കോഴിക്കോട് : കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിലെ പരാമർശത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബിൻ വിശദീകരണം നടത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചായിരുന്നു അബിൻ മാധ്യമങ്ങളെ കണ്ടത്.
തന്‍റെ വാർത്ത സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാപകമായ ഒരു തെറ്റിദ്ധാരണ പരത്തുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും അവസാന വാക്കുകൾ കട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നവർക്ക് നല്ല നമസ്കാരമെന്നും അബിൻ വർക്കി ഫേസ്ബുക്കിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റും , കെ.എസ്.യു പ്രസിഡന്റും ക്രിസ്ത്യൻ ആയതുകൊണ്ട് താങ്കൾ തഴയപ്പെട്ടു എന്ന് തോന്നുന്നുണ്ടോ? ഒരു ക്രിസ്ത്യാനിയായതാണോ താങ്കൾക്ക് പ്രശ്നമായത്? എന്നതായിരുന്നു മാധ്യമങ്ങളുടെ ചോദ്യമെന്നും അതിന് താൻ താൻ നൽകിയ മറുപടി '' ഞാൻ അങ്ങനെ കരുതുന്നില്ല. അങ്ങനെ മതേതരത്വം പേറുന്ന ഒരു പ്രസ്ഥാനത്തിന് താനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്നം.. അതല്ലല്ലോ..'' എന്നായിരുന്നുവെന്നും അബിൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഇന്നെന്റെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് വ്യാപകമായ ഒരു തെറ്റിദ്ധാരണ പരത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു.
കെപിസിസി പ്രസിഡന്റും , കെ.എസ്.യു പ്രസിഡന്റും ക്രിസ്ത്യൻ ആയതുകൊണ്ട് താങ്കൾ തഴയപ്പെട്ടു എന്ന് തോന്നുന്നുണ്ടോ? ഒരു ക്രിസ്ത്യാനിയായതാണോ താങ്കൾക്ക് പ്രശ്നമായത്? ഈ ചോദ്യത്തിന് മറുപടിയായി ഞാൻ പറഞ്ഞതാണിത്.
കേരള വിദ്യാർഥി യൂണിയന്റെ മുദ്രാവാക്യം ആയിരുന്നു ഞങ്ങളില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യൻ രക്തം ഞങ്ങളിൽ ഉള്ളത് മാനവരക്തം എന്നത്. മതേതരത്വം എന്നത് കണ്ണിലെ കൃഷ്ണമണി പോലെ പേറുന്ന കോൺഗ്രസ് പ്രസ്ഥാനത്തിൽ അംഗമാണ് ഞാൻ. അതുകൊണ്ട് ഞാൻ ഏതെങ്കിലും പ്രത്യേക സമുദായം ആയതാണോ ഘടകം ആയത് എന്നത് നേതൃത്വം വിശദീകരിക്കും. പക്ഷെ ഞാൻ അങ്ങനെ കരുതുന്നില്ല. അങ്ങനെ മതേതരത്വം പേറുന്ന ഒരു പ്രസ്ഥാനത്തിന് താനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്നം.. അതല്ലല്ലോ..
ഈ അവസാന വാക്കുകൾ കട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നവർക്ക് നല്ല നമസ്കാരം.
പത്രസമ്മേളനത്തിലെ അബിന്‍റെ വാക്കുകൾ ഇങ്ങനെ:
യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിരിക്കുയാണ്. സംഘടനയിൽ മണ്ഡലം സെക്രട്ടറിയിൽ നിന്ന് സംസ്ഥാന ഉപാധ്യക്ഷൻ വരെ ചുമതല വഹിച്ചിട്ടുള്ള ആളാണ് താൻ. സംഘടനയിലും പാർട്ടിയിലും രാഹുൽ ഗാന്ധി കൊണ്ടുവന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് താനടക്കമുള്ളവർ കടന്നുവന്നത്. കഴിഞ്ഞ പ്രാവശ്യം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകൾ നേടിയിരുന്നു.
അന്നുമുതൽ ഇന്നുവരെ ഉപാധ്യക്ഷനെന്ന നിലയിൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. സമരം ചെയ്യാൻ പറഞ്ഞപ്പോൾ സമരം ചെയ്തു, ജയിലിൽ പോകാൻ പറഞ്ഞപ്പോ ജയിലിൽ പോയി, കേസുണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ടി.വിയിൽ പോകാൻ പറഞ്ഞപ്പോൾ അവിടെ പോയി. പാർട്ടി പറഞ്ഞതാണ് ചെയ്തത്. പേരിനൊപ്പം കോൺഗ്രസ് കൂടെ ചേരുമ്പോഴാണ് മേൽവിലാസം ലഭിക്കുന്നത്. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
കോൺഗ്രസ് ഒരു മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ആ സമയത്ത് കേരളത്തിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. താനടക്കം ആളുകൾ കുറേ കാലമായി ഈ നാട്ടിലെ കമ്യൂണിസ്റ്റ്, ബി.ജെ.പി സർക്കാരുകൾക്കെതിരെ സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങൾ നടത്തി വരികയാണ്. ഇപ്പോൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പടിവാതിൽക്കൽ സംസ്ഥാനം എത്തിനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കോൺഗ്രസിന് സുപ്രധാനമാണ്.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നായിരുന്നു ആഗ്രഹം. മുമ്പും അങ്ങിനെ തന്നെയാണ് ആഗ്രഹിച്ചത്. കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കുകയാണ്. വെല്ലുവിളിയല്ല, അഭ്യർഥനയാണ്. താൻ മുഴുവൻ കോൺഗ്രസുകാരനാണ്. നേതാക്കളോട് അഭ്യർഥിക്കുമെന്നും അബിൻ പറഞ്ഞു.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ 1,70000 വോട്ടുകളാണ് തനിക്ക് ലഭിച്ചത്. ഒരുമെമ്പർഷിപ്പിന് 50 രൂപ വീതം 80ലക്ഷം മുടക്കിയാണ് പ്രവർത്തകർ തന്നെ പിന്തുണച്ചത്. താൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും സംസ്ഥാന ഉപാധ്യക്ഷനുമായി.
സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ വിവിധ ഘടകങ്ങൾ വിലയിരുത്തിയാവും നിലവിലെ തീരുമാനം എടുത്തതെന്നാണ് കരുതുന്നത്. അത് നേതൃത്വം വിശദീകരിക്കും. തനിക്ക് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും ഒരു പ്രവർത്തകനായി സംസ്ഥാനത്ത് തുടരാനാണ് ആഗ്രഹം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് നേതാക്കൻമാരോട് അഭ്യർഥിക്കും. തീരുമാനങ്ങൾ വന്നപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനടക്കമുള്ളവരുമായി വിഷയം സംസാരിച്ചിരുന്നു.
യൂത്ത് കോൺഗ്രസിൽ ആരും ഒരുപദവിക്കും അനർഹരല്ല. ഞങ്ങളിലുള്ളത് മാനവരക്തമെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രസ്ഥാനത്തിലേക്ക് വന്നത്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് അങ്ങിനെയൊക്കെ തീരുമാനമെടുക്കാൻ പറ്റുമോ? താൻ ഒരു ക്രിസ്ത്യാനിയായതോണോ കുഴപ്പം. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാനും ജയിലിൽ പോകാനും കേസുകൊടുക്കാനുമുണ്ടാകുമെന്നും അബിൻ വർക്കി പറഞ്ഞു. കെ.എം. അഭിജിത് കഴിവുള്ളയാളാണ്. അദ്ദേഹത്തെ ദേശീയ സെക്രട്ടറിയായി പരിഗണിച്ചതിൽ സന്തോഷം. സംഘടനക്കുള്ളിൽ ഭാരവാഹികളുടെ പ്രതികരണങ്ങൾ ഇതിനകം അറിയിച്ചിട്ടുണ്ട്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ അവതരിപ്പിക്കുന്നത് തുടരുമെന്നും അബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.