽ ഇന്ത്യ ലീഡ് നേടി 12-10. അടുത്തതിൽ 15-10 ആക്കി. 15ാമത്തെയും അവസാനത്തെയും എൻഡിൽ 17-10 സ്കോറിൽ ഇന്ത്യക്ക് സ്വർണം. അതേസമയം, വനിത ട്രിപ്പ്ൾസ് ആദ്യ മത്സരത്തിൽ ഇന്ത്യ 15-11ന് ന്യൂസിലൻഡിനെ തോൽപ്പിച്ചു. വനിത പെയറിൽ പക്ഷെ കിവികളോട് 9-18ന് പരാജയപ്പെട്ടു.

ലോൺ ബൗൾസ് എന്നാൽ

ഇരു ഭാഗവും പരന്ന ബൗളുകൾ ലോൺ എന്ന് പേരായ പ്രതലത്തിലൂടെ ഉരുട്ടുന്നതാണ് ലോൺ ബൗൾ മത്സരം. ഇവ ഓരോന്നായി ടോസ് ലഭിച്ച ടീം നേരത്തെ എറിഞ്ഞുവെച്ച ജാക്ക് എന്ന ചെറിയ പന്തിന് അടുത്തെത്തിക്കും.

ബൗൾ ഏറ്റവും അടുത്തെത്തിക്കുന്നയാൾക്കാവും പോയന്റ്. ഒന്നര കിലോഗ്രാമാണ് ഒരു ബൗളിന്റെ ഭാരം. ഒരു ഭാഗം ഭാരം കൂടുതലായതിനാൽ ഉരുട്ടുമ്പോൾ നേരെ സഞ്ചരിക്കാൻ പ്രയാസമാണ്. ലോണിനെ ചുറ്റി 15 എൻഡുകളുണ്ടാവും. ഓരോ എൻഡിലും ഒരു ടീമിന് എട്ടീ വീതം ത്രോ.

എതിർ ടീമിനെക്കാൾ എത്ര ബൗൾസ് ജാക്കിനടുത്തേക്കെത്തി എന്നതിനനുസരിച്ച് പോയന്റ്. എൻഡുകൾ മൊത്തം പൂർത്തിയാകുമ്പോൾ കൂടുതൽ പോയന്റ് ലഭിക്കുന്നവർ വിജയികൾ. സിംഗ്ൾസ്, ഡബ്ൾസ്, ട്രിപ്പിൾസ്, ഫോർസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ മത്സരമുണ്ട്.

Tags:    
News Summary - commonwealth games fifth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.