ശ്രീജേഷ് ഹാപ്പിയാണ്

റിയോ ഡെ ജനീറോ: ചൊവ്വാഴ്ച അര്‍ജന്‍റീനയെ തോല്‍പിച്ച ശേഷം ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ എറണാകുളം പള്ളിക്കരക്കാരന്‍ ശ്രീജേഷ് രവീന്ദ്രന്‍ ഏറെ സന്തോഷത്തോടെയാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. അനിവാര്യമായ വിജയം ശ്രീജേഷിന്‍െറയും ടീമിന്‍െറയും ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു. വ്യാഴാഴ്ച ശക്തരായ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ മുഖ്യ അനുകൂലഘടകവും ഈ ഉണര്‍വ് തന്നെ.ആരെയും തോല്‍പിക്കാനാവും എന്നൊരു ഊര്‍ജം തങ്ങള്‍ക്ക് ഇപ്പോഴുണ്ടെന്ന് ശ്രീജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘മൂന്നു മത്സരത്തില്‍ രണ്ടെണ്ണം ജയിച്ചു. ക്വാര്‍ട്ടറിലേക്ക് സാധ്യത തെളിയുന്നുണ്ട്. എന്നാലും നെതര്‍ലന്‍ഡ്സിനോടും കാനഡയോടുമുള്ള കളി പ്രധാനമാണ്. ബി പൂളില്‍ എത്ര മുന്നില്‍ ഫിനിഷ് ചെയ്യുന്നുവോ അത്ര എളുപ്പമായിരിക്കും ക്വാര്‍ട്ടര്‍ മത്സരം. അതുകൊണ്ട് രണ്ടും ജയിക്കണം’ -ശ്രീജേഷ് സ്വയം ഉറപ്പിക്കുന്നു.

ഓരോ കളി കഴിയുന്തോറും ടീം മെച്ചപ്പെട്ടുവരുന്നുണ്ട്. ഏതു സാഹചര്യവും സമ്മര്‍ദവും അതിജീവിക്കാന്‍ സാധിക്കുന്നു. അയര്‍ലന്‍ഡിനോടുള്ള ആദ്യത്തെ മത്സരം കടുത്തതായിരുന്നു. എങ്കിലും ജയിക്കാനായി. രണ്ടാമത്തെ കളിയില്‍ ജര്‍മനിയോട് നമ്മുടെ തന്ത്രങ്ങളും ഗെയിം പ്ളാനുമെല്ലാം മികച്ചതായിരുന്നു. പക്ഷേ, ഫലം പ്രതികൂലമായി. മൂന്നാമത്തെ കളിയില്‍ അര്‍ജന്‍റീനക്കെതിരെ കളിയും നന്നായി ഫലവും നന്നായി. അവസാനത്തെ 15 മിനിറ്റ് കടുത്തത് തന്നെയായിരുന്നു. രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷം ഒരു ഗോള്‍ വഴങ്ങി. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി അര്‍ജന്‍റീന കടുത്ത സമ്മര്‍ദമാണ് ചെലുത്തിയത്. അതിനെ ചെറുക്കാനായി എന്നത് പ്രധാനമാണ്. പ്രതിരോധക്കാര്‍ നന്നായി പണിയെടുത്തു. അഞ്ചു പെനാല്‍റ്റി കോര്‍ണറാണ് അവസാന ക്വാര്‍ട്ടറില്‍ മാത്രം അവര്‍ നിര്‍വീര്യമാക്കിയത് -ശ്രീജേഷ് വിലയിരുത്തുന്നു.

ശ്രീജേഷിന്‍െറ മികച്ച ഫോമിലാണ് ടീമിന്‍െറ പ്രതീക്ഷ. ചൊവ്വാഴ്ച ഉറപ്പെന്ന് കരുതിയ അഞ്ചു ഗോളുകളാണ് ശ്രീജേഷ് തട്ടിമാറ്റിയത്. ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിശ്രമമനുവദിച്ച മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങും രുപീന്ദര്‍ പാല്‍ സിങ്ങും കൂടുതല്‍ ആക്രമണോത്സുകത കാട്ടുന്നതും ടീമിന് ഊര്‍ജം പകരുന്നു. വലതുവിങ്ങില്‍ രമണ്‍ദീപ് സിങ്ങിന്‍െറ നേതൃത്വത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം കരുപ്പിടിപ്പിക്കുന്നത്. വ്യാഴാഴ്ച നെതര്‍ലന്‍ഡ്സിനെതിരെയും വെള്ളിയാഴ്ച കാനഡക്കെതിരെയും ഇവരെല്ലാം തിളങ്ങിയാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ എളുപ്പമാകും. ഗ്രൂപ് ബിയില്‍ എല്ലാ ടീമുകളും മൂന്നു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ജര്‍മനിയും നെതര്‍ലന്‍ഡ്സും ക്വാര്‍ട്ടറില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇന്ത്യ ആറു പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. ആറു ടീമുകളുള്ള രണ്ടു പൂളില്‍നിന്ന് നാലുവീതം ടീമുകളാണ് ക്വാര്‍ട്ടറിലത്തെുക.

പോയന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ വന്നാല്‍ ക്വാര്‍ട്ടറില്‍ ശക്തന്മാരെ ഒഴിവാക്കാം. നാലാം സ്ഥാനത്തായാല്‍ ക്വാര്‍ട്ടറില്‍ മറ്റേ ഗ്രൂപ്പിലെ ജേതാക്കളെയാണ് നേരിടേണ്ടിവരുക. മൂന്നാമതത്തെിയാല്‍ മറ്റേ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരിക്കും ക്വാര്‍ട്ടറില്‍ എതിരാളികള്‍. ഗ്രൂപ് എയില്‍നിന്ന് ബെല്‍ജിയവും സ്പെയിനും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഇരു ടീമുകളും കളിച്ച മൂന്നും ജയിച്ചു. ഇവരെ ക്വാര്‍ട്ടറില്‍ ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.