അസൗകര്യത്തിന്‍െറ മഹാമേളകള്‍

ജില്ലാ മേളകള്‍ നടത്താന്‍പോലും സൗകര്യമില്ലാത്ത ജില്ലകളുടെ എണ്ണം രണ്ടക്കം കടക്കും. പത്തിലധികം ജില്ലകളിലും സിന്തറ്റിക് ട്രാക്കില്ല. സിന്തറ്റിക് ട്രാക്കും നിലവാരമുള്ള ജംപിങ് ബെഡും മുളയല്ലാത്ത പോളുമൊക്കെ മിക്ക കുട്ടികളും കാണുന്നത് സംസ്ഥാന മീറ്റില്‍ പങ്കെടുക്കുമ്പോഴാണ്. യോഗ്യത നേടാനാവത്തവര്‍ക്ക് അതിനും ഭാഗ്യമില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ മൈതാനങ്ങള്‍ വിട്ടുനല്‍കാന്‍ അധികൃതര്‍ക്ക് താല്‍പര്യം കുറവാണ്.

ഇനിയും ട്രാക്കിലാവാതെ
400 മീറ്റര്‍ ട്രാക്കില്ലാത്ത ജില്ലകളാണ് പകുതിയിലേറെയും. ആലപ്പുഴ ജില്ലയില്‍ മീറ്റ് നടത്താനുതകുന്ന പൊതു മൈതാനമില്ല. ചേര്‍ത്തലയിലെ കോളജ് മൈതാനം വാടകകൊടുത്ത് ഉപയോഗിക്കുകയാണ്. ഇടുക്കിയില്‍ ആകെയുണ്ടായിരുന്ന മുട്ടത്തെ 400 മീറ്റര്‍ ട്രാക്ക് കേടുവന്നു. മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയ്നിങ് സെന്‍ററിന്‍െറ സ്ഥിതി ശോചനീയം. തൃശൂരില്‍ ഇപ്പോഴും ഉപയോഗിക്കുന്നത് പഴകിദ്രവിച്ച ഹൈജംപ് ബെഡാണ്. പോള്‍വാള്‍ട്ട് ബെഡില്ലാത്തതിനാല്‍ ജില്ലാ കായികമേളക്കിടെ വിദ്യാര്‍ഥിക്ക് വീണ് പരിക്കുപറ്റി.
സംസ്ഥാനതലത്തില്‍ വര്‍ഷങ്ങളായി രണ്ടാം സ്ഥാനം കൈയാളുന്ന ജില്ലയാണ് പാലക്കാട്. ഇവിടെ പോള്‍വാള്‍ട്ടിനോ ജംപിങ്ങിനോ ബെഡ് ഇല്ല. തിരുവല്ലയില്‍ തീരുമാനിച്ച ജില്ലാ മീറ്റ് അവസാനനിമിഷം പത്തനംതിട്ടയിലേക്ക് മാറ്റിയത് ഗ്രൗണ്ടിന്‍െറ ദയനീയാവസ്ഥ മൂലമായിരുന്നു. സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനത്തുവരെ എത്തിയിട്ടുണ്ട് വയനാട്. ഇവിടെ 75 ശതമാനം കുട്ടികള്‍ക്കും സ്പൈക്കില്ല. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളേറെയുണ്ട് ഈ രംഗത്ത്. 
കാസര്‍കോട് അടക്കമുള്ള ജില്ലകളുടെ കാര്യവും മറിച്ചല്ല. ജില്ലയിലെവിടെയും 400 മീറ്റര്‍ ട്രാക്കി ല്ളെന്ന് മാത്രമല്ല, ഭൂരിഭാഗം പേരും നഗ്നപാദരായാണ് ഓടുന്നത്. ഒരു ഹര്‍ഡ്ല്‍വെച്ച് ടൈം ട്രയലായിരുന്നു നടത്തിവന്നത്. ഇക്കുറി സ്കൂളുകളിലേത് പെറുക്കിക്കൊണ്ടുവന്നു. ഹര്‍ഡ്ല്‍സ് മിക്ക ജില്ലകളിലും ടൈ ട്രയലാണ്. ഹാമ്മര്‍ ത്രോ അധികവും തുടങ്ങുന്നത് ജില്ലാതലം തൊട്ട്. ഉപകരണമില്ലായ്മതന്നെയാണ് പ്രശ്നം. മുളയുടെ പോളൊടിഞ്ഞ് താരങ്ങള്‍ വീണ് പരിക്കേറ്റ സംഭവങ്ങള്‍ സംസ്ഥാന മേളകളില്‍പോലുമുണ്ടായി.

കാലുറപ്പിക്കുന്ന  സ്വാശ്രയക്കാര്‍
ഒരുകാലത്ത് കായിക കേരളത്തിന്‍െറ മേല്‍വിലാസമായിരുന്നു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കണ്ണൂര്‍ വനിതാ സ്പോര്‍ട്സ് സ്കൂള്‍. പി.ടി ഉഷ, ബോബി അലോഷ്യസ്, എം.ഡി. വത്സമ്മ തുടങ്ങി ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത ഈ കായിക വിദ്യാലയം അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ കിതക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോഡുകള്‍ ഇപ്പോഴും ഇവിടത്തെ താരങ്ങളുടെ പേരില്‍ ചരിത്രപുസ്തകത്തിലുണ്ട്. എന്നാലിപ്പോള്‍, മെഡല്‍ പട്ടികയിലെവിടെയും സ്കൂളിലെ അത്ലറ്റുകളുടെ പേരില്ല.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം വാരിക്കൂട്ടുന്ന കണ്ണൂര്‍ക്കാര്‍ ധാരാളമുണ്ട്. കഴിഞ്ഞ മീറ്റിലെ ഒന്നാം നമ്പര്‍ താരം ജിസ്ന മാത്യൂ കണ്ണൂര്‍ക്കാരിയാണ്. പക്ഷേ, കോഴിക്കോട് ഉഷ സ്കൂളിന്‍െറ താരമായി. സൗകര്യങ്ങളില്ലാത്തതുമൂലം അത്ലറ്റുകളെ നഷ്ടപ്പെടുന്ന ജില്ലകള്‍ വേറെയുമുണ്ട്. സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ കാര്യംപോലും കട്ടപ്പുകയായിരിക്കുന്നു. വയനാട് കല്‍പറ്റ സ്പോര്‍ട്സ് ഹോസ്റ്റലിന് ഇക്കുറിയൊരു മെഡലുമില്ല. ജില്ലക്ക് ആകെ കിട്ടിയ ഏഴ് പോയന്‍റ് സര്‍ക്കാര്‍ സ്കൂളിന്‍െറ വക.
സര്‍ക്കാര്‍ സ്കൂളുകളിലെ അസൗകര്യങ്ങള്‍ മുതലെടുക്കാന്‍ സ്വാശ്രയ സ്കൂളുകള്‍ രംഗത്തത്തെിയിട്ടുണ്ടെന്നതാണ് മറ്റൊരു വാര്‍ത്ത. ഇക്കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ആദ്യ പത്തിലത്തെിയ സ്കൂളുകളില്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ അവരുടെ ഭാവിയോര്‍ത്ത് ഇത്തരം സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നു. അവിടെ മികച്ച പരിശീലനം നേടി മെഡലുകള്‍ കൊയ്യുന്നു. കുട്ടികള്‍ക്ക് മെച്ചം, സ്വാശ്രയക്കാര്‍ക്കും.
മലപ്പുറം ജില്ലയിലിപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ ചിത്രത്തില്‍ പോലുമില്ല. കഴിഞ്ഞ ജില്ലാ മീറ്റില്‍ ഈ ഗണത്തില്‍പ്പെട്ട ഒരു സ്ഥാപനത്തിനും പോയന്‍റില്‍ മൂന്നക്കം കടക്കാനായില്ല. ഒരുകാലത്ത് ജില്ലവാണ തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസിന് കീഴിലെ സ്പോര്‍ട്സ് അക്കാദമി ഇതിനകം പ്രവര്‍ത്തനം നിലച്ചു. ജില്ലാ പഞ്ചായത്താണ് ഇവര്‍ക്ക് ഫണ്ട് നല്‍കിയിരുന്നത്. ഇവിടത്തെ താരങ്ങള്‍ ഇതോടെ മറ്റു സ്ഥാപനങ്ങളിലേക്ക് പോയി. കൊല്ലത്ത് ജില്ലാ പഞ്ചായത്തിന്‍െറ മുന്നേറ്റം പദ്ധതി ഉണ്ടായിരുന്നു. ജനറല്‍ ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ അവധിക്കാല പരിശീലനമായിരുന്നു മുഖ്യം. ഇതും കഴിഞ്ഞവര്‍ഷം നിര്‍ത്തലാക്കി.

തുമ്പിയെക്കൊണ്ട് കല്ളെടുപ്പിക്കേണ്ട
സ്കൂള്‍ മീറ്റ് കലണ്ടര്‍ പുന$ക്രമീകരണമെന്ന് കായികാധ്യാപകരും താരങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഉപജില്ലാ ഗെയിംസ്. ഒക്ടോബറില്‍ ജില്ലാ ഗെയിംസും സോണല്‍ ഗെയിംസും. നവംബറില്‍ മൂന്ന് ഗ്രൂപ്പുകളിലായി സംസ്ഥാന ഗെയിംസും. ഇതേമാസംതന്നെ ഉപജില്ലാ, ജില്ലാ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങും. 
ഡിസംബറില്‍ സംസ്ഥാന സ്കൂള്‍ മീറ്റും തൊട്ടടുത്തമാസം ദേശീയ മീറ്റും. ജില്ലാ സ്കൂള്‍ മീറ്റുകളും ദേശീയ ജൂനിയര്‍ മീറ്റും മിക്കവാറും ഒരേ സമയമാണ് നടക്കാറ്. ഇത്തവണയും ഇതാവര്‍ത്തിച്ചു. ഒന്നാംനിര ടീമിനെ കേരളത്തിന് അയക്കാനുമായില്ല. സംസ്ഥാന മീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജില്ലാതലത്തില്‍ മത്സരിക്കാനുമായി പല കുട്ടികളെയും പരിശീലകര്‍ ജൂനിയര്‍ മീറ്റില്‍നിന്ന് പിന്തിരിപ്പിച്ചു. നഷ്ടം അവര്‍ക്കും സംസ്ഥാനത്തിനും.
ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത് വേണ്ടത്ര വിശ്രമമില്ലാതെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത കുറേ കുട്ടികള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാവാതെ വന്നതും ഇതോട് ചേര്‍ത്തുവായിക്കണം. ജൂനിയര്‍ മീറ്റില്‍ ഇരട്ടസ്വര്‍ണം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ പി.എസ്. പ്രഭാവതി ഒന്നാം സ്ഥാനമുറപ്പിച്ച ജൂനിയര്‍ ലോങ്ജംപില്‍ ലഭിച്ചത് വെങ്കലംമാത്രം. ജൂനിയര്‍ മീറ്റ് 4x100 റിലേയില്‍ രണ്ടാം സ്ഥാനത്തത്തെിയ കേരള ടീം അംഗമായിരുന്നു വയനാട് കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ എം.എസ്. ബിബിന്‍. സീനിയര്‍ ബോയ്സ് 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത ബിബിനും വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഈ അനുഭവമുള്ള വേറെയും കുട്ടികളുണ്ട്.
സംസ്ഥാന കായികമേള നടന്ന കോഴിക്കോട് തന്നെ ദേശീയ സ്കൂള്‍ കായികമേളക്ക് ആതിഥ്യമരുളാന്‍ പോവുകയാണ്. പിഴവുകള്‍ പരിഹരിച്ച് കുറ്റമറ്റ മീറ്റ് നടത്താന്‍ കേരളം മുന്നൊരുക്കം നടത്തേണ്ടതുണ്ട്. അല്ളെങ്കില്‍ ദേശീയതലത്തില്‍ ചീത്തപ്പേര് സമ്പാദിക്കേണ്ടി വരും. 

(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.