വിനോദയാത്രയല്ല, ഇന്ത്യക്ക്

റിയോ : അവസാനനിമിഷം രണ്ടുപേര്‍ ഉത്തേജക മരുന്നടിച്ചതിന് പിടിയിലായെങ്കിലും എല്ലാംമറന്ന്  ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് റിയോയിലത്തെിയത്. വെറുമൊരു വിനോദയാത്രയല്ല ഇന്ത്യക്കിത്. മെഡല്‍ നേടാനുറച്ച് തന്നെയാണ് വരവ്. ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം ഇരട്ട അക്കത്തിലത്തെിക്കുമെന്നാണ് പ്രതീക്ഷ. 118 താരങ്ങളാണ് റിയോയിലത്തെിയത്. സ്പ്രിന്‍റര്‍ ധരംബീര്‍ സിങ്ങും ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങും മരുന്നടിക്ക് പിടിയിലായതോടെയാണ് അംഗബലം കുറഞ്ഞത്. ഗുസ്തി താരം നര്‍സിങ് യാദവ് അവസാനനിമിഷം മരുന്നടി ആരോപണത്തില്‍നിന്ന് മോചിതനായി അഗ്നിശുദ്ധി തെളിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച മാര്‍ച്ച്പാസ്റ്റില്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ പതാകയേന്തുന്നത്.

ഷൂട്ടിങ്ങിലാണ് ഇന്ത്യന്‍ പ്രതീക്ഷകളേറെയും. ശനിയാഴ്ച 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തുറായ് മെഡല്‍ നേടുമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്‍െറ കണക്കുകൂട്ടല്‍. ഈ നേപ്പാള്‍ വംശജന്‍ ആള് പുലിയാണ്. 50 മീറ്റര്‍ എയര്‍പിസ്റ്റളിലും പത്ത് മീറ്ററിലും ലോകറാങ്കിങ്ങില്‍ മൂന്നാമനാണ് ജിത്തു. ലോകകപ്പില്‍ സ്വര്‍ണം നേടിയാണ് വരവ്. ഇതുവരെ രണ്ടു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ഈ 28കാരന്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍നിന്ന് നേടിയത്.
ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. നിലവിലെ ഫോമില്‍ ജിത്തുറായ് വെടിയുതിര്‍ത്താല്‍ അഭിനവ് ബിന്ദ്രയുടെ പിന്‍ഗാമിയായി സ്വര്‍ണജേതാക്കളുടെ പട്ടികയിലുണ്ടാകും. ഏതായാലും മെഡല്‍ പട്ടികയിലുണ്ടാകുമെന്നാണ് ഷൂട്ടിങ് പരിശീലകര്‍ പറയുന്നത്.
12 അംഗ സംഘമാണ് പതക്കത്തിലേക്ക് ഉന്നംവെച്ച് റിയോയിലേക്കത്തെിയത്. അഞ്ചാം ഒളിമ്പിക്സിനത്തെുന്ന ബിന്ദ്രക്ക് ഒരങ്കത്തിനുകൂടി ബാല്യമുണ്ട്. ഒരു മെഡല്‍ കൂടി നേടി കരിയറവസാനിപ്പിക്കാനാണ് ബിന്ദ്രക്ക് ആഗ്രഹം. നാലാം ഒളിമ്പിക്സിനത്തെിയ ഗഗന്‍ നരംഗ് മൂന്നിനങ്ങളില്‍ മത്സരിക്കും. വനിതാരത്നങ്ങളായ ഹീന സിധു, അയോണിക പോള്‍, അപൂര്‍വി ചന്ദേല എന്നിവരും മിടുക്കികളാണ്.

ഉത്തേജക കൊടുങ്കാറ്റ് അതിജീവിച്ചത്തെിയ നര്‍സിങ് യാദവ് ഗുസ്തിയില്‍ 74 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ മെഡല്‍ നേടുമെന്നായിരുന്ന ഇന്ത്യന്‍ ക്യാമ്പ് കണക്കുകൂട്ടിയിരുന്നത്. പുതിയ സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, ബബിത കുമാരി, സാക്ഷി മാലിക് എന്നിവര്‍ മെയ്ക്കരുത്തുമായി ഗോദയിലിറങ്ങും. ബോക്സിങ് റിങ്ങില്‍ മൂന്നുപേര്‍ മുഷ്ടിചുരുട്ടും. 56 കിലോയില്‍ ശിവ താപ്പയും 75 കിലോയില്‍ വികാസ് ക്രിഷനുമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലനേട്ടമുള്ള ഇരുവരും ലോക റാങ്കിങ്ങില്‍ ആറാമതാണ്. 2010 കോമണ്‍വെല്‍ത്തില്‍ ജേതാവായ മനോജ് കുമാര്‍ ഏറെ പരിചയസമ്പന്നനാണ്. 64 കിലോയിലാണ് മനോജ് ഇറങ്ങുന്നത്. കഴിഞ്ഞതവണ തികച്ചും നിരാശപ്പെടുത്തിയ അമ്പെയ്ത്ത് സംഘം മൂന്നാഴ്ച മുമ്പേ റിയോയിലത്തെി പരിശീലനത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.