പാലക്കാട്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് ദാരുണ മരണം സംഭവിച്ചിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മകളുടെ ചികിത്സാർഥം ആശുപത്രിയിലെത്തിയ തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവാണ് അധികൃതരുടെ അനാസ്ഥക്ക് ഇരയായി മരിച്ചത്.
‘സർക്കാർ ആശുപത്രിയിൽ ഔദ്യോഗിക സിസ്റ്റത്തിന്റെ അനാസ്ഥയുടെ കാരണത്താൽ കെട്ടിടം തകർന്ന് ഒരു സാധു സ്ത്രീ ദാരുണമായി കൊലചെയ്യപ്പെട്ട ദുരന്ത വാർത്ത കേട്ടാൽ ഏതൊരു ഭരണാധികാരിയും പ്രാഥമികമായി ചെയ്യുക മറ്റെല്ലാ പരിപാടിയും മാറ്റിവച്ച് അവിടേക്ക് ഓടിച്ചെല്ലുക എന്നതാണ്. മുഖ്യമന്ത്രി ഉണ്ടായിരുന്ന സ്ഥലവും അപകടം നടന്ന മെഡിക്കൽ കോളജും തമ്മിൽ അധികം ദൂരമില്ല. എന്നാൽ പിണറായി വിജയൻ അങ്ങനെ ഒരു സാധാരണ മുഖ്യമന്ത്രിയല്ലല്ലോ, "ഒരു പ്രത്യേക ജനുസ്സ്" അല്ലേ! അതുകൊണ്ടുതന്നെ തന്റെ മുൻ നിശ്ചയപ്രകാരമുള്ള പരിപാടികൾ എല്ലാം കഴിഞ്ഞ് ആരെയോ ബോധിപ്പിക്കാനെന്ന പോലെ മെഡിക്കൽ കോളജിലൊന്ന് തലകാണിച്ച് ഉടൻ തിരിച്ചു പോവുന്നു പിണറായി വിജയൻ. തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പ്രധാനപ്പെട്ട കോട്ടയം സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ നാട്ടാരെ അറിയിക്കുന്നു. തെറ്റിദ്ധരിക്കണ്ട, മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചതിനേക്കുറിച്ചുള്ള പ്രതികരണമല്ല, മുഖ്യമന്ത്രിക്ക് ഇന്ന് കോട്ടയത്തുണ്ടായിരുന്ന മറ്റൊരു പരിപാടിയുടെ ഉദ്ഘാടന വിവരമാണ് പിആർ ടീം തയ്യാറാക്കിയ റീൽസിലൂടെ ഏറ്റവുമാദ്യം മലയാളികളെ അറിയിക്കേണ്ടതായി പിണറായി വിജയന് തോന്നിയത്. ഇയാളൊരു "പ്രത്യേക ജനുസ്സ്" തന്നെ. സമ്മതിച്ചു പോയി’ -വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തെ നടുക്കിയ ദുരന്തമുണ്ടായ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വസന്ദർശനം നടത്തി മടങ്ങുകയായിരുന്നു. തെള്ളകത്തെ മേഖല അവലോകന യോഗത്തിനുശേഷം ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മെഡിക്കൽ കോളജിലെത്തിയത്. അതിനുമുമ്പുതന്നെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവൻ എത്തി. മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചെന്നും ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണംതേടി വൻ മാധ്യമസംഘവും സ്ഥലത്ത് തമ്പടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തി ആശുപത്രിയിലെ ഓഫിസിലേക്ക് പോയ അദ്ദേഹം, അഞ്ചുമിനിറ്റിനുള്ളിൽ ആശുപത്രിയിൽനിന്ന് മടങ്ങുകയുംചെയ്തു. എല്ലാം മന്ത്രിമാർ പറഞ്ഞതാണെന്നും കൂടുതലൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.ടി. ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് പകൽ മുഴുവൻ കേരള മുഖ്യമന്ത്രി കോട്ടയത്ത് ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ആശ്രയമായ ഒരു സർക്കാർ ആശുപത്രിയിൽ ഔദ്യോഗിക സിസ്റ്റത്തിന്റെ അനാസ്ഥയുടെ കാരണത്താൽ കെട്ടിടം തകർന്ന് ഒരു സാധു സ്ത്രീ ദാരുണമായി കൊലചെയ്യപ്പെട്ട ദുരന്ത വാർത്ത കേട്ടാൽ ഏതൊരു ഭരണാധികാരിയും പ്രാഥമികമായി ചെയ്യുക മറ്റെല്ലാ പരിപാടിയും മാറ്റിവച്ച് അവിടേക്ക് ഓടിച്ചെല്ലുക എന്നതാണ്. മുഖ്യമന്ത്രി ഉണ്ടായിരുന്ന സ്ഥലവും അപകടം നടന്ന മെഡിക്കൽ കോളേജും തമ്മിൽ അധികം ദൂരമില്ല.
എന്നാൽ പിണറായി വിജയൻ അങ്ങനെ ഒരു സാധാരണ മുഖ്യമന്ത്രിയല്ലല്ലോ, "ഒരു പ്രത്യേക ജനുസ്സ്" അല്ലേ! അതുകൊണ്ടുതന്നെ തന്റെ മുൻ നിശ്ചയപ്രകാരമുള്ള പരിപാടികൾ എല്ലാം കഴിഞ്ഞ് ആരെയോ ബോധിപ്പിക്കാനെന്ന പോലെ മെഡിക്കൽ കോളേജിലൊന്ന് തലകാണിച്ച് ഉടൻ തിരിച്ചു പോവുന്നു പിണറായി വിജയൻ. അപകടം നടന്ന ഭാഗത്തേക്ക് നേരിലൊന്ന് പോയിക്കാണാനോ അപകടത്തിൽ ചികിത്സയിൽക്കഴിയുന്നവരെ സന്ദർശിക്കാനോ പിണറായി വിജയന് സമയമോ താത്പര്യമോ ഇല്ല. അപകടത്തിന്റെ പിന്നാലെ യഥാർത്ഥ കാരണങ്ങളേക്കുറിച്ച് നേരിട്ടറിയാവുന്ന ദൃക്സാക്ഷികളടക്കം നൂറുകണക്കിനാളുകൾ മുഖ്യമന്ത്രിയുടെ സന്ദർശന സമയത്ത് അവിടെയുണ്ട്. അവരാരെയും കാണാനും കാര്യങ്ങൾ ചോദിച്ചറിയാനും പിണറായി വിജയന് താത്പര്യമില്ല. അവിടെക്കൂടിയ മാധ്യമ പ്രവർത്തകരോടും ഒരു വാക്ക് പ്രതികരിക്കാൻ പിണറായി വിജയന് ആത്മവിശ്വാസമില്ല.
എന്നിട്ടിപ്പോൾ തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പ്രധാനപ്പെട്ട കോട്ടയം സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ നാട്ടാരെ അറിയിക്കുന്നു. തെറ്റിദ്ധരിക്കണ്ട, മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചതിനേക്കുറിച്ചുള്ള പ്രതികരണമല്ല, മുഖ്യമന്ത്രിക്ക് ഇന്ന് കോട്ടയത്തുണ്ടായിരുന്ന മറ്റൊരു പരിപാടിയുടെ ഉദ്ഘാടന വിവരമാണ് പിആർ ടീം തയ്യാറാക്കിയ റീൽസിലൂടെ ഏറ്റവുമാദ്യം മലയാളികളെ അറിയിക്കേണ്ടതായി പിണറായി വിജയന് തോന്നിയത്. ഇയാളൊരു "പ്രത്യേക ജനുസ്സ്" തന്നെ. സമ്മതിച്ചു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.