ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ‘ഭാരത് മണ്ഡപം’ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങ് അന്നുതന്നെ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനും കാരണമായിരുന്നു. മോദിക്ക് ഡമ്മി റിമോട്ട് നൽകിയശേഷം ഡ്രോൺ ഓപ്പറേറ്റ് ചെയ്യാൻ മറ്റൊരാളെ ഏർപ്പാടാക്കുകയാണ് സംഘാടകർ ചെയ്തത്. ഈ വിഷയത്തിൽ ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കീർത്തി ആസാദും പരിഹാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
‘അന്ധരായ ഭക്തർക്ക് സന്തോഷിക്കാൻ ഒരു അവസരംകൂടി. റിമോട്ട് ഇല്ലെങ്കിലും പ്രവർത്തിക്കുന്ന അദ്ഭുത ഡ്രോൺ ആണ് ഇത്തവണ’ എന്നാണ് കീർത്തി ആസാദ് ഉദ്ഘാടന ചടങ്ങിന്‍റെ വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ട്വിറ്ററിൽ മറ്റ് നിരവധിപേരും സംഭവത്തെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 സമ്മേളനം ഭാരത് മണ്ഡപത്തിൽവച്ചാണ് നടക്കുക. 123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് എക്സിബിഷൻ, കൺവൻഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശാലവും ആധുനികവുമായ 10 പ്രദർശന കേന്ദ്രങ്ങളിലൊന്നാണിത്. ജർമനിയിലെ ഹാനോവർ എക്സിബിഷൻ സെന്ററിനെയും ഷാങ്ഹായ് നാഷനൽ കൺവൻഷൻ സെന്ററിനെയും വെല്ലുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മൂന്നാം നിലയിലെ ഹാളിൽ മാത്രം 7000 സീറ്റുകളുണ്ട്. 3000 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ, 5,500 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒട്ടേറെ പ്രദർശന സ്റ്റാളുകൾ എന്നിവയുമുണ്ട്.
अंध भक्तों के लिए एक और
— Kirti Azad (@KirtiAzaad) July 27, 2023
प्रसन्नता का क्षण।
रिमोट छोड़ देने के बाद भी जादू से
उड़ता रहा ड्रोन।
जादूगर और कोई नहीं दाहिनी तरफ़
खड़ा एक कर्मचारी।
300 रुपये दिन की दिहाड़ी पर
आया था साहब का ड्रोन उड़ाने।
भक्तों की हो गयी वाह भाई वाह pic.twitter.com/uBdnIfzQdT
ലോകത്തെ ഏറ്റവും വലിയ മ്യൂസിയം, ‘യുഗെ യുഗീൻ ഭാരത്’ ഡൽഹിയിൽ വൈകാതെ നിർമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി–20 സമ്മേളനത്തോടനുബന്ധിച്ചുള്ള സ്റ്റാംപുകളും 75 രൂപ നാണയവും മോദി പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ പ്രതിനിധികളുമടക്കം മൂവായിരത്തിലേറെ അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. കലാപരിപാടികളുമുണ്ടായിരുന്നു. കനത്ത സുരക്ഷാ സന്നാഹമാണ് ഈ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.