ദേശീയ സ്കൂള്‍ കായികമേള: കണ്ണുതുറക്കണം കേരളം 

പുണെ: ദേശീയ സീനിയര്‍ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്‍െറ വിജയാഹ്ളാദത്തിനിടയിലും ബാക്കിയാവുന്നത് ആശങ്കകള്‍. പ്രതീക്ഷിച്ച സ്വര്‍ണ താരങ്ങള്‍ക്കൊന്നും ബാലെവാഡി ശിവ്ഛത്രപതി സ്റ്റേഡിയത്തില്‍ തിളങ്ങാനായില്ല. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തേഞ്ഞിപ്പലത്തു കണ്ട മികവുപോലും ബാലെവാഡിയിലെ ട്രാക്കിലും ഫീല്‍ഡിലും പ്രകടമായില്ല. പുണെയിലെ സംഘാടനവും കാലാവസ്ഥയും കേരളത്തിന് പ്രതികൂല ഘടകമായെങ്കിലും പരിശീലനത്തിലെ പിഴവുകളാണ് മുഴച്ചുനില്‍ക്കുന്നത്. 200 മീറ്ററില്‍ കേരളത്തിന്‍െറ പെണ്‍കുട്ടികള്‍ക്ക് ഇടം കണ്ടത്തൊനാകാതെ പോയതും 100 മീറ്ററില്‍ മെഡല്‍ നേടാനാകാഞ്ഞതും വീഴ്ചയാണ്. പെണ്‍കുട്ടികളുടെ ലോങ്ജംപിലും ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപിലും വെറുംകൈയോടെയാണ് മടക്കം. 

പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സി. ബബിതയുടെയും 5000ത്തില്‍ അനുമോള്‍ തമ്പിയുടെയും അവസരങ്ങള്‍ മത്സര സമയക്രമത്തിലെ പാളിച്ചയില്‍ പൊലിഞ്ഞുപോയി. ആദ്യ ദിനത്തില്‍ നട്ടുച്ചക്കായിരുന്നു 5000 മീറ്റര്‍ ഓട്ടം. രാവിലെയോ വൈകീട്ടോ നടത്തിയിരുന്ന മത്സരം പതിവുതെറ്റിച്ചാണ് ഉച്ചക്കാക്കിയത്. പരാതികളുയര്‍ന്നെങ്കിലും സംഘാടകര്‍ അത് ചെവിക്കൊണ്ടില്ല. ഏഴാം ലാപ് വരെ മുന്നിലായിരുന്ന അനുമോള്‍ തമ്പി കുഴഞ്ഞുവീഴുന്ന കാഴ്ച കേരള ക്യാമ്പിന്‍െറ നെഞ്ച് തകര്‍ത്തു. 1500, 3000 മീറ്ററുകളില്‍ സ്വര്‍ണം നേടിയെങ്കിലും 800 മീറ്റര്‍ ബബിതയെ കണ്ണീരിലാഴ്ത്തി. 1500, 3000 ഫൈനലുകളും 800ലെ ഹീറ്റ്സും ഒരേ ദിവസം.  

അതേസമയം, ബബിത നേരിട്ട അതേ പ്രതികൂലാവസ്ഥയെ മറികടന്നാണ് 400ലും 800ലും പി.ടി. ഉഷയുടെ ശിഷ്യ അബിത മേരി മാനുവല്‍ റെക്കോഡോടെ സ്വര്‍ണം നേടിയത്. ചെറു ഇടവേളകളില്‍ ഹീറ്റ്സും സെമിയും ഫൈനലും ഓടേണ്ടിവന്നിട്ടും റെക്കോഡ് നേട്ടം തന്നെയായിരുന്നു അബിതയുടെ ലക്ഷ്യം.പതിറ്റാണ്ടിലേറെയായി ആര്‍ക്കും തിരുത്താന്‍ കഴിയാതെപോയ വേഗമാണ് അബിത മറികടന്നത്. റിലേകളിലാണ് പരിശീലനത്തിന്‍െറ പിഴവ് മുഴച്ചുകണ്ടത്. 4x400 മീറ്ററില്‍ ഇരു വിഭാഗത്തിനും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 4x100ല്‍ ആണ്‍കുട്ടികള്‍ സ്വര്‍ണം വാരിയെങ്കിലും പെണ്‍കുട്ടികള്‍ക്ക് വെള്ളിയേ നേടാനായുള്ളൂ. ബാറ്റണ്‍ കൈമാറ്റത്തിലെ പിഴവാണ് റിലേയിലെ വില്ലന്‍. 4x100 പെണ്‍കുട്ടികളുടെ റിലേയില്‍ അവസാന ബാറ്റണ്‍ കൈമാറ്റംവരെ കേരളം ഏറെ മുന്നിലായിരുന്നു. ട്രാക്കില്‍ വെല്ലുവിളിയായി മഹാരാഷ്ട്രയും തമിഴ്നാടും കുതിക്കുന്നത് കേരളം കാണേണ്ടതുണ്ട്. 
പ്രതികൂലാവസ്ഥയിലും മേള അവസാനിക്കുമ്പോള്‍ പ്രതീക്ഷകളും നാമ്പിടുന്നു. 
Tags:    
News Summary - national school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.