വിവാഹ വസ്ത്രവും ആഭരണങ്ങളുമണിഞ്ഞ് സ്കൂട്ടറില്‍ ഹെൽമറ്റില്ലാതെ ഇൻസ്റ്റഗ്രാം റീല്‍സ് ചെയ്യാനിറങ്ങിയ യുവതിക്ക് 6000 രൂപ പിഴയിട്ട് പൊലീസ്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപയും ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയുമാണ് പിഴ. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെയാണ് ഇൻസ്റ്റഗ്രാമിൽ യുവതി വിഡിയോ പങ്കുവെച്ചത്. വിഡിയോ അതിവേഗം വൈറലാവുകയും ചെയ്തു.
വിഡിയോ ഡൽഹി പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ പിഴ ചുമത്തുകയായിരുന്നു. ഒപ്പം വിഡിയോ ട്വിറ്ററിൽ ബോധവത്കരണത്തിനും ഉപയോഗിച്ചു. അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നതും അവ പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതുമായിരുന്നു പോസ്റ്റ്. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ സ്കൂട്ടർ യാത്രയും പിന്നാലെ പിഴ രസീതിന്‍റെ ചിത്രവുമടങ്ങുന്ന വിഡിയോയാണ് പൊലീസ് ട്വീറ്റ് ചെയ്തത്.
ആഴ്ചകൾക്ക് മുമ്പ് വിവാഹ വസ്ത്രം ധരിച്ച് ഓടുന്ന കാറിന്റെ ബോണറ്റിലും സ്കൂട്ടറിലും ഇരുന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച യുവതിക്ക് 16500 രൂപ ഉത്തർ പ്രദേശ് പൊലീസ് പിഴയിട്ടിരുന്നു. ബോണറ്റിൽ ഇരുന്നുള്ള യാത്രക്ക് 15000 രൂപയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് 1500 രൂപയുമാണ് പിഴയിട്ടത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിനടുത്തുള്ള അല്ലാപൂര്‍ സ്വദേശിനി വര്‍ണിക ചൗധരിക്കാണ് പൊലീസ് പണി കൊടുത്തത്. ഇരു വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വര്‍ണിക ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെ വിഡിയോ ചന്ദ്രശേഖർ ആസാദ് പാർക് പരിസരത്തുനിന്നും ബോണറ്റിലിരുന്നുള്ള വിഡിയോ മേയ് 16ന് ക്രിസ്ത്യൻ ദേവാലയത്തിന് സമീപത്തുനിന്നുമാണ് ചിത്രീകരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.