കോഴിക്കോട്: ഫേസ്ബുക് പോസ്റ്റിനടിയിൽ താൻ എഴുതിയ കമൻറ് സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ ജോൺ ബ്രിട്ടാസ് ഡിലീറ്റ് ചെയ്തതായി യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ്. ഡിലീറ്റ് ചെയ്ത കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് താരയുടെ പോസ്റ്റ്. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹയുമായി കരൺ ഥാപ്പർ നടത്തിയ അഭിമുഖം സംബന്ധിച്ച് ബ്രിട്ടാസ് എഴുതിയ കുറിപ്പിനാണ് താര കമന്റ് ചെയ്തത്.
അടിയന്തരാവസ്ഥയെയും കോൺഗ്രസിലെ കുടുംബവാഴ്ചയെയും വിമർശിച്ച് രാമചന്ദ്ര ഗുഹ നടത്തിയ പരാമർശങ്ങളാണ് ബ്രിട്ടാസ് പോസ്റ്റിൽ ഉദ്ധരിച്ചിരുന്നത്. ഇതിന് മറുപടിയായി ‘പിണറായി വിജയനെ ഏറ്റവും സ്വേച്ഛാധിപതിയായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും മുണ്ടുടുത്ത മോദിയെന്നും ഇതേ രാമചന്ദ്ര ഗുഹ വിളിച്ചതും താങ്കൾ അംഗീകരിക്കുന്നു എന്ന് കരുതുന്നു’ എന്ന് താര കമന്റ് ചെയ്തു. ഇതോടൊപ്പം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചിരുന്നു. എന്നാൽ, വൈകാതെ ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഇതേക്കുറിച്ച് താര തന്റെ ഫേസ്ബുക് പേജിലാണ് വിശദീകരിച്ചത്. ‘ശ്രീ ജോൺ ബ്രിട്ടാസ്, താങ്കൾ ഇന്ന് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്ന രാമചന്ദ്ര ഗുഹയുടെ ഇൻറർവ്യൂ പോസ്റ്റിൽ, ഞാൻ ചോദിച്ച നിരുപദ്രവകരമായ ഒരു ചോദ്യം, താങ്കള് ഡിലീറ്റ് ചെയ്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. താങ്കളെ പോലൊരു നേതാവ് ചോദ്യങ്ങൾ ഡിലീറ്റ് ചെയ്യുന്നത്, ഉത്തരം തരാൻ കഴിവില്ലാതാവുമ്പോൾ 'ചോദ്യങ്ങൾ ഇല്ലെങ്കിൽ പ്രശ്നം ഇല്ല' എന്ന മനോഭാവം നിമിത്തമാണെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?!’ എന്നായിരുന്നു താരയുടെ കുറിപ്പ്.
ഇതിന് ‘സിസ്റ്റത്തിന്റെ കുഴപ്പമാണ്, ബ്രിട്ടാസ് പാവമാണ്’ എന്ന പരിഹാസവുമായി വി.ടി. ബൽറാം രംഗത്തെത്തി. എന്നാൽ, ‘പാവമല്ല... പാവയാണ്. പിണറായി വിജയൻ കീ കൊടുക്കുന്നതിനനുസരിച്ച് ഡാൻസ് കളിക്കുന്ന പാവ...’ എന്നായിരുന്നു താരയുടെ മറുപടി.
ബ്രിട്ടാസിന്റെ കുറിപ്പിന്റെ പൂർണരൂപം:
രാമചന്ദ്ര ഗുഹയുടെ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തെ മുൻനിർത്തി പ്രസിദ്ധ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുമായി കരൺ ഥാപ്പർ നടത്തിയ ഒരു അഭിമുഖമുണ്ട്. ഇന്ദിരാഗാന്ധിയും നരേന്ദ്രമോദിയും തമ്മിലുള്ള താരതമ്യമാണ് അഭിമുഖത്തിന്റെ കാതൽ. ഇതിനിടയിൽ അദ്ദേഹം തുറന്നു പറഞ്ഞ ഒരു കാര്യമുണ്ട്, കേരളത്തിന്റെ പശ്ചാത്തലത്തിൽ അതിന് പ്രസക്തിയുള്ളതുകൊണ്ട് ഇവിടെ കുറിക്കുന്നു.
“….. ഇതുവരെ പറയാത്തൊരു കാര്യമാണിത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു പ്രധാനപ്പെട്ട യുവകോൺഗ്രസ് നേതാവ് എന്നെ കാണാൻ ബാംഗ്ലൂരിൽ വന്നു. രാഹുൽഗാന്ധിക്ക് എന്ത് ഉപദേശമാണ് അങ്ങേയ്ക്ക് നൽകാനുള്ളത്? കൂടുതലായി ഒന്നുമില്ല, ഒരെണ്ണം അദ്ദേഹത്തെ അറിയിക്കുക. രണ്ടു സീറ്റിലും മത്സരിച്ച് ജയിച്ച സ്ഥിതിക്ക് വയനാട് ഉപേക്ഷിച്ചു അമേഠി നിലനിർത്തുക. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശിന് വലിയ പ്രാധാന്യമുണ്ട്. ഒഴിവു വരുന്ന വയനാട്ടിൽ ഒരു കാരണവശാലും സഹോദരി പ്രിയങ്കയെ നിർത്താൻ പാടില്ല. ജനങ്ങളുടെ നേതാവായി ഉരുത്തിരിയുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടി എല്ലാം തകിടം മറിക്കും. കോൺഗ്രസിന് കുടുംബമാണ് എല്ലാം എന്ന പ്രതീതി വീണ്ടും സൃഷ്ടിക്കപ്പെടും…. എന്റെ ഉപദേശം രാഹുലിനെ അറിയിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ നിർത്തി വിജയിപ്പിച്ചു…...
വിജയിച്ച ഉടനെ പ്രിയങ്ക നടത്തിയ ഒരു പ്രസ്താവനയുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ഞാനും ഉത്തരേന്ത്യയിൽ നിന്ന് സഹോദരനും ഇന്ത്യയെ ഒരുമിപ്പിക്കുന്നു എന്നായിരുന്നു അത്. അഹങ്കാരവും വിഡ്ഢിത്തവും നിറഞ്ഞ പ്രസ്താവന. കഴിഞ്ഞില്ല, ഭരണഘടനയുടെ 75-ാം വാർഷികത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് പ്രിയങ്കയാണ്. ഈ പ്രസംഗത്തിന് ആറുമാസത്തിനു ശേഷമാണ്, ഭരണഘടനയെ അട്ടിമറിച്ച അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ഇന്ത്യ ആചരിക്കാൻ പോകുന്നത് എന്ന് പോലും ഓർത്തില്ല. അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരയുടെ പേരക്കിടാവാണല്ലോ പ്രിയങ്ക. Congress is spectacularly stupid…..”
അഭിമുഖത്തിന്റെ പ്രസക്തഭാഗവും ലിങ്കും ഇതോടൊപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.