അഭിഷേക് നായർ

യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കാത്തത് എന്തുകൊണ്ട്? ആറ് കാരണങ്ങൾ പങ്കുവെച്ച് യുവാവ്

പഠനം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുന്ന നിരവധിപ്പേരാണ് നമ്മുടെ നാട്ടിലുള്ളത്. ആവശ്യമായ യോഗ്യത ഉണ്ടായിട്ടും പലർക്കും ജോലി ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് പലർക്കും ജോലി ലഭിക്കാത്തത് എന്നതിനുള്ള കാരണങ്ങൾ വെളിപ്പെടുത്തുകയാണ് മലയാളി ടെക്കിയായ അഭിഷേക് നായർ. മിക്ക തൊഴിലന്വേഷകർക്കും ജോലി ലഭിക്കാത്തതിന്റെ ആറ് കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു.

സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എക്‌സിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലാണ് അദ്ദേഹം തൊഴിലന്വേഷകർ വരുത്തുന്ന പ്രധാന തെറ്റുകൾ പങ്കുവെച്ചത്. 90% തൊഴിലന്വേഷകർക്കും ഒരിക്കലും ജോലി ലഭിക്കാത്തതിന്റെ കാരണം തന്റെ ഒരു സുഹൃത്ത് അടുത്തിടെ വെളിപ്പെടുത്തിയതായി പോസ്റ്റിൽ പറയുന്നു. സുഹൃത്തുമായുള്ള സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് തൊഴിലന്വേഷകർ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിന്റെ കാരണങ്ങളും ഇത് എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിക്കുന്ന പോസ്റ്റ് അഭിഷേക് പങ്കുവെച്ചത്.

ഇന്ന് വെബ്‌സൈറ്റുകളും പ്രോജക്റ്റുകളും നിർമിക്കുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ്. റെസ്യൂമി, പോർട്ട്‌ഫോളിയോ എന്നിവയിൽ മികച്ച പ്രോജക്റ്റുകൾ ഇല്ലെങ്കിൽ നിങ്ങൾ ഒരു ജോലിക്ക് അർഹനല്ല. അതിനർഥം നിങ്ങൾ ഫേസ്ബുക്കോ ട്വിറ്ററോ നിർമിക്കണമെന്നല്ലെന്നും അഭിഷേക് പോസ്റ്റിൽ പറയുന്നു.

എല്ലാ ജോലിക്കും അപേക്ഷകൾ അയക്കുന്നത് നല്ലതല്ല. യഥാർഥ താൽപ്പര്യമുള്ള ജോലികൾക്ക് അപേക്ഷിക്കുകയും അതിനനുസരിച്ച് റെസ്യൂമെകൾ തയാറാക്കുകയും വേണം.

ഒരു സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടും 12 കണക്ഷനുകളുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈലും മാത്രമാണ് നിങ്ങളുടെ ഓൺലൈനിലെ സാന്നിധ്യമെങ്കിൽ, നിങ്ങൾ റിക്രൂട്ടർമാർക്ക് അദൃശ്യനാണെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. നിങ്ങൾ തന്നെ നിങ്ങളെ പ്രമോട്ട് ചെയ്യണമെന്നും പോസ്റ്റിൽ പറയുന്നു. നിങ്ങൾ എന്താണ് പഠിക്കുന്നതെന്ന് എഴുതുക, നിങ്ങളുടെ പ്രോജക്റ്റുകൾ പങ്കിടുക, യാത്രാക്കുറിപ്പുകൾ എഴുതുക എന്നിവയെല്ലാം അതിനുള്ള മാർഗങ്ങളാണ്.

ആളുകളിലൂടെയാണ് നിങ്ങൾക്ക് മിക്ക ജോലികളും കണ്ടെത്താൻ കഴിയുക. നിങ്ങൾ എക്സ്, ലിങ്ക്ഡ്ഇൻ തുടങ്ങിയവയിൽ ഡെവലപ്പർമാരുമായോ, റിക്രൂട്ടർമാരുമായോ, ബന്ധം സ്ഥാപിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ജോലി തിരയൽ 10 മടങ്ങ് കഠിനമാക്കുകയാണെന്ന് അഭിഷേക് പറയുന്നു.

പൊതുവായ പദങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സി.വി തയാറാക്കരുത്, അത് വ്യത്യസ്തമായിരിക്കണം. പൊതുവായ പദങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ റെസ്യൂമെ പൂരിപ്പിക്കുകയാണെങ്കിൽ, റിക്രൂട്ട് ചെയ്യുന്നവർക്ക് അതിൽ മതിപ്പുളവാകില്ല.

ശരിയായ സമയം എന്നൊന്നില്ല, മികച്ച അവസരങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Kerala techie shares 6 reasons why most job seekers never get hired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.