ചെന്നായയോടും കുറുക്കനോടും സാമ്യമുള്ള മുഖം, കുതിരയുടേതു പോലെ നീണ്ട കാലുകൾ, കുഞ്ചിരോമങ്ങൾ, ആരെയും കൂസാതെയുള്ള നടത്തം; ഓൺലൈനിൽ വൈറലായ വിഡിയോയിലെ ജീവി ഏതാണെന്ന് ആശ്ചര്യപ്പെടുകയാണ് നെറ്റിസൺസ്. ചെന്നായ്ക്കളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ജീവിയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
റെഗ് സാഡ്ലർ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് മൃഗത്തിന്‍റെ വിഡിയോ ആദ്യം പ്രസിദ്ധീകരിച്ചത്. ഏത് ജീവിയാണെന്നറിയാമോ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ.
ഇത് കഴുതപ്പുലിയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇങ്ങനെയൊരു ജീവിയില്ലെന്നും വ്യാജ വിഡിയോ ആണെന്നുമായിരുന്നു മറ്റു ചിലരുടെ വാദം.
എന്നാൽ, ചെന്നായ വർഗത്തിൽപെട്ട മാൻഡ് വൂൾഫ് (Maned wolf) എന്ന ജീവിയാണിതെന്ന് ജന്തുശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ-മധ്യ അമേരിക്കൻ മേഖലകളിൽ കണ്ടുവരുന്ന ജീവികളാണിവ. ചെന്നായയോട് സാദൃശ്യമുണ്ടെങ്കിലും നീണ്ട കാലുകളാണ് ഇവയെ വ്യത്യസ്തരാക്കുന്നത്. ദേഹം ചുവപ്പും തവിട്ടുമാണെങ്കിലും കാലിന് ഇരുണ്ട നിറമാണ്. രാത്രി ഇരതേടുന്ന, കൂട്ടമായി സഞ്ചരിക്കാൻ താൽപര്യമില്ലാത്ത മൃഗങ്ങളാണിവ. മനുഷ്യവാസമുള്ള മേഖലകളിലേക്ക് വരാൻ തീരെ മടിക്കുന്ന ഇവ ചെറുമൃഗങ്ങളെയും മറ്റുമാണ് ഭക്ഷണമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.