ദേശീയ സീനിയര്‍ വോളി കിരീടത്തിലൂടെ കേരളം വീണ്ടും പഴയ പ്രതാപത്തിലേക്ക്

കോഴിക്കോട്: ഇന്ത്യന്‍ വോളിബാളില്‍ മലയാളിക്കരുത്ത് എന്നും ആവേശമായിരുന്നെങ്കിലും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ ടീമിന്‍െറ നേട്ടങ്ങള്‍ക്ക് വലുപ്പമേറെയില്ല. ജിമ്മിജോര്‍ജും സിറില്‍ സി. വെള്ളൂരും ഉദയകുമാറും ഗോപിനാഥുമെല്ലാം തിളങ്ങിനിന്ന 80കളുടെ ആദ്യ പകുതിയില്‍പ്പോലും കിരീടം കിട്ടാക്കനിയായി.  റെയില്‍വേയും സര്‍വിസസും പോലെയുള്ള ഡിപ്പാര്‍ട്മെന്‍റല്‍ ടീമുകള്‍ മലയാളികളുടെ ‘ലിഫ്റ്റില്‍’ കിരീടത്തിലേക്ക് സ്മാഷുതിര്‍ക്കുന്നതായിരുന്നു പതിവ്. 1997ല്‍ വിശാഖപട്ടണത്ത് ബി. അനിലിന്‍െറ നായകത്വത്തിന്‍ കീഴിലാണ് കേരളപുരുഷന്മാര്‍ കന്നിക്കിരീടം ചൂടിയത്. 2000ത്തില്‍ കോഴിക്കോട് സ്വപ്നനഗരിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മുളഗാലറിയില്‍ തടിച്ചുകൂടിയ മലബാറിലെ വോളിപ്രേമികളെ സാക്ഷിയാക്കി രണ്ടാം കിരീടം നേടുമ്പോള്‍ ബിജു വി. തോമസായിരുന്നു നായകന്‍.  2012ല്‍ റായ്പൂരില്‍ ഷാംജി കെ. തോമസിന്‍െറയും 13ല്‍ വൈ. മനുവിന്‍െറ കീഴില്‍ ജയ്പൂരില്‍വെച്ചും ജേതാക്കളായ ശേഷം ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് കെ.എസ്. രതീഷും കൂട്ടരും. പലവട്ടം തലവെച്ചുകൊടുത്ത തീവണ്ടിപ്പടയെ മറിച്ചിട്ടുള്ള ഈ ജയത്തിന് മധുരമേറെയാണ്. 

കേരളത്തിന്‍െറ എന്‍ജിന്‍; ബി.പി.സി.എല്ലിന്‍െറ ഇന്ധനം
മികച്ച ജോലി തേടി വോളിബാള്‍ പ്രതിഭകള്‍ റെയില്‍വേയിലും സര്‍വിസസിലും വിവിധ ബാങ്ക് ടീമുകളിലും ചേക്കേറിയിരുന്ന പഴയ കാലമല്ലിത്. ബി.പി.സി.എല്‍ ആയി പേരുമാറ്റിയ കൊച്ചിന്‍ റിഫൈനറി വര്‍ഷങ്ങളായി മിന്നുംതാരങ്ങളെ പോറ്റിവളര്‍ത്തുകയാണ്. ടോം ജോസഫും ആര്‍. രാജീവുമടക്കമുള്ള അന്താരാഷ്ട്ര താരങ്ങള്‍ നിറഞ്ഞുനിന്ന ബി.പി.സി.എല്ലാണ് ഇത്തവണയും കേരള പുരുഷടീമിന് ്ഇന്ധനമായത്. ആകെയുള്ള 12ല്‍ എട്ടും എണ്ണക്കമ്പനിയുടെ താരങ്ങളായതിനാല്‍ ടീം എണ്ണയിട്ട യന്ത്രംപോലെ കളിച്ചു. കേരളത്തിനായി അവസാന ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ഇ.കെ. കിഷോര്‍ കുമാര്‍, പ്ളെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട് പുതുകോട്ടൈ സ്വദേശി ജെറോം വിനീത്, തമിഴ്നാട്ടുകാരന്‍ തന്നെയായ യുവതാരം മുത്തുസ്വാമി, അജിത് ലാല്‍, വിബിന്‍ എം. ജോര്‍ജ്, രോഹിത്, അഖിന്‍, ജിതിന്‍ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്ന ബി.പി.സി.എല്‍ താരങ്ങള്‍. 
സെറ്റര്‍ റോളില്‍ പകരക്കാരനായത്തെിയ മുത്തുസ്വാമിയുടെ മികവ് പലപ്പോഴും കേരളത്തിന് തുണയായിരുന്നു. ടോം ജോസഫ് ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് ജെറോം വിനീത് എന്ന ബാക്ക്ലൈന്‍ അറ്റാക്കര്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. മൂന്നുദിവസം മാത്രമാണ് ക്യാമ്പ് നടത്തിയതെങ്കിലും കേരള പൊലീസിലും കെ.എസ്.ഇ.ബിയിലും കളിക്കുന്ന മറ്റ് കേരളതാരങ്ങളുമായി ഇഴുകിച്ചേര്‍ന്നതും കിരീടനേട്ടത്തില്‍ തുണയായി. 
 
കോച്ച് അബ്ദുല്‍ നാസര്‍
 


നാസറിനും അഭിമാനനിമിഷം
കഴിഞ്ഞവര്‍ഷം കൈവിട്ട കിരീടം പിടിച്ചെടുക്കുമ്പോള്‍ കോച്ച് അബ്ദുല്‍ നാസറിനും അഭിമാന നിമിഷമാണിത്. ബംഗളൂരുവില്‍ ടൈബ്രേക്കര്‍ സെറ്റില്‍ 14-16ന് കീഴടങ്ങിയതിന്‍െറ സങ്കടം തീര്‍ത്ത പ്രകടനമാണിതെന്ന് കഴിഞ്ഞ വര്‍ഷവും പരിശീലകസ്ഥാനത്തുണ്ടായിരുന്ന നാസര്‍ പറയുന്നു. മികച്ച താരങ്ങളും ടീമിലെ ഒത്തൊരുമയുമാണ് വിജയത്തിനുപിന്നിലെ പ്രധാനഘടകമെന്ന് കോച്ചും കളിക്കാരും ഒരേ സ്വരത്തില്‍ പറയുന്നു. ടീമിലെ മുതിര്‍ന്ന താരവും ഇളമുറക്കാരനും ഒരേ ലക്ഷ്യത്തിനായി പൊരുതുകയായിരുന്നു. കളിക്കാരുടെ അഭിപ്രായങ്ങള്‍ക്ക് കോച്ച് നാസര്‍ വിലകല്‍പിച്ചതും തുണയായി. 
കോഴിക്കോട് നാദാപുരത്തിനടുത്ത് ചെറുമോത്ത് സ്വദേശിയായ നാസര്‍ 93 മുതല്‍ നാലുവര്‍ഷം കേരള ടീമിനായി കളത്തിലിറങ്ങിയിരുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ കോച്ചും സീനിയര്‍ അക്കൗണ്ടന്‍റുമാണ്. ദേശീയ ഗെയിംസില്‍ കേരളത്തെ പരിശീലിപ്പിച്ച ഇദ്ദേഹം 2014ല്‍ വിയറ്റ്നാമില്‍ നടന്ന എ.വി.സി കപ്പില്‍ ഇന്ത്യന്‍ ടീമിന്‍െറ സഹപരിശീലകനുമായിരുന്നു. ജേതാക്കളായതിന്‍െറ നേട്ടത്തിനിടയിലും ടീമിലെ ലിബറോയായ സി.കെ. രതീഷ് ജോലിക്കായി കാത്തിരിക്കുന്നതിന്‍െറ സങ്കടമുണ്ട് കോച്ചിനും സഹതാരങ്ങള്‍ക്കും. സംസ്ഥാന സര്‍ക്കാറിലാണ് ഇനിയുള്ള പ്രതീക്ഷ. വിജയകിരീടവുമായി ചെന്നൈയില്‍നിന്ന് ഞായറാഴ്ച പാലക്കാട് ട്രെയിനിറങ്ങുന്ന ടീം പിന്നീട് കോഴിക്കോട്ടത്തെും. കോഴിക്കോട്ട് സ്വീകരണമൊരുക്കുന്നുണ്ട്.
Tags:    
News Summary - indian volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.