കൊച്ചി: ഇറാന് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം, അമേരിക്കയുടെ ഇറാഖ് അധിനിവേശ സമയത്ത് നടത്തിയ നീക്കത്തിന് സമാനമാണെന്ന് വിദേശകാര്യ വിദഗ്ധനും എഴുത്തുകാരനുമായ സജി മാർക്കോസ്. ഇറാഖ് അധിനിവേശം അമേരിക്കൻ പ്രോജക്ടല്ലെന്നും ഇസ്രായേൽ പ്രോജക്ട് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇറാഖിൽ ഇസ്രായേൽ ലോബി അമേരിക്കയെ യുദ്ധത്തിലെത്തിച്ചു. ഏതാണ്ട് 6 ലക്ഷം പേര് മരിച്ചു. ഒരു ഓലപ്പടക്കം പോലും അവിടെ കിട്ടിയില്ല. അവിടെ ഒന്നും ഇല്ല എന്ന് ഇസ്രായേലിന് ആദ്യം തൊട്ടേ അറിയാമായിരുന്നു. അവരുടെ പ്രോജെക്ട്ട് വേറെ ആയിരുന്നു, അതിൽ അമേരിക്ക വീണു, അന്നും ഇന്നും അമേരിക്കയെ നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. അമേരിക്കയുടെ 51ാം സ്റ്റേറ്റ് ആണ് ഇസ്രായേൽ എന്ന് പലരും പറയുന്നു. എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഇസ്രയേലിന്റെ ഏഴാമത്തെ ജില്ലയാണ് അമേരിക്ക. ഇസ്രായേൽ അത്രയുമേ കരുതിയിട്ടുള്ളൂ. അമേരിക്കയുടെ സമ്മതമില്ലാതെ ഇറാനെ ആക്രമിക്കുമ്പോൾ ‘അടിയൻ ലച്ചിപ്പോം’ എന്ന് പറഞ്ഞ് അമേരിക്ക വരുമെന്ന് ഇസ്രായേലിനു അറിയാം’ -സജി മാർക്കോസ് അഭിപ്രായപ്പെട്ടു.
ഇറാഖ് അധിനിവേശം ഒരു ഇസ്രായേൽ പ്രോജക്റ്റ് ആയിരുന്നു, അമേരിക്കൻ പ്രോജക്ട് ആയിരുന്നില്ല. അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ നെതാന്യാഹു എഴുതി: ‘ഇറാഖ് ആണവ ബോംബുകൾ ഉണ്ടാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്, അത് ഇസ്രായേലിനെക്കാൾ അമേരിക്കയ്ക്ക് ആണ് ഭീഷണി’.
ചെറിയ ബുദ്ധിയല്ല. ഇസ്രായേൽ ലോബി അമേരിക്കൻ മാധ്യമങ്ങളെ സ്വാധീനിച്ചു നിരന്തരം ലേഖനങ്ങൾ എഴുതി. ‘അമേരിക്ക ഭീഷിണിയിൽ!!’ ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അമേരിക്കൻ മീഡിയകളിൽ ഇത്രയ്ക്കും പെനട്രീഷൻ എങ്ങിനെ കിട്ടി എന്ന് അത്ഭുതപ്പെട്ടു പോകുംവിധം വാർത്തകളുടെ കുത്തൊഴുക്ക്. നൂറുകണക്കിന് വാർത്തകളാണ് ഇസ്രായേൽ ലോബി അമേരിക്കൻ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്. അമേരിക്ക നിലനിൽപ് ഭീഷിണിയിൽ ആണെന്ന് ക്രമേണ ജനങ്ങളും വിശ്വസിച്ചു തുടങ്ങി.
അവസാനം ഈ വിഷയം അമേരിക്ക യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഉന്നയിച്ചത് ഇസ്രായേലിനെ ചൊടിപ്പിച്ചു. ഷിമോൻ പെരസ് റഷ്യയിൽ ചെന്ന് പുടിനോട് പറഞ്ഞത് ’ഏറ്റവും ആധുനിക ആണവ ബോംബ് ആണ് ഇറാഖ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്’ എന്നാണ്.
ഇപ്പോൾ യുദ്ധം ചെയ്തില്ലെങ്കിൽ ഹിറ്റ്ലറിന്റെ കാലം ആവർത്തിക്കപ്പെടും എന്ന് അമേരിക്കൻ പത്രങ്ങളിലൂടെ ഇസ്രായേൽ ലോബി പ്രചരിപ്പിച്ചു. യുദ്ധ തീരുമാനത്തിന് കോണ്ടലിസ റൈസിനും ഡിക്ചെനിക്കും പൂർണ സമ്മതമായിരുന്നില്ല. ചില ഉന്നതരായ പത്രപ്രവർത്തകരും മാധ്യമ പ്രവർത്തകരും ചോദ്യങ്ങൾ ചോദിച്ചു: ‘ഇറാഖിന്റെ ആണവ പദ്ധതിക്കെന്തെങ്കിലും തെളിവുണ്ടോ എന്ന്’.
ചോദ്യം ചോദിച്ചവരെയെല്ലാം ജോലിയിൽനിന്ന് പിരിച്ചുവിട്ടു. (ഫിൽ ഡോൺഹ്യുവിന്റെ ടോക്ക് ഷോ എം.എസ്.എൻ.ബി.സി ക്യാൻസൽ ചെയ്തത് അതിൽപെടും).
അവസാനം ഇസ്രായേൽ വിജയിച്ചു, അമേരിക്കയെ യുദ്ധത്തിലെത്തിച്ചു. ഏതാണ്ട് 6 ലക്ഷം പേര് മരിച്ചു. ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല. ഇസ്രായേലിനു ഒരു പ്രശ്നവും ഇല്ല, കാരണം അവിടെ ഒന്നും ഇല്ല എന്ന് അവർക്ക് ആദ്യം തൊട്ടേ അറിയാമായിരുന്നു. അവരുടെ പ്രോജെക്ട്ട് വേറെ ആയിരുന്നു, അതിൽ അമേരിക്ക വീണു, അന്നും ഇന്നും അമേരിക്കയെ നിയന്ത്രിക്കുന്നത് ഇസ്രായേലാണ്.
പലരും പറയുന്നു, അമേരിക്കയുടെ 51 ആം സ്റ്റേ ആണ് ഇസ്രായേൽ എന്ന്. എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഇസ്രയേലിന്റെ ഏഴാമത് ജില്ലയാണ് അമേരിക്ക. ഇസ്രായേൽ അത്രയുമേ കരുതിയിട്ടുള്ളൂ.
ഇറാഖിനെ പഴയത് പോലെ ആക്കാൻ പത്ത് തലമുറവേണ്ടി വരും എന്ന് നിർമാണ വിദഗ്ധർ പറയുന്നു. ഇപ്പോൾ ദാ അമേരിക്കയുടെ സമ്മതമില്ലാതെ ഇറാനെ ആക്രമിക്കുന്നു. ‘അടിയൻ ലച്ചിപ്പോം’ എന്ന പറഞ്ഞു അമേരിക്ക വരും എന്ന് ഇസ്രായേലിനു അറിയാം.
ഫലസ്തീനെ വിഭജിച്ച് യൂറോപ്പിന്റെ പ്രശ്നം തീർക്കാൻ ബ്രിട്ടൻ കുടിയിരുത്തിയ സയണിസ്റ്റുകൾ മൂലം മിഡിൽ ഈസ്റ്റിനു മേൽ വന്നുപതിച്ച ശാപം. നെതന്യാഹു ഒരു സൈക്കോപാത്താണ്, അതുകൊണ്ടാണ് അയാൾ ഹൃദയശൂന്യമായി ഗസ്സയിൽ ആക്രമണം നടത്തുന്നത്!!
(പലരും കമെന്റുകളിലും ,സജി ലൂക്കോസ്, സജി കുറിയാക്കോസ്, രജി ലൂക്കോസ് എന്നെല്ലാം പറയുന്നു, ശ്രദ്ധിക്കുക - This is the one and only Saji Markose, !!. തെറി ആണെങ്കിലും പ്രശംസ ആണെങ്കിലും രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ആള് വേണമല്ലോ, ലക്‌ഷ്യം തെറ്റിയ മിസൈലുകളെപ്പോലെ ആകരുത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.