വിവാഹ നിശ്ചയ ചടങ്ങിനിടെ പായസത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. തമിഴ്നാട് മയിലാടുതുറൈ ജില്ലയിലെ സിർകാളിയിലാണ് സംഭവം. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സിർകാളിയിലെ ഒരു കല്യാണമണ്ഡപത്തിൽവെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അതിന് ശേഷം സദ്യ കഴിക്കവേയാണ് സംഭവങ്ങളുടെ തുടക്കം. സദ്യ കഴിച്ച് തീരും മുമ്പ് പായസം വിളമ്പിയത് വരന്‍റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. ചിലർ ഇത് ചോദിക്കുകയും ചെയ്തു. പിന്നാലെ, പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വധുവിന്‍റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ, വരന്‍റെ വീട്ടുകാരിലൊരാൾ പായസം നിലത്ത് തട്ടിയിട്ടതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടു.
പിന്നീട് വിവാഹമണ്ഡപത്തിൽ നടന്നത് ഇരുവീട്ടുകാരും തമ്മിലുള്ള കൂട്ടത്തല്ലാണ്. ഭക്ഷണവും മണ്ഡപത്തിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞുള്ള തമ്മിലടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. പൊലീസ് മുൻകൈയെടുത്ത് ഇരുവിഭാഗത്തെയും ചടങ്ങുകൾ പൂർത്തിയാക്കി തിരികെ പോകാൻ അനുവദിച്ചു. ആർക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.