500 രൂപ കൊടുത്ത് എത്ര സി.പി.എമ്മുകാർ ഇരട്ടക്കൊലയുടെ പാപക്കറ സ്വന്തം കൈയിൽ പുരട്ടും? -വി.ടി. ബൽറാം

പാലക്കാട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ നിയമ പോരാട്ടത്തിനായി സി.പി.എം നടത്തുന്ന പണപ്പിരിവിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അഞ്ഞൂറ് രൂപ വീതം നൽകി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളിൽ പുരട്ടുവാൻ എത്ര സി.പി.എം അംഗങ്ങൾ തയ്യാറാവുമെന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് സി.പി.എം പണം പിരിക്കുന്നത്. കാസർകോട് ജില്ലയിലെ ഓരോ അംഗവും ഈ ഫണ്ടിലേക്ക് 500 രൂപ വീതം നൽകണമെന്നാണ് നിർദേശം. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കും. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിലും മറ്റുസ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും ജോലിയുള്ളവർ ഒരു ദിവസത്തെ വേതനം നൽകണം. രണ്ട് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 28,000ത്തിലേറെ അംഗങ്ങളാണ് ജില്ലയിൽ പാർട്ടിക്കുള്ളത്.

കേസിൽ അഞ്ചുവർഷത്തെ തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ച 20ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ അടക്കമുള്ളവർക്കായി നിയമ പോരാട്ടം നടത്താനാണ് സ്പെഷ്യൽ ഫണ്ട് പിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ 10 പേർക്ക് സി.​ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.

രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം ​തെളിഞ്ഞെന്ന്​ കണ്ടെത്തിയാണ്​ നാലുപേർക്ക്​ ​കൊച്ചിയിലെ സി.ബി.ഐ സ്​പെഷൽ കോടതി അഞ്ച്​ വർഷത്തെ തടവ്​ വിധിച്ചത്​. പിന്നീട് ഇവർ നൽകിയ അപ്പീൽ പരിഗണിച്ച് ശിക്ഷമരവിപ്പിക്കുയും ഇവർ ജയിൽ മോചിതരാവുകയും ചെയ്തു. 

Full View

Tags:    
News Summary - vt balram against cpm fund for periya twin murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.