ഇന്ത്യ അമേരിക്കയേക്കാൾ മികച്ചതെന്ന് അമേരിക്കൻ വനിത. നാല് വർഷത്തോളമായി ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റൻ ഫിഷറിന്‍റെ ഇന്ത്യ അമേരിക്കയോക്കാൾ മികച്ചതാണെന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ഇവിടെ ലഭിക്കുന്ന ചില കാര്യങ്ങൾ അമേരിക്കയിൽ ലഭ്യമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു.
ഡിജിറ്റൽ ഐ.ഡികളും യു.പി.ഐയുമായിരുന്നു ഒന്നാമത്തെ കാര്യം. ഇന്ത്യയിലെ ഓട്ടോകളെയും റിക്ഷകളെയും അവർ പ്രശംസിച്ചു. സഞ്ചരിക്കാനുള്ള "വിലകുറഞ്ഞതും വേഗതയേറിയതും സൗകര്യപ്രദവുമായ" മാർഗമാണ് അതെന്ന് വിശേഷിപ്പിച്ചു. ഡോക്ടർമാരുടെയും മെഡിക്കൽ സൗകര്യങ്ങളുടെയും വേഗത്തിലുള്ള ലഭ്യതയെക്കുറിച്ചും ക്രിസ്റ്റൻ പറയുന്നുണ്ട്.
ഡിജിറ്റൽ ഐ.ഡികളും യു.പി.ഐ വഴിയുള്ള പേമെന്റുകളും പണമിടപാടുകൾ ലളിതമാക്കുന്നു. ഫോൺ മാത്രം ഉപയോഗിച്ച് പുറത്തിറങ്ങാൻ കഴിയും. യു.പി.ഐ ലോകം മുഴുവൻ സ്വീകരിക്കേണ്ട ഒന്നാണെന്ന് കരുതുന്നതായി അവർ പറഞ്ഞു.
ഇന്ത്യയിൽ എല്ലായിടത്തും ഓട്ടോകളും റിക്ഷകളും ഉണ്ട്. അവ വിലകുറഞ്ഞതും വേഗതയുള്ളതും സഞ്ചരിക്കാൻ വളരെ സൗകര്യപ്രദവുമാണ്. എല്ലാ ദിവസവും താൻ റിക്ഷകൾ ഉപയോഗിക്കുന്നണ്ട്, അതിനാൽ വാഹനമോടിക്കുന്നതിനെക്കുറിച്ചോ പാർക്കിങ്ങിനെക്കുറിച്ചോ വിഷമിക്കേണ്ടതില്ലെന്നും ക്രിസ്റ്റൻ വ്യക്തമാക്കി.
ഇന്ത്യയിൽ ഡോക്ടർമാരെ കണ്ടെത്താൻ വളരെ എളുപ്പമാണ്. മിക്കപ്പോഴും, അപ്പോയിന്റ്മെന്റുകൾ ആവശ്യമില്ല. അമേരിക്കയിൽ, ഒരു ഡോക്ടറെ കാണാൻ ആഴ്ചകളോ മാസങ്ങളോ മുമ്പേ അപ്പോയിന്റ്മെന്റ് എടുക്കണം. ഡൽഹിയിൽ സർക്കാർ മാലിന്യ നിർമാർജനം സൗജന്യമാണ്. അത് വളരെ മികച്ചതാണ്. അമേരിക്കയിൽ മാലിന്യ സേവനത്തിന് ധാരാളം പണം നൽകേണ്ടി വന്നു.
ഇന്ത്യയിൽ ഇത്രയധികം വെജിറ്റേറിയൻ ഭക്ഷണം ഉള്ളതിൽ സന്തോഷമുണ്ട്. ചില റെസ്റ്റോറന്റുകളിലും വെജിറ്റേറിയൻ മാത്രമേയുള്ളൂ, മറ്റുള്ളവയിൽ മെനുവിന്റെ പകുതിയെങ്കിലും വെജിറ്റേറിയൻ ഓപ്ഷനുകളുണ്ട്. യു.എസ്.എയിൽ വെജിറ്റേറിയൻ ഓപ്ഷനുകൾ വളരെ കുറവാണ്.
ഇന്ത്യയിലെ പരമാവധി ചില്ലറ വിൽപ്പന വില അഥവാ എം.ആർ.പി വളരെ സൗകര്യപ്രദമാണ്. എവിടെ പോയാലും ഒരു വസ്തുവിന്റെ വില എത്രയാണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും, വില ലേബലിൽ അച്ചടിച്ചിരിക്കും. അമേരിക്കയിൽ, ആളുകൾക്ക് ഉൽപ്പന്നങ്ങൾക്ക് ഇഷ്ടമുള്ള വില ഈടാക്കാം, അത് ഒരിക്കലും ലേബലിൽ അച്ചടിക്കില്ല. ഏറ്റവും സൗകര്യപ്രദമായ കാര്യങ്ങളിൽ ഒന്നാണ് ഡെലിവറി ആപ്പുകൾ. മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ വീട്ടിലേക്ക് എന്തും എത്തിക്കുന്ന ഡസൻ കണക്കിന് ആപ്പുകൾ ഇന്ത്യയിൽ ഉണ്ടെന്നും വിഡിയോയിൽ പറയുന്നു.
ക്രിസ്റ്റന്‍റെ പോസ്റ്റ് സമൂഹമാധ്യമത്തിൽ വലിയ ചർച്ചക്ക് വഴിതുറന്നു. നിരവധിപ്പേർ യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട്. 2021-ൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഇന്ത്യയിലേക്ക് താമസം മാറിയ ക്രിസ്റ്റൻ ഫിഷർ ഒരു വെബ് ഡെവലപ്‌മെന്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.