ഇന്ത്യക്കാരുടെ അയൺ മാൻ ഇപ്പോൾ ഇവിടെയാണ്; വിവരങ്ങൾ പങ്കുവച്ച് ആനന്ദ് മഹീ​ന്ദ്ര

ഇന്ത്യക്കാരുടെ അയൺമാൻ എന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ ബാലനാണ് മണിപ്പൂർ സ്വദേശിയായ പ്രേം നിങ്ങോമ്പം. മാർവൽ സിനിമയിലെ കഥാപാത്രമായ അയൺമാന്റെ സ്യൂട്ട് സൃഷ്ടിച്ച് വൈറലായ ആളാണ് പ്രേം. തന്റെ സൃഷ്ടിലൂടെ ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച താരത്തെ അന്ന് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ പ്രേം എവിടെയാണെന്നും എന്തു ചെയ്യുകയാണെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഹൈദരാബാദിലെ മഹീന്ദ്ര യൂണിവേഴ്സിറ്റിയിലെ എൻജീനിയറിങ്ങ് വിദ്യാർഥിയായ പ്രേം നിങ്ങോമ്പം കഴിഞ്ഞ വേനലിൽ മഹീന്ദ്രയുടെ ഓട്ടോ ഡിസൈൻ സ്റ്റുഡിയോയിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'പ്രേം വളരെ വിജയകരമായി ഇൻ്റേൺഷിപ്പ് പൂർത്തിയാക്കി, അഡ്വാൻസ് കാർ ഓപ്പണിങ് മെക്കാനിസത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന പ്രേം, പുതിയ കാര്യങ്ങൾ പഠിക്കാൻ വളരെയധികം താൽപര്യം കാണിക്കുന്നു. ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പ്രേമിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. ഇത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

2021 ലാണ് മണിപ്പൂരിലെ ഹൈയ്റോക്ക് സ്വദേശിയായ പ്രേം നിങ്ങോമ്പം തന്റെ അതിഗംഭീരമായ കണ്ടുപിടിത്തങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലായത്. പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് പ്രേം തന്റെ കണ്ടുപിടിത്തങ്ങളെല്ലാം നടത്തിയത്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ചെലവ് കുറഞ്ഞ രീതിയിൽ നിർമിച്ച അയൺമാൻ സ്യൂട്ടായിരുന്നു.


വാർത്ത ശ്രദ്ധയിൽ പെട്ടതാടെ മഹീന്ദ്രയുടെ ഓഫർ പ്രേമിനെ തേടിയെത്തുകയായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ഇടപെടലോടെയാണ് ഇത് സാധ്യമായത്. അയൺ മാൻ സ്യൂട്ട് നിർമിച്ച മണിപ്പൂരിന്റെ മിടുക്കന് അവൻ ആഗ്രഹിക്കുന്ന രീതിയിലുള്ള എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടാൻ സഹായിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു.

'ഇംഫാലിൽ നിന്നുള്ള നമ്മുടെ യുവ ഇന്ത്യൻ അയൺമാൻ പ്രേമിനെ ഓർക്കുന്നുണ്ടോ? അവൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിങ് വിദ്യാഭ്യാസം നേടാൻ ഞങ്ങൾ അവനെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം ഹൈദരാബാദിലെ മഹീന്ദ്ര യൂനിവേഴ്സിറ്റിയിൽ എത്തിയെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തെ ഇത്രയും നന്നായി പരിപാലിക്കുന്നതിന് ഇൻഡിഗോയ്ക്ക് നന്ദി'- എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പഴയ ട്വീറ്റ്'

പത്താമത്തെ വയസ് മുതൽ തുടങ്ങിയതാണ് റോബോർട്ട്സിനോടും യന്ത്രങ്ങളോടുമുള്ള പ്രേമിന്റെ താൽപര്യം. മാർവൽ സിനിമകളിലെ തന്റെ ഇഷ്ടകഥാപാത്രമായ അയൺമാന്റെ വിവിധതരം ഹെൽമെറ്റുകളും, റിയൽ സ്റ്റീൽ സിനിമകളിലെ റോബോർട്ടുകളുടെ മാതൃകകളും പ്രേം നിർമിച്ചിട്ടുണ്ട്. പ്രേമിന് തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ആനന്ദ് മഹീന്ദ്ര, പ്രേമിന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Teen Who Built 'Iron Man' Suit Is Now...: Anand Mahindra Gives An Update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.