സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസിന്റെ കീഴിൽ എടവണ്ണയിൽ സ്ഥാപിച്ച സൗജന്യ ഡയാലിസിസ് സെന്ററിൽ മകൻ പി.കെ. ബഷീർ എം.എൽ.എ

‘കാൻസർ ബാധിച്ച് ബാപ്പയും എന്റെ മകളും ഞങ്ങളെ വിട്ടുപോയി.. ’ -സീതി ഹാജിയുടെ ​ഓർമയിൽ സൗജന്യ കാൻസർ, ഡയാലിസിസ് സെന്ററുകൾ; സ്വപ്‌നം സഫലമായെന്ന് പി.കെ. ബഷീർ

എടവണ്ണ (മലപ്പുറം): ‘പാവങ്ങളെ ചേർത്തുപിടിക്കുന്നത് ബാപ്പയുടെ ശീലമായിരുന്നു. ആര് എന്ത് ആവശ്യവുമായി വന്നാലും അവരെ പരിഗണിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ബാപ്പ സമയം കണ്ടെത്തി. ആ മാതൃക തന്നെയാണ് എനിക്കും ജീവിതത്തിൽ പ്രചോദനമായത്’ -മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ പി. സീതിഹാജിയുടെ നാമധേയത്തിൽ സൗജന്യ ഡയാലിസിസ് സെന്റർ സ്ഥാപിതമായതിലൂടെ തന്റെ സ്വപ്നമാണ് സഫലമാകുന്നതെന്ന് മകനും എം.എൽ.എയുമായ പി.കെ. ബഷീർ.


‘കാൻസർ ബാധിതനായ ശേഷം പിതാവിന്റെ അവസ്ഥ ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി. ഒരുപാട് വേദന സഹിച്ചാണ് ബാപ്പ വിടവാങ്ങിയത്. അതിന് ശേഷമാണ് എന്റെ മകൾക്കും അർബുദം സ്ഥിരീകരിക്കുകയും എല്ലാവരെയും സങ്കടത്തിലാഴ്ത്തി അവൾ ഞങ്ങളെ വിട്ട് പോവുകയും ചെയ്തത്. ഈ രണ്ട് വ്യസനങ്ങളാണ് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ക്യാൻസർ ചികിത്സ ഉറപ്പാക്കാൻ ഗ്രാമീണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ കാൻസർ സെന്റർ എന്ന ആശയത്തിന് കാരണമായത്. ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെ കാൻസർ സെന്റർ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. സൗജന്യ ക്യാൻസർ സെന്ററിന് ശേഷം സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസിന്റെ പുതിയ പദ്ധതിയാണ് സൗജന്യ ഡയാലിസിസ് സെന്റർ. 10 ഡയാലിസിസ് മെഷീനകളോടെയാണ് സെന്റർ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് ഷിഫ്റ്റുകളിൽ 36 പേർക്ക് സൗജന്യമായി ഡയാലിസിസിന് അവസരമുണ്ടാകും. എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.


സീതി ഹാജി സെന്റർ ഫോർ ചാരിറ്റീസിന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം.പിയാണ് നിവഹിച്ചത്. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എം.പി, പി.എം.എ. സലാം, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, അഡ്വ. എൻ. ഷംസുദ്ദീൻ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, എ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - PK Basheer MLA at seethi sahib dialysis center Edavanna under Seethi Haji Center for Charities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.