സാരിയുടെയല്ല, ചെൽസിയുടെ ജോർജീഞ്ഞോ...

2018-19 സീസൺ ജോർജീഞ്ഞോ അഥവാ ജോർജ് ലൂയിസ് ഫ്രെല്ലോ ഫിലോ എന്ന ബ്രസീലിയൻ ഇറ്റാലിയൻ മിഡ്ഫീൽഡർക്ക് ഒരു അഗ്‌നിപരീക്ഷ തന്നെയായിരുന്നു, എല്ലാ അർഥത്തിലും. വേഗതയേറിയ, അത്യന്തം ഫിസിക്കൽ ആയ പ്രീമിയർ ലീഗ് ഒരു ഡീപ്പ് ലയിങ് മിഡ്ഫീൽഡർക്ക് അത്ര നല്ല സ്ഥലമല്ല. പ്രത്യേകിച്ചും പ്രതിരോധാത്മക ഫുട്‌ബാളിൽ നിന്നും പൊസഷനിൽ അധിഷ്ഠിതമായ പാസിങ് ഗെയിമിലേക്ക് കൂടുമാറാൻ ശ്രമിക്കുന്ന ഒരു ടീമിൽ. ചെൽസിയിൽ നന്നായി കളിച്ചപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അയാൾ ആരാധകരുടെ രോഷത്തിന് പാത്രമായി. മുൻ പരിശീലകൻ മൗറീസിയോ സാരിയുടെ ദത്തുപുത്രൻ. ഡിഫൻസീവ് ലയബിലിറ്റി. 2000ൽ പരം പാസുകളിൽ നിന്നും പൂജ്യം അസിസ്റ്റ്. ഗോളടിക്കാനറിയല്ല. ഫാബ്രിഗാസിനെ പോലെ ലോങ് ബോളുകൾ കൊടുക്കാനുള്ള കഴിവില്ല, അതിനുള്ള വിഷൻ ഇല്ല. വശങ്ങളിലേക്ക് പാസ് ചെയ്യാൻ മാത്രമറിയുന്ന, സാരിയുടെ സിസ്റ്റത്തിൽ മാത്രം കളിപ്പിക്കാൻ പറ്റുന്ന, അതിൽ പോലും ശോഭിക്കാത്ത തീരാ ബാധ്യത. അയാൾ കേട്ട പഴികൾക്ക് കയ്യും കണക്കുമില്ലായിരുന്നു. പക്ഷെ ജോർജീഞ്ഞോ എന്ന കുറിയ മനുഷ്യന് മറുപടിയായി പറയാൻ അധികമൊന്നും ഇല്ലായിരുന്നു. 'ആരാധകർക്ക് അവരുടെ അഭിപ്രായമുണ്ടാവും. എനിക്ക് എന്‍റേതും. എന്‍റെ കഴിവുകളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്തുകൊണ്ട് ഞാനിവിടെ വന്നു എന്ന് ഞാൻ ഒരു ദിവസം എല്ലാവർക്കും മുൻപിൽ തെളിയിക്കും. ഞാൻ സാരിയുടെ ജോർജീഞ്ഞോ അല്ല, ചെൽസിയുടെ ജോർജീഞ്ഞോ ആണ്. അങ്ങനെ അറിയപ്പെടാനാണെനിക്കിഷ്ടം'. അയാൾ ശാന്തനായി, സമചിത്തതയോടെ മൊഴിഞ്ഞു.

മാസങ്ങൾക്കിപ്പുറം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അതേ ആരാധകരെക്കൊണ്ട് തന്‍റെ പേര് ഉറക്കെച്ചൊല്ലിക്കുമ്പോഴും അയാൾക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചെൽസിയിൽ ഏറ്റവും കൂടുതൽ അധ്വാനിക്കുന്നത്, ദൂരം താണ്ടുന്നത് അയാളാണെന്ന് ഇപ്പോഴാണ് ആരാധകരുടെ കണ്ണിൽപെട്ടതെന്ന് മാത്രം. ആദ്യ അസിസ്റ്റ് നേടാനായത് ഇപ്പോഴാണെങ്കിലും, കഴിഞ്ഞ സീസണിൽ നിർഭാഗ്യം കൊണ്ടോ മുൻനിര താരങ്ങളുടെ കഴിവുകേട് കൊണ്ടോ അയാൾക്ക് നഷ്ടമായ അസിസ്റ്റുകൾ നമ്മൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഏറ്റവും ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ മധ്യനിരയിലോ സ്വന്തം ബോക്സിനടുത്തോ പന്ത് സ്വീകരിച്ച്, എതിരാളികളെ തന്നിലേക്ക് ആകർഷിച്ച്, മറ്റുള്ളവർക്ക് സ്‌പേസ് സൃഷ്ടിക്കുക എന്ന വളരെ അപകടം പിടിച്ച, എന്നാൽ ഒറ്റക്കാഴ്ചയിൽ അദൃശ്യമായ ജോലി അയാൾ ഭംഗിയായിത്തന്നെ നിർവഹിക്കുന്നുണ്ടായിരുന്നു. ടൈറ്റ് ആയി മാർക്ക് ചെയ്യപ്പെടുമ്പോൾ പോലും ചുറ്റുമുള്ള കളിക്കാരെ ഏകോപിപ്പിച്ച് കളിപ്പിക്കാനും, അവർക്ക് നിർദേശങ്ങൾ കൊടുക്കാനുമൊക്കെയുള്ള നേതൃപാടവം അയാൾക്കന്യമല്ലായിരുന്നു. ജോർജീഞ്ഞോ പിഴവുകൾ വരുത്തിയില്ലായിരുന്നു എന്നല്ല. ഈ സീസണിൽ അയാളുടെ പെർഫോമൻസ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് നിഷേധിക്കുകയുമല്ല. പക്ഷെ അയാൾ കേട്ട പഴികളിലധികവും മറ്റാരോടൊക്കെയോ, മറ്റെന്തിനോടൊക്കെയോ ഉള്ള നമ്മുടെ ഫ്രസ്ട്രേഷൻ ആയിരുന്നു.


ഈ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആരെന്നതിന് ജോർജീഞ്ഞോക്ക് കാര്യമായ എതിരാളികളില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചു നിൽക്കുന്ന താരം സ്ഥിതിവിവരക്കണക്കുകളിൽ ബഹുദൂരം മുന്നിൽ നിൽക്കുകയാണ്. മാറിയ കൂട്ടാളികളും മാറിയ അന്തരീക്ഷവുമൊക്കെ അയാളെ സഹായിച്ചിട്ടുണ്ടെങ്കിലും ഇനിയും അയാളിലെ പ്രതിഭ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതേ പ്രകടനം തുടരുകയാണെങ്കിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു ജോർജീഞ്ഞോ ബാനർ ഉയരുന്ന സമയവും വിദൂരമല്ല. പരിശീലകൻ ഫ്രാങ്ക് ലാംപാർഡിനും കാര്യമായ എതിരഭിപ്രായമില്ലെന്ന് വേണം കരുതാൻ. കാരണം നമ്മുടെ പുതിയ വൈസ് ക്യാപ്റ്റൻ മറ്റാരുമല്ല. ക്യാപ്റ്റന്‍റെ ആം ബാൻഡിലേക്കുള്ള ചെറിയൊരു ചവിട്ടുപടി മാത്രമാണത്...

Tags:    
News Summary - Chelsea's Jorginho -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.