ഒരു മലയാളിക്ക് അർജൻറീനയോട്​ തോന്നുന്നത്

എ​​​​​​​​െൻറ കുപ്പായത്തി​​​​​​​​െൻറ മൂന്നാമത്തെ
കുടുക്കിനു പിന്നിലെ പിടച്ചിലി​​​​​​​​െൻറ പേരാണ് പ്രണയം
- മേതിൽ

 

ഈ ഭൂമി മലയാളത്തിൽ നൂറു കണക്കിന് കായിക മാമാങ്കങ്ങൾ അരങ്ങേറിയാലും ലോകകപ്പ് ഫുട്ബാളി​​​​​​​​െൻറ നാലയലത്തു വരില്ല, ഒന്നും. ലോകത്തി​​​​​​​​െൻറ  മുക്കിലും മൂലയിലും അതൊരു ജ്വരമായി പടർന്നു കയറി ഇറങ്ങും. അങ്ങകലെ റഷ്യൻ മണ്ണിൽ, യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കില്ലാടികൾ കരുത്തു പരീക്ഷിക്കാൻ ഇറങ്ങുന്നതിനു കോഴിക്കോട്ടെയും മലപ്പുറത്തെയും നാട്ടുകാർക്ക് എന്ത് കാര്യമെന്നൊന്നും ചോദിക്കരുത്. ‘നാലുകൊല്ലം കൂടുമ്പോൾ ഈ ലോകകപ്പൊന്നും വന്നില്ലെങ്കിൽ ഈ ലോകം എന്തിനു കൊള്ളാം..?’ എന്ന് ചോദിച്ചത് ഒരു മഹാനൊന്നും അല്ല -. ‘സദ്ദാം’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന കോഴിക്കോട് നരിക്കുനിയിലെ വളം കച്ചവടക്കാരൻ ഹുസൈൻക്ക ആണ്. അയാളാവട്ടെ കടുത്ത അർജൻറീന ആരാധകനും.

സച്ചിൻ ടെണ്ടുൽക്കറുടെ സ്ട്രൈറ്റ്  ഡ്രൈവിനെയും വസീം അക്രമി​​​​​​​​െൻറ ഇൻസ്വിങ്ങറിനെയും ബോറിസ് ബെക്കറി​​​​​​​​െൻറ വെള്ളാരം കണ്ണുകളെയും പി .ടി ഉഷയെയും പി.വി സിന്ധുവിനെയും മലയാളി സ്നേഹിക്കുന്നുണ്ടെങ്കിലും അവ​​​​​​​​െൻറ കായിക പ്രേമത്തെ മൊത്തം തൂക്കിയെടുത്തത് ഡീഗോ അർമാൻഡോ മറഡോണയെന്ന കുറിയ മനുഷ്യനാണ്. അതും മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം. 1986ലെ മെക്സിക്കോ ലോകകപ്പ് ടെലിവിഷനിൽ കാണാൻ കുറഞ്ഞ ശതമാനം മലയാളികൾക്കേ കഴിഞ്ഞുള്ളു.ബാക്കിയുള്ളവർ ആ ഫുട്ബോൾ മാന്ത്രികൻ തീർത്ത ചരിത്ര മുഹൂർത്തങ്ങൾ ഹൃദയത്തിലാണ് കോറിയിട്ടത്. അന്നു മുതൽ മലയാളിയുടെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലാണ് അർജൻറീന.

ശരാശരി നിലവാരം മാത്രമുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി ലോകകിരീടത്തിലേക്കു ഉയർത്തുകയായിരുന്നു, മറഡോണ മെക്സിക്കോ ലോകകപ്പിൽ
 

ശരാശരി നിലവാരം മാത്രമുള്ള ഒരു ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി ലോകകിരീടത്തിലേക്കു ഉയർത്തുകയായിരുന്നു, മറഡോണ മെക്സിക്കോ ലോകകപ്പിൽ ചെയ്തത്. ഇതിഹാസ താരം പെലെയെപ്പോലും നിഷ്പ്രഭനാക്കാൻ ആ ഒരു ലോകകപ്പ് കൊണ്ട് മറഡോണക്ക് കഴിഞ്ഞു. ഇറ്റാലിയ നയൻറീയിലാണ്​  മറഡോണയുടെ കളി മലയാളികൾ ശരിക്കും കാണുന്നത്. അന്ന് പക്ഷേ, പരിക്കി​​​​​​​​െൻറ പിടിയിലായിരുന്ന മറഡോണക്ക് യഥാർത്ഥ ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല. എന്നിട്ടും അർജൻറീന ഫൈനൽ കളിച്ചെങ്കിൽ, അത് മറഡോണയുടെ പ്രഭാവം ഒന്ന് കൊണ്ടു മാത്രം. താരപ്രഭയണിഞ്ഞ റുഡ് ഗുള്ളിറ്റും  റൈക്കാർഡും റൂഡിവോളറും റെനേ ഹിഗ്വിറ്റയും റോജർ മില്ലയുമെല്ലാം മറഡോണയെന്ന കൊമ്പ​​​​​​​​െൻറ തലയെടുപ്പിനു മുന്നിൽ നിറം മങ്ങി. ക്ലോഡിയോ
കനീജിയയെന്ന അതിവേഗക്കാരന് തളികയിലെന്നോണം മറഡോണ പാസ് നൽകുന്നത് മറക്കാൻ കഴിയുമോ...?

ലോക കപ്പിൽ മുത്തമിടുന്ന മറഡോണ
 

നാല് വര്ഷം കഴിഞ്ഞ്​ അമേരിക്കയിൽ ലോകകപ്പ് കളിക്കാനെത്തിയെങ്കിലും അത് മറഡോണയുടെ നിഴൽ മാത്രമായിരുന്നു. ഒട്ടേറെ വിവാദങ്ങൾ മാത്രം ശേഷിച്ചു. മറഡോണ യുഗം കഴിഞ്ഞു പോയിട്ടും മലയാളി അർജൻറീനയെ കൈവെടിഞ്ഞില്ലെന്നതാണ് സത്യം.  റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ ത്രയത്തി​​​​​​​​െൻറ ചിറകിലേറി ബ്രസീൽ എന്ന ഫുട്ബാൾ രാജാക്കന്മാർ കുതിക്കുന്ന കാഴ്ചയാണ് പിന്നീട് ലോകകപ്പിൽ കണ്ടത്. കളിയഴകി​​​​​​​​െൻറ  ലാറ്റിനമേരിക്കൻ ചാരുതയേക്കാൾ വിജയത്തി​​​​​​​​െൻറ സമവാക്യങ്ങളുമായി ബ്രസീൽ അരങ്ങു വാണു. ഒപ്പം യൂറോപ്യൻ ശക്തികളായ ഫ്രാൻസും ജർമനിയും ഇറ്റലിയും സ്പെയിനും ലോക ജേതാക്കളായി. സാക്ഷാൽ പെലെയുടെ പിന്മുറക്കാരായ റൊമാരിയോ, ബെബറ്റോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൽഡോ, റോബർട്ടോ കാർലോസ് എന്നിവരിലൂടെ സഞ്ചരിച്ചു നെയ്മറിലും ജീസസിലും എത്തിനിൽക്കുന്ന ബ്രസീലിനും കേരളത്തിൽ ആരാധകർ അനവധിയുണ്ട്.

ലോക കപ്പിൽ മുത്തമിടുന്ന ഫുട്​ബാൾ ഇതിഹാസം പെലെ
 

സിനദിൻ സിദാൻ എന്ന ലോകം  കണ്ട ഏറ്റവും മികച്ച മിഡ്‌ഫീൽഡറുടെ പിന്മുറക്കാരായ ഫ്രാൻസിനും ആന്ദ്രേ ഇനിയേസ്റ്റയുടെ സ്പെയിനിനും ക്രിസ്​റ്റ്യാനോയുടെ പോർചുഗലിനും അർഹതയുണ്ടായിട്ടും 1966ന് ശേഷം കിരീടം നേടാൻ ഭാഗ്യമുണ്ടാവാതെ പോയ ഇംഗ്ലണ്ടിനും  ഉണ്ട് നമ്മുടെ നാട്ടിൽ ആരാധകർ അനവധി. എന്നാലും, അർജൻറീനയോളം വരുമോ...? രണ്ടു തവണ മാത്രം ലോകജേതാക്കളായ അർജൻറീനയോട്​ മലയാളിക്ക് തോന്നുന്നത് ആരാധന മാത്രമല്ല, പ്രണയമാണ്. ഫുട്ബാൾ എന്തെന്ന് അറിഞ്ഞു കൂടാത്ത മൂന്നു വയസുകാരൻ പോലും  പന്ത് കാണുമ്പോൾ മെസ്സി...മെസ്സി... എന്ന് വിളിച്ചു കൂവുന്നു...

മറഡോണ, പെലെ, സിദാൻ
 

ഇക്കുറി തപ്പിയും തടഞ്ഞുമാണ് അർജൻറീന ലോകകപ്പിനെത്തുന്നത്. ഡീഗോ മറഡോണക്ക് തുല്യനെന്നോ ഇനി അതിലും മികച്ചവനെന്നോ ലോകം  വിശേഷിപ്പിക്കുന്ന സാക്ഷാൽ ലയണൽ  മെസ്സി ഇല്ലായിരുന്നെങ്കിൽ അർജൻറീന ലോകകപ്പ് കളിക്കില്ലെന്നുറപ്പ്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ   തോൽവിക്ക് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ആ തീരുമാനം മാറ്റിയില്ലായിരുന്നെങ്കിൽ റഷ്യൻ ലോകകപ്പിന് അർജൻറീന ഉണ്ടാവുമായിരുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ മെസ്സി മറഡോണയായി മാറുന്നത് കാണാൻ കാത്തിരുന്നവരാണ് മലയാളികൾ. ഒറ്റയാൾ പോരാട്ട മികവിൽ മെസ്സി ത​​​​​​​​െൻറ ജന്മനാടിനെ ഫൈനൽ വരെ എത്തിച്ചെങ്കിലും എക്സ്ട്രാ ടൈമിൽ വീണ ഒരു ഗോളിന് ജർമനിയുടെ മുന്നിൽ  കിരീടം കൈവിട്ടു.

ലയണൽ മെസ്സി ഇല്ലായിരുന്നെങ്കിൽ അർജൻറീന ലോകകപ്പ് കളിക്കില്ലെന്നുറപ്പ്
 

റഷ്യയിൽ ലോകകപ്പിനെത്തുന്ന അർജൻറീന എല്ലാം തികഞ്ഞ ഒരു ടീമല്ല. പക്ഷേ, എല്ലാം തികഞ്ഞ ഒരു കളിക്കാരൻ അവർക്കുണ്ട്. അത് ലയണൽ  മെസ്സി തന്നെ. ലോകഫുട്ബാൾ എന്ന് കേട്ടാൽ ആദ്യം നാവിൽ വരുന്ന രണ്ടേ രണ്ടു പേരുകളിൽ ഒന്ന്. ഫുട്ബാളിൽ നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞിട്ടും ജന്മനാടിനൊരു കിരീടം നേടിക്കൊടുക്കാൻ കഴിയാത്ത കളിക്കാരനായി  മാറാതിരിക്കണമെങ്കിൽ മെസ്സിക്ക്  ഇത്തവണ കിരീടം നേടുക തന്നെ വേണം. കഴിഞ്ഞ ലോകകപ്പിൽ  അർജൻറീന ഫേവറിറ്റുകൾ അല്ലാതിരുന്നിട്ടും ഫൈനൽ വരെ എത്തിയെങ്കിൽ ഇത്തവണയും തങ്ങളുടെ ടീം പൊളിക്കുമെന്നു ആരാധകർ നെഞ്ചിൽ കൈ വെച്ച് പറയുന്നത് ലയണൽ മെസ്സിയെന്ന അഭിനവ മറഡോണയെ വിശ്വസിച്ചു തന്നെയായാണ്.

നെയ്​മറിലാണ്​ ബ്രസീലി​​​​െൻറ പ്രതീക്ഷകൾ പൂത്തുലയുന്നത്​...
 

നാട്ടിൻ പുറത്തെ തുണിക്കടകളിലും ‘മെസ്സി’ എന്ന് എഴുതിയ വെള്ളയും നീലയും വരകളുള്ള കുപ്പായം വിറ്റു തീർന്നു കഴിഞ്ഞു. മെസ്സിയും ഡി മരിയയും അഗ്യൂറോയും ഹിഗ്വയ്‌നും ഡിബാലയും മുൻ നിരയിൽ മനോഹരങ്ങളായ പാസുകൾ കൊണ്ട് ആക്രമണം കടുപ്പിക്കുമെങ്കിലും കാലമേറെയായി തുടരുന്ന പ്രതിരോധപ്പിഴവുകൾ ഇത്തവണയും ഭീഷണിയാണ്.  കോച്ച് സാംപോളി  പഴുതടച്ചൊരു പ്രതിരോധമാണ് പടച്ചെടുത്തതെങ്കിൽ അതൊരു കളി തന്നെയായിരിക്കും. മെസ്സി നയിക്കുന്ന ആ ഘോഷയാത്രക്ക്‌ മലയാളി, ഹൃദയതാളം  കൊണ്ടുതന്നെ വാദ്യമൊരുക്കും.

Tags:    
News Summary - A tribute of a malayali argentina fan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.