ഡോ.ജിന്റോ ജോൺ

'തെരഞ്ഞെടുപ്പ് കമീഷന്റെ സഖ്യം വിജയിക്കുമ്പോൾ ബീഹാറിൽ തോറ്റത് ജനങ്ങളും ജനാധിപത്യവും, ചിലരുടെ സീറ്റ് തർക്കം എൻ.ഡി.എക്ക് സഹായകരമായി'; ജിന്റോ ജോൺ

കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന്റേയും ബി.ജെ.പിയുടേയും സഖ്യം വിജയിക്കുമ്പോൾ ബീഹാറിൽ തോറ്റത് ജനങ്ങളും ജനാധിപത്യവുമാണെന്ന് കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ. എസ്.ഐ.ആര്‍ മറയാക്കി 65,64,075 വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്തും ബി.ജെ.പി സഖ്യകക്ഷിയായ തെരഞ്ഞെടുപ്പ് കമീഷന്റെ ഒത്തുകളിയും വിധി നിർണയിച്ച ബീഹാറിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സർക്കാർ പദ്ധതി എന്ന പേരിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 1.21കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എൻ.ഡി.എ സർക്കാർ 10,000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകാം. വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങൾ മനസിലാക്കാതെ, സംഘപരിവാറിനോട് സന്ധിയില്ലാതെ പോരാടുന്ന രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനേയും വിലകുറച്ചു കാണുന്ന ഒരവലോകനവും സത്യസന്ധമായിരിക്കില്ലെന്നും ജിന്റോ പറഞ്ഞു.

സാഹചര്യത്തിനൊത്ത് ഉണർന്ന് ചിന്തിക്കാൻ ശേഷിയില്ലാത്ത ചിലർ സീറ്റ് പങ്കുവയ്ക്കൽ തർക്കത്തിൽ പരസ്പരം മത്സരിച്ചത് യഥാർത്ഥ കാരണങ്ങളെ മറച്ചു പിടിക്കാൻ എൻ.ഡി.എക്ക് സഹായകരമായി. മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം വോട്ടുകൊള്ളയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോൾ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി ഒളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും മോഷ്ടിച്ചെടുത്ത വിജയത്തിൽ മേനി നടിക്കുന്ന മോദി സർക്കാരും ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുകയാണെന്ന് ജിന്റോ പറഞ്ഞു.

ഡോ.ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"എസ്.ഐ.ആർ മറയാക്കി 65,64,075 വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. ബി.ജെ.പി സഖ്യകക്ഷിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളിയും വിധി നിർണ്ണയിച്ച ബീഹാറിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലല്ലോ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുഴുവൻ സീറ്റിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും മത്സരിച്ച് മതേതര വോട്ടുകൾ വിഭജിച്ച് മോദി-നിതീഷ് സഖ്യത്തിന് രഹസ്യ സഹായം ചെയ്തപ്പോൾ ഭരണ വിരുദ്ധതയുടെ ജനഹിതം പലയിടത്താക്കി കൊടുത്തു. സർക്കാർ പദ്ധതി എന്ന പേരിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എൻഡിഎ സർക്കാർ 10,000 രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകാം.

സാഹചര്യത്തിനൊത്ത് ഉണർന്ന് ചിന്തിക്കാൻ ശേഷിയില്ലാത്ത ചിലർ സീറ്റ് പങ്കുവയ്ക്കൽ തർക്കത്തിൽ പരസ്പരം മത്സരിച്ചത് മേൽപ്പറഞ്ഞ യഥാർത്ഥ കാരണങ്ങളെ മറച്ചു പിടിക്കാൻ എൻ.ഡി.എക്ക് സഹായകരമായി.

ഇനിയും സത്യം ഉറപ്പാക്കിയിട്ടില്ലാത്ത ഈ തിരഞ്ഞെടുപ്പ് വിശകലനത്തിനിടയിൽ മാസങ്ങൾ നീണ്ട തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ്സിന്റേയും ആർജെഡിയുടേയും, മല്ലികാർജുൻ ഖാർഗേയും, രാഹുൽ ഗാന്ധിയും, തേജസ്വ യാദവും, പ്രിയങ്കാ ഗാന്ധിയും, കെ.സി വേണുഗോപാലും അടക്കമുള്ള ദേശീയ നേതാക്കളുടേയും വകതിരിവുള്ള കുറേയധികം പ്രാദേശീയ നേതാക്കളുടേയും അദ്ധ്വാനവും കാണാതെ പോകരുത്. വോട്ട് ചോരി വിരുദ്ധ പ്രക്ഷോഭങ്ങളുമായി നടത്തിയ വോട്ടർ അധികാർ യാത്രയുടെ കരുത്തുറ്റ പ്രചരണത്തിന്റെ യുവജന-പൊതുജന ഹിതവും വെറുതെയങ്ങ് ഇല്ലാതാകുമോ? സംശയങ്ങൾ ബാക്കിയാണ്. കാരണം,

ബിജെപിയുടെ സിറ്റിംഗ് എംഎൽഎ പോലും വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ടുകള്ളൻ എന്നാക്ഷേപിച്ച് ആട്ടിപായിച്ച ജനക്കൂട്ടം അവരെത്തന്നെ വീണ്ടും തിരഞ്ഞെടുത്തുവെന്നത് സംശയകരമാണ്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ഉത്തർപ്രാദേശിലേയും മറ്റ് പല സംസ്ഥാനങ്ങളിലേയും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലേയും ഫലം വന്നപ്പോഴും അവലോകനങ്ങൾ ഇന്നത്തേതിന് സമാനമായിരുന്നു. മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം വോട്ടുകൊള്ളയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോൾ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി ഒളിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും മോഷ്ടിച്ചെടുത്ത വിജയത്തിൽ മേനി നടിക്കുന്ന മോദി സർക്കാരും ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്നു.

വർത്തമാന ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ ഇതാണെന്നിരിക്കെ സംഘപരിവാറിനോട് സന്ധിയില്ലാതെ പോരാടുന്ന രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനേയും വിലകുറച്ചു കാണുന്ന ഒരവലോകനവും സത്യസന്ധമായിരിക്കില്ല എന്ന് ഉറപ്പാണ്. 'സത്യമേവ ജയതേ'എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വരാണസിയിലെ മോദിയുടെ വിജയം പോലും സംശയക്കപ്പെടുന്ന കാലത്ത്, വ്യാജ ഡിഗ്രിയുടേയും വ്യാജ വിജയത്തിന്റെയും മാത്രം മേനി നടിക്കുന്നവരുടെ വിജയങ്ങൾ ഒന്നുമല്ല.

എത്ര പരാജയങ്ങൾ ഏറ്റുവാങ്ങിയാലും, ഈ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ പാകപ്പിഴകൾ മുതലാക്കിയും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സഖ്യകക്ഷിയാക്കിയും സകലവിധ അട്ടിമറിയും നടത്തിക്കൊണ്ട് അവർ ജയിക്കുമ്പോഴൊക്കെ സന്ധിയില്ലാതെ പോരാടാൻ ആർജ്ജവമുള്ള രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരനാണ് ഞാൻ. കോൺഗ്രസ്‌ ആയതിൽ ഇപ്പോഴും അഭിമാനം മാത്രമേയുള്ളൂ.

എത്ര തോറ്റാലും നാവുയർത്തുന്നത് സത്യം പറയാൻ ആയിരിക്കുമെന്ന് പൂർണ്ണ ബോധ്യമുള്ള നേതാവിന്റെ പിന്നിൽ അണിനിരക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയ ശേഷിയെന്താണുള്ളത് ഇന്നത്തെ ഇന്ത്യയിൽ? തട്ടിയെടുക്കുന്ന കേവല ജയങ്ങൾക്കപ്പുറം സത്യസന്ധമായ ജനാധിപത്യ പ്രക്രിയയാണ് ഈ രാജ്യത്തിനാവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റേയും ബിജെപിയുടേയും സഖ്യം വിജയിക്കുമ്പോൾ ബീഹാറിൽ തോറ്റത് ജനങ്ങളാണ്, ഇന്ത്യൻ ജനാധിപത്യമാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ഇഴകീറി പരിശോധിക്കാൻ കോടതികൾക്ക് പോലും സമയമില്ലാത്തപ്പോൾ പലവട്ടം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത് ഈ രാജ്യത്തിന്റെ യഥാർത്ഥ ജനഹിതം തന്നെയാണ്."


Full View


Tags:    
News Summary - What lost in Bihar was the people and democracy - Dr. Jinto John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.