വാഹനത്തിൽ നിന്നും റോഡിലേക്ക് ചിതറിയത് നോട്ടുകെട്ടുകൾ; വാരിക്കൂട്ടാൻ ഡ്രൈവർമാരുടെ തിരക്ക്, തിരികെ നൽകണമെന്ന് പൊലീസ് -VIDEO

തിരക്കുള്ള ഒരു ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ തൊട്ടുമുമ്പിൽ പോകുന്ന വാഹനത്തിൽ നിന്നും നൂറുകണക്കിന് കറൻസി നോട്ടുകൾ ചിതറിവീണാൽ നിങ്ങളെന്തു ചെയ്യും. സിനിമയിൽ ഇത്തരം രംഗങ്ങൾ കാണാമെങ്കിലും യഥാർഥ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. റോഡിലേക്ക് ചിതറിയ നോട്ടുകൾ പെറുക്കിക്കൂട്ടാൻ ഡ്രൈവർമാർ ഇറങ്ങിയതോടെ ഹൈവേയിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

യു.എസിലെ സൗത്ത് കലിഫോർണിയയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് വാഹനത്തിൽ നിന്നും പണം റോഡിലേക്ക് ചിതറിയത്.

സാന്‍റിയാഗോയിലെ ഫെഡറൽ ഡെപോസിറ്റ് ഇൻഷുറൻസ് കമ്പനിയിലേക്കുള്ള പണവുമായി പോവുകയായിരുന്നു കവചിത വാഹനം. ഗ്രില്ലുകളൊക്കെയായി സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്‍റെ ഡോർ ഓട്ടത്തിനിടെ തുറന്നതാണ് പണം പുറത്തെത്താൻ കാരണം. പണം നിറച്ച നിരവധി ബാഗുകൾ പൊട്ടി നോട്ടുകൾ റോഡിലേക്ക് പ്രവഹിക്കുകയായിരുന്നു.

ആളുകൾ വാഹനങ്ങൾ നടുറോട്ടിൽ നിർത്തി പണം വാരിക്കൂട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് മണിക്കൂർ ഹൈവേ അടച്ചിടേണ്ടിവന്നിരുന്നു.


പണം നഷ്ടമായത് സ്ഥിരീകരിച്ച അധികൃതർ പണം കൊണ്ടുപോയവർ തിരികെ നൽകണമെന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ്. അതേസമയം, എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. അധികൃതരുടെ കൈയിൽ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഉള്ളതിനാൽ വെള്ളിയാഴ്ച വൈകീട്ട് തന്നെ നിരവധി പേർ പണം തിരികെ നൽകി.

പണം തിരികെ നൽകാത്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. വിഡിയോകൾ കലിഫോർണിയ ഹൈവേ പട്രോളും എഫ്.ബി.ഐയും പരിശോധിക്കുകയാണ്. 

Tags:    
News Summary - Drivers scramble as cash rains from armoured truck in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.