തലതെറിച്ച ചിലരുടെ കോപ്രായങ്ങൾക്ക്​ മുമ്പിൽ ഈ പ്രസ്ഥാനം തലകുനിക്കേണ്ടി വരുന്നത്​ കാണുമ്പോൾ വേദന

കോഴിക്കോട്​: നിസ്വരുടെ കണ്ണീരൊപ്പാൻ കഴിയുമെന്ന് ലക്ഷങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന പ്രസ്ഥാനം, തല തെറിച്ച വിരലിലെണ്ണാവുന്നവർ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾക്ക് മുന്നിൽ ലജ്ജാ ഭാരത്തോടെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് കാണുമ്പോൾ വേദന തോന്നുന്നു....​ -ദീർഘകാലം സി.പി.​െഎ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാ മെമ്പറും മന്ത്രിയുമായിരുന്ന എൻ.ഇ ബാലറാമി​െൻറ മകനായ മേഘനാഥ്​​ ഫേസ്​ബുക്കിൽ കുറിച്ചതാണ്​ ഇത്​. സ്വർണ്ണക്കടത്ത്​ കേസും ബിനീഷ്​ കൊടിയേരിരുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസും സി.പി.എമ്മിന്​ സംസ്ഥാനത്ത്​ വലിയ പ്രതിസന്ധി സൃഷ്​ടിക്കുന്ന പശ്ചാത്തലത്തിലാണ്​ അദ്ദേഹത്തി​െൻറ പോസ്റ്റ്​.

ഫേസ്​ബുക്ക്​ കുറിപ്പി​െൻറ പൂർണ്ണരൂപം

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തക​െൻറ മകനാണ് ഞാൻ. പിണറായിയിലെ പാറപ്രത്ത് പാർട്ടി രൂപീകരണ സമ്മേളനം മുതൽ മരണം വരെ അച്ഛൻ പാർട്ടിക്കാരനായിരുന്നു.
ഭേദപ്പെട്ട ഇടത്തരം കുടുംബത്തിൽ ജനിച്ച അച്ഛൻ " വഴിപിഴച്ചതോടെ " ഏതാണ്ടെല്ലാ സ്വത്തും ബ്രിട്ടീഷ് സർക്കാർ കണ്ടു കെട്ടി.
ശേഷിച്ച ചെറിയ ഒരു ഇരു മുറി വീട്ടിൽ അച്ചാച്ചയ്ക്കൊപ്പം താമസിച്ച് പാർട്ടി പ്രവർത്തനം തുടങ്ങി. ബീഡിത്തൊഴിലാളി, ട്യൂഷ്യൻ മാസ്റ്റർ ( സംസ്കൃതം ) എന്നു വേണ്ട ഒളിവുകാലത്ത് പോണ്ടിച്ചേരിയിൽ ഇറച്ചിവെട്ടുകാരനായി വരെ ജോലി നോക്കി.
സർക്കാരുദ്യോഗസ്ഥയായ അമ്മയെ വിവാഹം കഴിച്ച ശേഷമാണ് നല്ല വസ്ത്രങ്ങൾ പോലും ധരിച്ചു തുടങ്ങിയത് ( ഒരു ജോടി) .
പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കുന്നതി​െൻറ ഭാഗമായി തിരുവനന്തപുരത്ത് അച്ഛന് തങ്ങേണ്ടി വന്നതിനാലാണ് ഞങ്ങൾ ഇവിടെ എത്തപ്പെട്ടത്. അമ്മയ്ക്ക് സ്ഥലംമാറ്റവും കിട്ടി. തലസ്ഥാനത്ത് മൂന്ന് നാല് വാടക വീടുകളിലെ പൊറുതിക്കു ശേഷമാണ് അമ്മയുടേതായി നാട്ടിലുണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി സർക്കാർ വായ്പയും എടുത്ത് ഒരു വീട് തട്ടിക്കൂട്ടിയത്.
ഒപ്പം താമസിക്കാൻ എത്തിയപ്പോൾ അച്ഛൻ ആകെ ഒരു നിബന്ധനയേ വച്ചുള്ളൂ. പാർട്ടിയെ നാറ്റിക്കുന്ന ഒരു പണിയും ചെയ്യരുത്. എന്തെങ്കിലും എടാ കൂടം ഒപ്പിച്ചാൽ പിന്നെ ഈ വീട്ടിൽ സ്ഥലമുണ്ടാകില്ല. ഒരിക്കലുമില്ലാത്ത കാർക്കശ്യം അച്ഛ​െൻറ സ്വരത്തിലുണ്ടായിരുന്നു.
മിനിമലൈസ്ഡ് ലിവിംഗ് ആയിരുന്നു അച്ഛ​േൻറത്​. മറിച്ചൊരു ജീവിതം വേണ്ടെന്ന് ഞങ്ങൾ മക്കളും തീരുമാനിച്ചു. കോളേജ് തുടക്കത്തിലാണ് ഞാൻ തലസ്ഥാനത്തെത്തിയത്. രാഷ്ട്രീയമായി 100 ശതമാനം അച്ഛ​െൻറ വഴികളിലല്ല നടന്നത്.
അതൊന്നും വീട്ടിൽ ഒരു വിഷയമേയല്ലായിരുന്നു.
കോളേജ് പഠനക്കാലത്ത് നിരവധി സുഹൃത്തുക്കളുണ്ടായി. സംഘടനാ പ്രവർത്തനം വഴി വേറെയും . ഇപ്പോൾ മലയാള സിനിമാലോകത്തെ ഒരു മുൻനിര നിർമ്മാതാവായിരുന്നു ഒരാൾ. സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലുള്ള അവൻ അക്കാലത്ത് തന്നെ കാറിലും സ്കൂട്ടറിലും (Yezdi)മാറി മാറിയായിരുന്നു കോളേജിലെത്തിയിരുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമായി .
എനിക്കാകെ വശമുള്ള ഇരുചക്രവാഹന ഡ്രൈവിംഗ് ഗുരുവും അവനാണ്. സ്വന്തം വണ്ടിയിൽ പെട്രോളടിച്ച് "ദരിദ്രവാസി"യായ എന്നെ നല്ല സ്കൂട്ടറോട്ടിപ്പുകാരനാക്കിയതും ഗുരു തന്നെ. ഒരു ദിവസം അവൻ നിർബന്ധിച്ച് ബൈക്ക് എന്നെ ഏൽപ്പിച്ചു. കൈ തെളിയാൻ പത്ത് ദിവസം സമയം. പെട്രോൾ സ്പോൺസർ ഗുരു.
നിശാ സഞ്ചാരിയായിരുന്നതിനാൽ വൈകിയേ വീടണയു. വീടിനു മുന്നിലെ സ്വകാര്യ റോഡിൽ ബൈക്ക് നിർത്തി ഗൃഹപ്രവേശം. പിറ്റേന്ന് അമ്മ ചോദിച്ചു.. നീയാണോ ബൈക്കിൽ വന്നത്. ചേച്ചിമാരും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടങ്ങി. കുറ്റസമ്മതം നടത്തി. അടുത്ത ദിവസം രാവിലെ കോളേജിലേയ്ക്കിറങ്ങുമ്പോൾ പിൻവിളി. അച്ഛൻ. വൈകുന്നേരം വരുന്നത് ബൈക്കിലാകരുത്. നിനക്ക് കുടിയേ കഴിയൂ എങ്കിൽ വാങ്ങിത്തരാം.
അതിനു ശേഷം സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് ബൈക്ക് വാങ്ങി. കാലപ്പഴക്കം വന്നപ്പോൾ വാങ്ങിയ രണ്ടാമത്തെ യമഹനിലാണ് ഇപ്പോഴും യാത്ര. കാറും ബൈക്കുമൊക്കെ ഒക്കച്ചങ്ങാതിമാരിൽ നിന്ന് എരവ് വാങ്ങിക്കുമ്പോൾ.. ചങ്ങാതിമാർക്ക് കുഴപ്പങ്ങളുണ്ടെങ്കിൽ അതു കൂടെ ഒപ്പം കിട്ടുമെന്നതിനാലാണ് ജാഗ്രത വേണമെന്ന പാഠം അച്ഛൻ ഉപദേശിച്ചത്. എനിക്ക് സംഭവിച്ചേക്കാവുന്ന ഗ്ലാനിയേക്കാൾ പ്രസ്ഥാനത്തി​െൻറ മേൽ കരിനിഴൽ വീഴരുതെന്ന നിർബന്ധമായിരുന്നു അച്ഛന് .
കാലം മാറിയിരിക്കുന്നു. പ്രലോഭനങ്ങൾ വച്ചു നീട്ടുന്ന ചന്തയാണ് ഇന്നി​െൻറ ലോകം. വേറിട്ട മൂല്യങ്ങൾ മുന്നോട്ട് വെക്കണമെന്ന് ആത്മാർത്ഥ ചിന്തയുണ്ടെങ്കിൽ കെണികളിൽ കുടുങ്ങാതിരിക്കാനുള്ള ജാഗ്രത എല്ലാവർക്കുമുണ്ടാകണം.
പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം ? സ്വബോധമുള്ളവർ ഉള്ളിൽ ചിരിക്കും പരിഹാസത്തോടെ. നിസ്വരുടെ കണ്ണീരൊപ്പാൻ കഴിയുമെന്ന് ലക്ഷങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന പ്രസ്ഥാനം , തല തെറിച്ച വിരലിലെണ്ണാവുന്നവർ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾക്ക് മുന്നിൽ ലജ്ജാ ഭാരത്തോടെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് കാണുമ്പോൾ വേദന തോന്നുന്നു.

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ്റെ മകനാണ് ഞാൻ. പിണറായിയിലെ പാറപ്രത്ത് പാർട്ടി രൂപീകരണ സമ്മേളനം മുതൽ മരണം വരെ അച്ഛൻ...

Posted by Meghanad Nhalil Edavalath on Wednesday, 4 November 2020

Tags:    
News Summary - Meghanad Nhalil Edavalath facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.