കണ്ണൂർ: തിരുവോണനാളിൽ ആർ.എസ്.എസ് സംഘം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിനുറുക്കി മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോയ സി.പി.എം നേതാവ് പി. ജയരാജന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ ജയിൻ രാജ്. ‘നാൽപത്തേഴാം വയസ്സിൽ അവസാനിച്ച് പോവുമായിരുന്ന, വാളും ബോംബും മഴുവുമായി വന്ന ആർ.എസ്.എസ് ക്രിമിനൽ സംഘത്തെ വെറുമൊരു ചൂരൽ കസേര കൊണ്ട് നേരിട്ട എന്റെ ഏറ്റവും വലിയ ഹീറോ.. പിറന്നാൾ ആശംസകൾ’ -എന്ന കുറിപ്പോടെ അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്.
‘മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചുപോയി. ഇടത് കൈയ്യുടെ ചലന ശേഷി നഷ്ടമായി. വലതുകൈയ്യിലെ പെരുവിരലും. ഭാര്യ യമുനയുടെ മനോധൈര്യമാണ് അന്ന് കരുത്തായത്’ -1999 ഓഗസ്റ്റ് 25ന് കിഴക്കേ കതിരൂരിൽ വീട്ടിൽ നടന്ന ആക്രമണത്തെ കുറിച്ച് പി. ജയരാജൻ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
അതിനിടെ, സംഭവത്തിൽ വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആർ.എസ്.എസ് പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിന് പിഴത്തുക നൽകാതെ ജയിൽമോചനത്തിന് വഴിയൊരുക്കി സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. വിചാരണ കോടതി വിധിച്ച 10 വർഷത്തെ ശിക്ഷ ഒരുവർഷമാക്കി വെട്ടിച്ചുരുക്കിയ കേരള ഹൈകോടതി വിധിയിൽ ജയിൽ മോചനത്തിന് അഞ്ച് ലക്ഷം രൂപ പിഴത്തുക കെട്ടിവെക്കണമെന്ന് നിർദേശിച്ചത് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മരവിപ്പിച്ചു.
കേസിൽ ഒമ്പത് പേരായിരുന്നു പ്രതികൾ. ഇതിൽ പ്രശാന്ത് ഒഴികെ എട്ടുപ്രതികളെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. കുനിയിൽ ഷനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, കടിച്ചേരി അജി, കൊയ്യോൻ മനു എന്നീ പ്രതികളെ ഹൈകോടതി കുറ്റമുക്തരാക്കിയതിനെതിരെ സംസ്ഥാന സർക്കാറും പി. ജയരാജനും സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി വിശദവാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.