1. എൻ.വി ഫിറോസ് 2. സാങ്കൽപിക മഞ്ഞുപെയ്ത മാനാഞ്ചിറ
കോഴിക്കോട്: സഞ്ചാരികളുടെ ഇഷ്ടനഗരമായ കോഴിക്കോട് മഞ്ഞുപെയ്താൽ എങ്ങനെയുണ്ടാവും, ഫിറോസ് ആദ്യമൊന്ന് മനസ്സിൽ കണ്ടു, പിന്നെ കുറെ ഫോട്ടോകളെടുത്ത് എ.ഐയുടെ സഹായത്തോടെ വിഡിയോയുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തു. പിന്നെ പിടിത്തംവിട്ടൊരുപോക്കാണ് പോയത്.
റീച്ച് രണ്ടു മില്ല്യനും കടന്ന് കുതിക്കുമ്പോൾ കണ്ണുതള്ളി നിൽക്കുകയാണ് പന്തീരാങ്കാവ് സ്വദേശി എൻ.വി ഫിറോസ്. കശ്മീരും കാനഡയും പോലെ മിഠായിത്തെരുവും മാനാഞ്ചിറയും സരോവരവും റെയില്‍വേ സ്റ്റേഷനും കടപ്പുറവും മഞ്ഞിൽ പുതഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ കോഴിക്കോട്ടുകാർ തന്നെ അമ്പരന്നു.
കോഴിക്കോട്ടെങ്ങനെ ഇങ്ങനെ മഞ്ഞു പെയ്തുവെന്നായിരുന്നു ചിലരുടെ ചോദ്യം. കോഴിക്കോടിന്റെ സാങ്കൽപിക മഞ്ഞുകാല വീഡിയോ മന്ത്രി മുഹമ്മദ് റിയാസും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സോഷ്യൽമീഡിയ ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു.
ഐ.ടി വിദഗ്ധനായ ഫിറോസ് ജൂലൈ മുതല്‍ ദിവസം രണ്ടു മണിക്കൂറോളം ചെലവിട്ടാണ് വിഡിയോ പൂര്‍ത്തിയാക്കിയത്. ഇതിനായി പലതവണ ഒരോ സ്ഥലത്തുംപോയി വിവിധ ആംഗിളിലുള്ള ഫോട്ടോകള്‍ എടുത്തു. പിന്നീട് എ.ഐയുടെ മഞ്ഞുകാലം സൃഷ്ടിച്ചു.
കൊച്ചയിൽ യു.എസ് ആസ്ഥാനമായ ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന ഫിറോസ് ജോലി കഴിഞ്ഞതിന് ശേഷമുള്ള സമയങ്ങളാണ് ഐ.ഐ വിഡിയോകൾക്കായി വിനിയോഗിക്കുന്നത്. പന്തീരാങ്കാവ് സ്വദേശി കോയമോന്റെയും റംലയുടെയും മകനാണ് ഫിറോസ്.
സ്വാതന്ത്ര്യം ലഭിച്ച ദിവസത്തെ ഇന്ത്യ എങ്ങനെയായിരുന്നുവെന്ന് എ.ഐ ഉപയോഗിച്ചുള്ള സാങ്കല്പിക വിഡിയോ കണ്ടത് 24.9 മില്യണ്‍ ആളുകളായിരുന്നു. നൂറു കൊല്ലം മുമ്പത്തെ കേരളം എന്ന വിഡിയോയുടെ റീച്ച് 1.2 മില്ല്യൻ കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.