ആര്യ രാജേന്ദ്രൻ, സൊഹ്റാൻ മംദാനി
തിരുവനന്തപുരം: ന്യൂയോർക്കിലെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയെ തലസ്ഥാനത്തേക്ക് ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഹൃദയപൂർവം ക്ഷണിക്കുന്നുവെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ മംമ്ദാനിക്കുള്ള അഭിനന്ദനക്കുറിപ്പിലാണ് ആര്യയുടെ ക്ഷണം. ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തെരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണ് മംദാനിയുടെ വിജയമെന്നും അവർ കുറിച്ചു.
ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം.
നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിറുത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം!
മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി ജയിച്ചത്. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 34കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം പേർ വോട്ടുചെയ്തു.
പുതിയ മേയർ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടൻ അകാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. മംദാനിയുടെ മേയർ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും കനത്ത തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.