മഞ്ഞയില്‍ പ്രതീക്ഷകള്‍ തളിര്‍ക്കുന്നു 

കൊച്ചി: ഒന്നൊന്നര വരവായിരുന്നു സി.കെ. വിനീതിന്‍േറത്. ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ മത്സരം. എ.എഫ്.സി കപ്പില്‍ ഫൈനല്‍ വരെ മുന്നേറിയ ബംഗളൂരു എഫ്.സിയുടെ വീരഗാഥകള്‍ക്കുശേഷം ചൊവ്വാഴ്ച കൊച്ചിയിലത്തെിയിട്ടേയുണ്ടായിരുന്നുള്ളൂ ഈ മിഡ്ഫീല്‍ഡര്‍. ഐ.എസ്.എല്‍ സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്പോര്‍ട്സിന്‍െറ ഫോട്ടോഷൂട്ടിനായി മുംബൈയിലായിരുന്നു വിനീതും സഹമലയാളി താരം റിനോ ആന്‍ോയും. മിടുക്കരായ മലയാളിതാരങ്ങളെ ഫോട്ടോഷൂട്ടിനായി കൊണ്ടുപോയതിന്‍െറ സങ്കടവും പരിഭവവും മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, ഇരുതാരങ്ങളും ചൊവ്വാഴ്ച തന്നെ ടീമിനൊപ്പം ചേരുമെന്നായിരുന്നു ബ്ളാസ്റ്റേഴ്സ് അധികൃതര്‍ പിന്നീട് അറിയിച്ചത്. ഉച്ചക്ക് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ വിനീതും റിനോയും ടീമിനൊപ്പം ചേരാന്‍ വെച്ചുപിടിക്കുകയായിരുന്നു. ബംഗളൂരു എഫ്.സി ക്യാമ്പിലായിരുന്ന വിനീതിന് ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യദിനം സന്തോഷത്തിന്‍േറതായി. 

നിശ്ചിത സമയം തീരാന്‍ 15 മിനിറ്റ് ശേഷിക്കേയായിരുന്നു ഈ കണ്ണൂരുകാരന്‍ മുഹമ്മദ് റഫീഖിന് പകരം കളത്തിലത്തെിയത്. 1-1 എന്ന നിലയില്‍ പോരാട്ടം കനത്തസമയമായിരുന്നു അത്. സഹതാരങ്ങളില്‍ പലരെയും പരിചയപ്പെടുകയോ ഒപ്പം പരിശീലിക്കുകയോ ചെയ്യാതെയാണ് താന്‍ ബൂട്ടുകെട്ടിയതെന്ന് വിനീത് പറയുന്നു. നിര്‍ണായക ഗോളടിക്കാന്‍ ഹെഡറിലൂടെ പാസ് നല്‍കിയ ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്ബര്‍ട്ടുമായി പരിചയപ്പെടാന്‍പോലും വിനീതിന് സമയമുണ്ടായിരുന്നില്ല. മുഹമ്മദ് റാഫിയുമായും സന്ദേശ് ജിങ്കാനുമായും മാത്രമാണ് സംസാരിക്കാന്‍ സമയം കിട്ടിയിരുന്നത്. എന്നാല്‍, വിജയത്തിലേക്ക് ഷോാട്ട് പായിക്കാന്‍ മനപ്പൊരുത്തം മതിയെന്ന് തെളിയിക്കുകയായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ പുതിയ ഹീറോ. 

ഗോവക്കെതിരായ ജയത്തോടെ 12 പോയന്‍റുമായി സെമിഫൈനല്‍ പ്രതീക്ഷകള്‍ ബ്ളാസ്റ്റേഴ്്സിന് മുന്നിലുണ്ട്. ഒന്നാം സീസണില്‍ അവസാന മത്സരങ്ങളിലെ കുതിപ്പോടെ സെമിയിലത്തെിയത് ആവര്‍ത്തിക്കാനാവുമെന്നാണ് കോച്ച് സ്റ്റീവ് കോപ്പലിന്‍െറ പ്രതീക്ഷ. പരിമിതമായ വിഭവങ്ങളുമായി മികച്ച സദ്യ ഒരുക്കാന്‍ ശ്രമിക്കുന്ന കോപ്പലിന്‍െറ പരിശീലനപാടവവും ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചുവരവില്‍ നിര്‍ണായകമാണ്. ഗോവക്കെതിരെ മഞ്ഞപ്പടയുടെ മികച്ച ഇലവനിനെയാണ് കോച്ച് പരീക്ഷിച്ചത്. ഗോവ ഒമ്പതാം മിനിറ്റില്‍ ഗോളടിച്ചെങ്കിലും കളിച്ചത് മുഴുവന്‍ ആതിഥേയരായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന ശീലം അവസാനിപ്പിക്കുമെന്ന കോച്ച് സീക്കോയുടെ പ്രഖ്യാപനം കളത്തില്‍ പ്രാവര്‍ത്തികവുമായില്ല. ഫറ്റോര്‍ഡയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയതിന്‍െറ തനിപ്പകര്‍പ്പായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങല്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചടി. ഒടുവില്‍ വിജയഗോളും. 

ആറ് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും വാങ്ങിയ  പരുക്കനടവാണ് ഗോവക്ക് തിരിച്ചടിയായത്. പതിവുപോലെ റഫറിക്കെതിരെയായിരുന്നു സീക്കോയുടെ കലിപ്പ് മുഴുവന്‍. മത്സരാനന്തര വാര്‍ത്താസമ്മേളനത്തില്‍ സീക്കോ അക്ഷരാര്‍ഥത്തില്‍ രക്തസമ്മര്‍ദം കൂടി പൊട്ടിത്തെറിച്ചു. ന്യൂസിലന്‍ഡുകാരന്‍ റഫറി നിക് വാല്‍ഡ്രോണിനെതിരായിരുന്നു ഇതിഹാസതാരത്തിന്‍െറ രോഷം മുഴുവന്‍. ഇറ്റലിയും സ്പെയിനും പോലെയുള്ള ടീമുകളുടെ മത്സരം നിയന്ത്രിച്ച് വാല്‍ഡ്രോണ്‍ കഴിവുതെളിയിക്കട്ടേയെന്ന് സീക്കോ പറഞ്ഞു. ന്യൂസിലന്‍ഡിന്‍െറ ജൂനിയര്‍ ടീമില്‍ കളിക്കവേ ഗുരുതര പരിക്കേറ്റ വാല്‍ഡ്രോണ്‍ പിന്നീട് റഫറിയായി കഴിവുതെളിയിച്ച കാര്യം സീക്കോക്ക് അറിയാനിടയില്ല. ഈ സീസണിനുശേഷം സീക്കോ ഐ.എസ്.എല്ലിനോട് വിടപറയുമെന്നാണ് സൂചന. സീക്കോയുടെ പരിഭവങ്ങള്‍ക്ക് മീതെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ വിജയനേട്ടം. ഈ മാസം 12ന് ചെന്നൈയിന്‍ എഫ്.സിയെ തോല്‍പിക്കാന്‍ കൊച്ചിയില്‍ കാത്തിരിക്കുകയാണ് കോപ്പലും കുട്ടികളും.
Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.