തന്നെ അഗതിമന്ദിരത്തിലാക്കി മടങ്ങുന്ന മകനെ വിഷമത്തോടെ നോക്കിനിൽക്കുന്ന പിതാവിനെയാണ് എല്ലാവരും ആ ചിത്രത്തിൽ കണ്ടത്. മനസ്സില്ലാമനസ്സോടെ പിതാവിനെ അവിടെയാക്കി പോകുേമ്പാൾ ഓട്ടോയിലിരുന്ന കണ്ണീരണിഞ്ഞ ആ മകനെ ആരും കണ്ടില്ല. പകരം ആ മകനെ വില്ലനാക്കി കഥകൾ മെനയുകയായിരുന്ന പലരും. ഒടുവിൽ ചിത്രം പകർത്തിയയാൾ തന്നെ രംഗത്തെത്തി, ആ നൊമ്പരദൃശ്യത്തിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്താൻ...
'അനാഥാലയത്തിലാക്കി മടങ്ങുന്ന മകനെ നോക്കി നിൽക്കുന്ന അച്ഛൻ' എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തെക്കുറിച്ചാണ് ഫാ. സന്തോഷിന്‍റെ വെളിപ്പെടുത്തൽ. ഈ ചിത്രം ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് ഫാ. സന്തോഷ് ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിനടുത്തു പുന്നകുന്നിൽ പ്രവർത്തിക്കുന്ന അനാഥർക്കും നിർധനരായ രോഗികൾക്കുമുള്ള ആശ്രയകേന്ദ്രമായ ബെത് സേഥായുടെ നടത്തിപ്പുകാരനാണ് ഫാ. സന്തോഷ്.
ചിത്രത്തിൽ കാണുന്നത് പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ വയോധികനാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ മകൻ തൃശൂരിൽ ഒരു വനമേഖലയ്ക്ക് അടുത്തുള്ള തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ അകന്നു കഴിയുന്നതിനാൽ പിതാവിനെ പരിചരിക്കാൻ വേറെ ആരുമില്ല. പിതാവിനെ കാട്ടിലേക്കു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടിൽ ഒറ്റയ്ക്കാക്കിയാണ് മകൻ ജോലിക്കു പോയിരുന്നത്. എന്നാൽ, വയോധികൻ വീട്ടിൽ തനിച്ചാണെന്ന് നാട്ടുകാരിൽ നിന്നറിഞ്ഞ പൊലീസ് പിതാവിനെ സുരക്ഷിതമായി എവിടെയെങ്കിലും ആക്കണമെന്ന് മകനോട് നിർദേശിച്ചു. ജോലിക്കു പോകാതെ നിലനിൽക്കാൻ സാധിക്കില്ലെന്ന സാഹചര്യം വന്നതോടെയാണ് മകൻ പിതാവിനെ ബത് സേഥായിൽ ആക്കിയത്.
പിതാവിനെ അഗതിമന്ദിരത്തിലാക്കി പോകുന്നതിന്‍റെ എല്ലാ വിഷമവും ആ മകനുണ്ടായിരുന്നെന്ന് ഫാ. സന്തോഷ് പറയുന്നു. മകൻ യാത്ര പറഞ്ഞ് ഓട്ടോയിൽ കയറുമ്പോൾ പിതാവ് നിസ്സഹായതയോടെ നോക്കിനിൽക്കുന്നതാണ് ആ ചിത്രത്തിലുള്ളത്. ആ സമയം മകൻ കണ്ണുകളടച്ച് ഓട്ടോറിക്ഷയിൽ കുനിഞ്ഞിരിക്കുകയായിരുന്നു. ഇതിനിടെ പകർത്തിയതാണ് ആ ചിത്രമെന്ന് പറയുന്ന ഫാ. സന്തോഷ് ഒരു കാര്യം കൂടി പറയുന്നു. ഈ കാഴ്ച കണ്ട് തൊട്ടടുത്ത് ബത് സേഥായിൽ കഴിയുന്ന തന്‍റെ പിതാവും ഉണ്ടായിരുന്നു. ഫാ. സന്തോഷിന്‍റെ പിതാവടക്കം 23 അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുതിയ ഒരു ജീവിതം നൽകാനുള്ള ശ്രമമാണ് ബത് സേഥായിൽ നടക്കുന്നതെന്ന് ഫാ. സന്തോഷ് പറയുന്നു. ഇതിനു പുറമേ തിരുവനന്തപുരത്ത് ആർ.സി.സിക്കു സമീപം നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവുമൊരുക്കി 'തണൽ വീട്' എന്ന കാൻസർ കെയർ ഹോമും നടത്തുന്നുണ്ട്.
ഞാൻ പകർത്തിയ ഒരു ചിത്രമാണ്... ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധനേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിന്‍റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു. തന്‍റെ സ്വന്തം മകൻ. മകന്‍റെനിസ്സഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും. പക്ഷെ ഇവിടെ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ല. തനിച്ചുമായിരിക്കില്ല. 85 വയസ്സുള്ള എന്‍റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്. എന്‍റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.