കു​ട്ട​മ​ശ്ശേ​രി യു​വ​ജ​ന വാ​യ​ന​ശാ​ല​യു​ടെ അ​വാ​ർ​ഡ് ന​ട​ൻ സി​ദ്ദീ​ഖി​ൽ നി​ന്ന് ബി.​എ​ൻ.​കെ അ​ഡ്മി​ന്മാ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

നാടിന്‍റെ സ്പന്ദനമായി ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി വാട്സ്ആപ്പ് ഗ്രൂപ്

ആലുവ: ഒരു നാടിന്‍റെയാകെ സ്പന്ദനമായി മാറിയിരിക്കുകയാണ് ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി എന്ന വാട്സ്ആപ്പ് ഗ്രൂപ്. ആലുവ കുട്ടമശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകളെ ഉൾപ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള ഗ്രൂപ് ശ്രദ്ധേയപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ഫോർവേഡ് മെസേജുകളും മറ്റു വിനോദ മെസേജുകളിലും ഒതുങ്ങി നിൽക്കുന്ന ഗ്രൂപ്പുകളിൽ നിന്നും വിഭിന്നമായി നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും വാർത്തകളും ഉപകാരപ്രദമായ അറിയിപ്പുകളും പങ്കുവെക്കുന്നതോടൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയാണ് ബി.എൻ.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്. 2018ലാണ് ബ്രേക്കിങ് ന്യൂസ് വാട്സ് ആപ് ഗ്രൂപ്പ് രൂപവത്കരിക്കുന്നത്. ഇപ്പോൾ രണ്ട് ഗ്രൂപ്പുകളിലായി സ്ത്രീകൾ ഉൾപ്പെടെ 700ലധികം അംഗങ്ങളുണ്ട്.

നിർധന രോഗികൾക്ക് ചികിത്സക്കാവശ്യമായ സഹായങ്ങൾ എത്തിക്കുന്നു. വെള്ളം, വൈദ്യുതി, റോഡ് സംബന്ധമായി എന്ത് തടസ്സങ്ങൾ നേരിട്ടാലും ഉടനടി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം ഉണ്ടാക്കുന്നു. വിവിധ തൊഴിൽ മേഖലയിലുള്ളവർ ഗ്രൂപ്പിലുള്ളതുകൊണ്ട് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടായാൽ അത് ദൂരീകരിച്ചു നൽകും. ഗ്രൂപ്പിലുള്ള വിവിധ ടെക്നീഷ്യന്മാർ ആളുകൾക്ക് ഉടനടി സഹായം എത്തിക്കും.

കർഷകരുടെ നാടൻ ഉൽപന്നങ്ങളുടെയും വീട്ടമ്മമാരുടെ ഉൽപന്നങ്ങളുടെയും വിൽപന, കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകൽ, വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിക്കൽ എന്നിവയും നടത്തുന്നു.

കുട്ടമശ്ശേരിയിൽ പ്രവർത്തിക്കുന്ന യുവജന വായനശാലക്ക് രണ്ട് ഘട്ടങ്ങളിലായി വിവിധ തരത്തിലുള്ള സൗണ്ട് സിസ്റ്റങ്ങൾ നൽകി. അടുത്തിടെ കുട്ടമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ മാനസിക രോഗിയെ പുനരധിവസിപ്പിച്ചു. ഗ്രൂപ് അംഗങ്ങളുടെ പരിശ്രമ ഫലമായി 'മാധ്യമം' പത്രത്തിൽ വാർത്ത വരികയും കെൽസ സബ് ജഡ്ജിന്‍റെ നിർദേശ പ്രകാരം ബെത് ലെഹേം പുനരധിവാസ കേന്ദ്രത്തിൽ അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. തുടക്കം മുതൽ ബി.എൻ.കെ ഗ്രൂപ്പിന്‍റെ അമരക്കാരായ ജബ്ബാർ മങ്ങാട്ടുകരയുടെയും, നിഷാദ് കുഴിക്കാട്ടകത്തൂട്ടിന്‍റെയും മരണം ഗ്രൂപ്പിന് തീരാ നഷ്ടമായി. ഇവരുടെ നേതൃത്വത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം ദുരിതാശ്വാസ പ്രവർത്തനത്തിന് സ്വന്തമായി ബോട്ട് ഉണ്ടാക്കി.

അഡ്മിൻമാരായ ജോസഫ്, ഷിഹാബ്, ഷമീർ, ഫിറോസ് എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായ മുബാറക്ക്, നൗഷാദ്, സി.കെ.സൈദ്, അസീബ് എന്നിവരുമാണ് ഗ്രൂപ് നിയന്ത്രിക്കുന്നത്. മികച്ച പ്രവർത്തനത്തിന് കുട്ടമശ്ശേരി യുവജന വായനശാലയുടെ അവാർഡ് കഴിഞ്ഞ ദിവസം ബി.എൻ.കെ ഗ്രൂപിന് ലഭിച്ചു. ഗ്രൂപ് അംഗങ്ങളെ ഉൾപ്പെടുത്തി ഒരു എമർജൻസി ബ്ലഡ് ഡൊണേഷൻ ഗ്രൂപ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.എൻ.കെ അംഗങ്ങൾ. 2023 ൽ ഗ്രൂപ്പിന്‍റെ അഞ്ചാം വാർഷികം ജനങ്ങൾക്ക് ഉപകാരമായ പല പരിപാടികളിലൂടെയും വിപുലമായി ആഘോഷിക്കാനാണ് തീരുമാനം.

Tags:    
News Summary - Kuttamassery WhatsApp Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.