ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്

ക്യാമ്പുകളുടെ ക്യാമ്പായി യു.എ.ഇ

അന്താരാഷ്ട്ര മത്സരങ്ങളുടെ മാത്രമല്ല, പരിശീലനക്കളരികളുടെ കേന്ദ്രം കൂടിയായി മാറുകയാണ് യു.എ.ഇ. ഈ വർഷം ആദ്യ എട്ട് മാസത്തിൽ ദുബൈയിൽ മാത്രം നടന്നത് 110 അന്താരാഷ്ട്ര ക്യാമ്പുകൾ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദേശീയ ടീമുകളും ക്ലബ്ബുകളും താരങ്ങളുമാണ് പരിശീലനത്തിനായി ദുബൈ തേടിയെത്തിയത്. ഫുട്ബാൾ ലോകകപ്പ് സമയത്ത് കൂടുതൽ ടീമുകൾ എത്തുന്നതോടെ ഈ കണക്ക് ഇരട്ടിയായാലും അത്ഭുതപ്പെടാനില്ല. സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്‍റീന നവംബർ 13ന് അബൂദബിയിലേക്ക് പരിശീലന മത്സരത്തിനെത്തുന്നു എന്ന വാർത്തയാണ് ഒടുവിൽ വന്നിരിക്കുന്നത്. ചൂടൊഴിഞ്ഞ് തണുപ്പ് കാലം വരുമ്പോഴാണ് കൂടുതൽ ടീമുകൾ ഇവിടേക്ക് എത്തുന്നത്.

ബ്രിട്ടൻ, പോളണ്ട്, ബൾഗേറിയ, ഫ്രാൻസ്, ന്യൂസിലൻഡ്, സ്ലോവാക്യ, റഷ്യ, ആസ്ട്രിയ, ഡെൻമാർക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകളും ദേശീയ ടീമുകളും ഈ വർഷം എത്തിയിരുന്നു. ഇതിന് പുറമെ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ചൈന, മലേഷ്യ, വിയറ്റ്നാം, ഉസ്ബെകിസ്താൻ, തുർക്ക്മെനിസ്താൻ, ഇൻഡോനേഷ്യ, ലബനൻ, ഖത്തർ, ജോർഡൻ, കുവൈത്ത്, ആഫ്രിക്കയിൽ നിന്നുള്ള ടാൻസാനിയ, അമേരിക്കയിൽ നിന്ന് മെക്സികോ തുടങ്ങിയ രാജ്യങ്ങളും യു.എ.ഇയിൽ പരിശീലനക്കളരിയൊരുക്കി.

ഉന്നത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും സംവിധാനങ്ങളും മൈതാനങ്ങളുമാണ് ദുബൈയിലേക്ക് ഇവരെ ആകർഷിക്കുന്നത്. ജബൽ അലി റിസോർട്ട് ക്യാമ്പാണ് ഈ വർഷം ഏറ്റവും കൂടുതൽ ടീമുകളെ ആകർഷിച്ചത്. ഇവിടെ മാത്രം 30 ക്യാമ്പുകൾ നടന്നു. ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ 12 ക്യാമ്പും അരങ്ങേറി. ഒളിമ്പിക്സ് ചാമ്പ്യൻമാരും ദേശീയ ടീമുകളും ഇതിൽ ഉൾപെടുന്നു.

പരിശീലന സൗകര്യം മാത്രമല്ല, ദുബൈയിലെ ഹോട്ടൽ, താമസം, ഭക്ഷണം, ടൂറിസം സംവിധാനങ്ങളെല്ലാം ഇവിടേക്ക് താരങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. പരിശീലനത്തിന് പുറമെ മനം നിറച്ച് മടങ്ങാനാവാശ്യമായ എല്ലാ സംവിധാനങ്ങളും ദുബൈ ഒരുക്കുന്നുണ്ട്. ഷോപ്പിങ്, വിനോദം, ജീവിത ശൈലി എന്നിവയെല്ലാം ദുബൈയുടെ പ്ലസ് പോയിന്‍റാണ്. കാലാവസ്ഥ കൂടി മാറുന്നതോടെ താരങ്ങൾ ഇവിടേക്ക് ഒഴുകും. ഖത്തർ മാമാങ്കത്തിന്‍റെ സമയത്ത്, ലോകകപ്പ് കളിക്കാത്ത താരങ്ങൾ ദുബൈയിൽ പരിശീലനത്തിന് പദ്ധതിയിടുന്നുണ്ട്. ലിവർപൂൾ ട്രെയിനിങ് ക്യാമ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. പരിശീലനം നടത്തുന്നതിനൊപ്പം ഇടക്കിടെ ഖത്തറിൽ പോയി കളികാണാനും കഴിയും.

അബൂദബി സ്പോർട്സ് കൗൺസിലും അർജന്‍റീനൻ ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തിലാണ് അർജന്‍റീനൻ ടീം പരിശീലനത്തിനെത്തുന്നത്. ഇതിന് പിന്നാലെ നവംബർ 16ന് അർജന്‍റീന-യു.എ.ഇ മത്സരവും അബൂദബിയിൽ നടക്കുന്നുണ്ട്. 

Tags:    
News Summary - Camp of camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.