കോഴിക്കോട്: കേന്ദ്രസർക്കാറിന്‍റെ വാക്സിൻ നയത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ വിതരണനയം മാറ്റിയതോടെ കേരളം നൽകുന്ന സൗജന്യ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 'ഐ സ്റ്റാൻഡ് വിത്ത് കേരള' എന്ന ഹാഷ്ടാഗിലാണ് പ്രചാരണം.
'എനിക്ക് ലഭിക്കുന്ന സൗജന്യ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ നൽകും' എന്ന വാചകങ്ങളുള്ള കുറിപ്പുകളാണ് ഫേസ്ബുക്കിൽ നിറയുന്നത്. നിരവധി പേരാണ് തുക നൽകിയതിന്റെ തെളിവടക്കം പോസ്റ്റ് ചെയ്യുന്നത്. വാക്സിൻ ചാലഞ്ച് എന്ന രീതിയിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും ടാഗ് ചെയ്യുന്നുമുണ്ട്.
കുടുംബാംഗങ്ങൾക്ക് കുത്തിവെച്ചതും കുത്തിവെക്കാനുള്ളതുമായ വാക്സിെൻറ തുകയും അയക്കുന്നവരുണ്ട്. നേരത്തേ വാക്സിനെടുത്തവർ ഇപ്പോൾ കേന്ദ്രം നിശ്ചയിച്ച തുകയായ 400 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും മാതൃകയാവുകയാണ്. ചിലർ രണ്ടിരട്ടി തുക നൽകാമെന്ന് ഉറപ്പ് നൽകുന്നു. ഗൾഫടക്കം വിദേശരാജ്യങ്ങളിൽ വെച്ച് സൗജന്യ വാക്സിനെടുത്തവരും തുക കൈമാറുന്നുണ്ട്.
നേരത്തെ കോവിഡ് വാക്സിൻ പൊതുവിപണിയിൽ വിൽക്കാൻ മരുന്ന് കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ കോവിഷീൽഡ് വാക്സിന്റെ വില സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വ്യത്യസ്ത വിലക്കാണ് കോവിഷീൽഡ് വാക്സിൻ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.