പൃഥ്വിരാജ്, പോരാട്ടം തുടരുക. നിങ്ങളില്‍ പ്രതീക്ഷയുണ്ട് -ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധ സ്വരമുയർത്തിയ നടൻ പൃഥ്വ ിരാജിനെ അഭിനന്ദിച്ചും, വിപണിമൂല്യത്തെ ബാധിക്കുമോ എന്ന ആധിയിൽ പ്രതികരിക്കാത്ത സെലിബ്രിറ്റികളെ വിമർശിച്ചുമുള്ള ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ജനങ്ങള്‍ അവരുടെ വികാരങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് താരങ്ങളിലാണെന്നും, താരങ്ങള്‍ ഈ വികാരങ്ങളെ ജനകീയ പ്രശ്നങ്ങളിലേക്കു വഴിതിരിച്ചുവിട്ടാല്‍ സിവില്‍ സമൂഹത്തിെൻറ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കഴിയുമെന്നും എഴുത്തുകാരൻ എൻ.പി. സജീഷിൻെറ കുറിപ്പിൽ പറയുന്നു.

പരാജിതരും ഭീരുക്കളുമായ വെറുപ്പിന്‍റെ വ്യാപാരികള്‍ 'ജിഹാദികളുടെ കുണ്ടന്‍' എന്നു വിളിച്ചും 'ഷേവ് ലക്ഷദ്വീപ്' എന്ന് ആഹ്വാനം ചെയ്തും അരിശം തീരാതെ പൃഥ്വിരാജിന്‍റെ പോസ്റ്റിനു ചുറ്റും മണ്ടിനടപ്പുണ്ട്. എങ്ങനെ സഹിക്കും? പറയുന്നത് മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ രജപുത്രയോദ്ധാവിന്‍റെ പേരുള്ള ഹിന്ദുവല്ലേ എന്നും ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

എൻ.പി. സജീഷിൻെറ ഫേസ്ബുക്ക് കുറിപ്പ്:

Democracy is not the law of the majority but the protection of the minority -Albert Camus
(പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് ട്വീറ്റ് ചെയ്തതാണ് ആല്‍ബേര്‍ കമ്യുവിന്‍െറ ഈ ഉദ്ധരണി.)

ലക്ഷദ്വീപ് നിവാസികളുടെ ശബ്ദത്തിന് ചെവിയോര്‍ക്കണമെന്ന് നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പറഞ്ഞിട്ട് മണിക്കൂര്‍ 17 ആയി. ഇതിനകം 1,36.000 മനുഷ്യസ്നേഹികളാണ് തള്ളവിരലുയര്‍ത്തി അനുഭാവം ചാര്‍ത്തിയത്. 23,000 പേര്‍ അത് പങ്കുവെച്ചു. ഫേസ്ബുക്കില്‍ 40 ലക്ഷം ഫോളോവര്‍മാരുള്ള നടനാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ ആ പോസ്റ്റിന് അതിവിപുലമായ റീച്ച് കിട്ടിയിട്ടുണ്ട് എന്നുവേണം അനുമാനിക്കാന്‍. കേരളത്തില്‍ വെറുപ്പിന് വിലയിടിഞ്ഞതിനാല്‍ പരാജിതരും ഭീരുക്കളുമായ വെറുപ്പിൻെറ വ്യാപാരികള്‍ 'ജിഹാദികളുടെ കുണ്ടന്‍' എന്നു വിളിച്ചും 'ഷേവ് ലക്ഷദ്വീപ്' എന്ന് ആഹ്വാനം ചെയ്തും അരിശം തീരാതെ ആ പോസ്റ്റിനു ചുറ്റും മണ്ടിനടപ്പുണ്ട്. എങ്ങനെ സഹിക്കും? പറയുന്നത് മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തിയ രജപുത്രയോദ്ധാവിന്‍െറ പേരുള്ള ഹിന്ദുവല്ലേ?

അവഗണിക്കപ്പെട്ട സാമൂഹിക പ്രശ്നങ്ങള്‍ക്ക് പൊതുദൃശ്യത നല്‍കാന്‍ സെലിബ്രിറ്റി ഇടപെടലുകള്‍ക്ക് കഴിയുമെന്ന് ആന്‍ഡ്ര്യൂ ഫെന്‍റണ്‍ കൂപ്പര്‍ പറയുന്നു. പക്ഷേ, നമ്മുടെ സെലിബ്രിറ്റികള്‍ സമകാലിക പ്രശ്നങ്ങളോട് പൊതുവെ പ്രതികരിക്കാറില്ല. അത് തങ്ങളുടെ വിപണിമൂല്യത്തെ ബാധിക്കുമോ എന്ന ആധിയാണ് അതിനു പിന്നില്‍. മാത്രവുമല്ല, അതിന് അസാധാരണമായ ആര്‍ജവവും ആവശ്യമാണ്. ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ നിര്‍ഭയം പ്രതികരിക്കുന്ന തമിഴ് താരം സിദ്ധാര്‍ത്ഥിന്‍െറ നമ്പര്‍ ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി സെല്‍ ചോര്‍ത്തിക്കൊടുത്തത് ഈയിടെയാണ്. 'ഇവന്‍ ഇനിമേല വായ തുറക്ക കൂടാത്' എന്നു പറഞ്ഞ് നമ്പര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിച്ചു. 500ലധികം വധഭീഷണികള്‍, കുടുംബാംഗങ്ങള്‍ക്കെതിരായ ബലാല്‍സംഗ ഭീഷണികള്‍, അസഭ്യവര്‍ഷങ്ങള്‍...എല്ലാം റെക്കോര്‍ഡ് ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചിട്ട് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു: ''I will not shut up.'' കേന്ദ്രസര്‍ക്കാരിന്‍െറ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതായിരുന്നു പ്രകോപനം. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും കേന്ദ്രനയങ്ങളെ നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്നതിന്‍െറ പേരില്‍ അനുരാഗ് കശ്യപിന്‍െറയും തപ്സി പന്നുവിന്‍െറയും വീടും ഓഫീസും ഇന്‍കം ടാക്സ് വകുപ്പ് റെയ്ഡ് ചെയ്യുകയുണ്ടായി. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നുവെന്ന് ശബ്ദമുയര്‍ത്തിയ ആമിര്‍ഖാനെ 2016ല്‍ കേന്ദ്ര ടൂറിസം വകുപ്പിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പാക്കിസ്ഥാനിലേക്ക് വണ്ടി കയറാന്‍ ഹിന്ദുമഹാസഭ കല്‍പ്പിച്ചു. ആമിര്‍ഖാന്‍െറ മുഖത്തടിക്കുന്നവന് ശിവസേന ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. ജെ.എന്‍.യുവില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായത്തെിയ ദീപിക പദുക്കോണിനെ മയക്കുമരുന്നു കേസില്‍ പെടുത്തി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. ഇത്തരം പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാവണം പൃഥ്വിരാജ് പരസ്യപ്രതികരണത്തിന് ഇറങ്ങിത്തിരിച്ചത്. നട്ടെല്ലുള്ള നടന്‍.

ജനങ്ങള്‍ അവരുടെ വികാരങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് താരങ്ങളിലാണ്. താരങ്ങള്‍ ഈ വികാരങ്ങളെ ജനകീയപ്രശ്നങ്ങളിലേക്കു വഴി തിരിച്ചുവിട്ടാല്‍ സിവില്‍ സമൂഹത്തിന്‍െറ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ അവര്‍ക്കു കഴിയും.ആഗോളരാഷ്ട്രീയത്തില്‍ സെലിബ്രിറ്റി ഇടപെടലിന്‍െറ ഫലസാധ്യതകള്‍ അവഗണിക്കാനാവാത്തതാണെന്നാണ് കൂപ്പര്‍ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട വ്യക്തിയായ ഡയാന രാജകുമാരി അംഗോളയില്‍ റെഡ് ക്രോസിനൊപ്പം യാത്ര ചെയ്തപ്പോഴാണ് കുഴിബോംബുകള്‍ കുട്ടികളില്‍ വിതച്ച ദുരന്തത്തിന്‍െറ ആഴവും വ്യാപ്തിയും ലോകമറിഞ്ഞത്. ഏറ്റവും താഴേക്കിടയിലുള്ളവരുടെ പ്രശ്നങ്ങള്‍ ജനശ്രദ്ധയിലത്തെിക്കുന്നതിനും മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളനയതന്ത്രത്തിനും വരെ താരപ്രഭാവം ഉപയുക്തമാക്കാമെന്ന് കൂപ്പര്‍ പറയുന്നു.

അതുകൊണ്ട് പൃഥ്വിരാജ്, പോരാട്ടം തുടരുക. നിങ്ങളില്‍ പ്രതീക്ഷയുണ്ട്.
കമ്യൂ പറഞ്ഞത് ലക്ഷദ്വീപിൻെറ കാര്യത്തില്‍ നമുക്ക് ആവര്‍ത്തിക്കാം: ഭൂരിപക്ഷത്തിൻെറ നിയമം അടിച്ചേല്‍പ്പിക്കലല്ല ജനാധിപത്യം ; ന്യൂനപക്ഷത്തിൻെറ സംരക്ഷണമാണ്.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.