പുതിയ ജീവനക്കാരോട് 18 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ചതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് ബോംബൈ ഷേവിങ് കമ്പനി സി.ഇ.ഒ ശാന്തനു ദേശ്പാണ്ഡെ. തുടക്കകാരോട് ജോലി ആരംഭിച്ച് നാലോ അഞ്ചോ വർഷം ഒരു ദിവസം 18മണിക്കൂർവരെ ജോലി ചെയ്യണമെന്ന് ഉപദേശിക്കുന്ന പോസ്റ്റ് ലിങ്കിഡിനിൽ ശാന്തനു പങ്കുവെക്കുകയായിരുന്നു. ശാന്തനുവിന്‍റെ പോസ്റ്റിനെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.
'നിങ്ങൾ നിങ്ങളുടെ 22ലും ജോലിയിൽ പുതിയതുമാണെങ്കിൽ സ്വയം ജോലിക്കായി സമർപ്പിക്കുക. നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കുകയും വേണം. അതേസമയം കുറഞ്ഞത് നാലഞ്ച് വർഷമെങ്കിലും 18 മണിക്കൂർ ജോലി ചെയ്യണം.' ശാന്തനു ട്വീറ്റ് ചെയ്തു.
അതേസമയം കരിയർ തുടങ്ങുമ്പോൾ തന്നെ പലയുവാക്കളും ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അതിനുപകരം നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശാന്തനു ആവശ്യപ്പെടുന്നുമുണ്ട്. ആദ്യത്തെ അഞ്ച് വർഷം കൊണ്ട് കരിയറിൽ നിങ്ങളുണ്ടാക്കുന്ന നേട്ടങ്ങൾ നിങ്ങളുടെ അടുത്ത അഞ്ച് വർഷങ്ങളെ നയിക്കുമെന്നും പറഞ്ഞാണ് ഉപദേശം അവസാനിപ്പിച്ചത്.
എന്നാൽ പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. ആരോഗ്യപരമായ ജീവിത സന്തുലിതാവസ്ഥ പുലർത്തേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്ത പക്ഷം അഞ്ചു വർഷത്തെ ജോലിക്ക് ശേഷം നിങ്ങളെ കാത്തിരിക്കുന്നത് ആശുപത്രിയിലെ പരിപാലനമായിരിക്കുമെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
പോസ്റ്റിനെതിരെ വ്യാപകമായ വിമർശനം ശക്തമായതോടെ വിശദീകരണവുമായി നിരവധിപേർ രംഗത്തെത്തി. ബോംബെ ഷേവിങ് കമ്പനിയുടെ സംസ്കാരത്തെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്നവർക്ക് എപ്പോൾ വേണമെങ്കിലും ഓഫീസിലേക്ക് വരാമെന്നും തങ്ങളുടെ ആളുകളുമായി സംസാരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.