സന്ദീപ് വാര്യർ, ഡോ. വി. ആതിര (photo: facebook)
തൃശൂർ: തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങരയിൽ ബി.ജെ.പി പ്രഖ്യാപിച്ച മേയർ സ്ഥാനാർഥിയെ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് മാറ്റുന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഡോ. വി ആതിരയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രതിഷേധം ശക്തമായതോടെ ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ മത്സരിപ്പിക്കാനാണ് സാധ്യത. ഇതിൽ സ്ഥിരീകരണമില്ല.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് ഹാരാർപ്പണം നടത്തി മത്സരിക്കാൻ അയച്ച മേയർ സ്ഥാനാർഥിയെ സ്വന്തം പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചതായി സന്ദീപ് വാര്യർ പറഞ്ഞു. ‘കേരളത്തിൽ ആദ്യമായി സ്വന്തം പാർട്ടിയുടെ പ്രവർത്തകർ തടഞ്ഞ് മേയർ സ്ഥാനാർത്ഥിയെ പിൻവലിക്കേണ്ടി വന്ന നാണക്കേട് ബിജെപിക്ക് സ്വന്തം. കാൻഡിഡേറ്റ് ശരിക്കും മിസ്സാട്ടാ. കർമ ഈസ് ബൂമറാങ്ങ്. നാറാത്തത് ഇനി നാറും’ -സന്ദീപ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പൂങ്കുന്നം കൗൺസിലറായിരുന്ന ഡോ. വി. ആതിരയെ ആണ് വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഇവരെ സ്വീകരിക്കാൻ പ്രാദേശിക പാർട്ടി പ്രവർത്തകർ തയാറല്ല. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വം ഇപെട്ടിട്ടും പരിഹാരമായില്ല. ഒടുവിൽ സ്ഥാനാർഥിയെ മാറ്റാൻ തന്നെ തീരുമാനിക്കുകയായിരുന്നു. കുട്ടൻകുളങ്ങരയിൽ സ്ഥാനാർഥികളാകാൻ ബി.ജെ.പിയിൽ പാളയത്തിൽ പട തുടരുകയാണ്. രണ്ടു വനിതാ നേതാക്കൾക്കായാണ് ഇരുവിഭാഗവും പോരടിക്കുന്നത്. അതേസമയം, ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർഥിയെ മാറ്റുന്നത് എന്നാണ് ബി.ജെ.പി ഭാഷ്യം.
ബി.ജെ.പി വിട്ട് സി.പി.ഐയിൽ ചേർന്ന മുൻ കൗൺസിലർ ഐ. ലളിതാംബികയാണ് കുട്ടൻകുളങ്ങരയിലെ ഇടത് മുന്നണി സ്ഥാനാർഥി. ഡിവിഷനെ പ്രതിനിധീകരിച്ച് 2020 വരെ കൗൺസിലർ ആയിരുന്ന ലളിതാംബിക കഴിഞ്ഞ ആഴ്ചയാണ് സിപിഐയിൽ ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് 2020ൽ ബി.ജെ.പി ഇവരെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കുട്ടൻകുളങ്ങരയിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ മത്സരിച്ചെങ്കിലും തോറ്റു. യു.ഡി.എഫ് ആണ് ഇവിടെ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.