'ഇവിടെ എല്ലാം നോർമൽ​'; ഇറാൻ ആക്രമണത്തിനു പിന്നാലെ ദോഹയിലെ സാഹചര്യം പങ്കുവെച്ച് ഗോപിനാഥ് മുതുകാട്

ദോഹ: ഇറാൻ ആക്രമണത്തിന് പിന്നാലെ ഖത്തറിലെ സ്ഥിതിഗതികൾ പങ്കുവെച്ച് ദോഹയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ മജീഷ്യൻ ഗോപിനാഥ് മുതുകാട്. യു.എസ് വ്യോമതാവളം ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തിനു പിന്നാലെ ഖത്തർ വ്യോമപാത അടക്കുകയായിരുന്നു. അങ്ങനെയാണ് ഗോപിനാഥ് മുതുകാട് അടക്കം വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ്.

ഇവിടെ എല്ലാം നോർമലാണെന്നാണ് മുതുകാട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ വ്യോമതാവളത്തിന് നേരെയായിരുന്നുവെന്നും അത് ആകാശത്ത് വെച്ചുതന്നെ ഖത്തർ തകർത്തു എന്നാണറിഞ്ഞതെന്നും മുതുകാട് തുടർന്നു.

കുറച്ചുസമയം വിമാനത്താവളത്തിൽ കുടുങ്ങിയെങ്കിലും രംഗം ശാന്തമായതോടെ, പുറത്തേക്ക് പോരാൻ അനുവാദം ലഭിച്ചുവെന്നും കാൻസൽ ചെയ്ത ടിക്കറ്റ് പിറ്റേദിവസത്തേക്ക് ക്രമീകരിച്ചു തന്നതായും മുതുകാട് പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം:
ഇവിടെ എല്ലാം നോർമൽ.. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കൻ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തർ തകർത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയർ പോർട്ടിൽനിന്നു പുറത്തേക്ക് പോരാൻ അനുവാദം തന്നു. സുഹൃത്ത് ഷംസീർ ഹംസയുടെ വീട്ടിൽ എത്തി. ഇന്നലെ ക്യാൻസൽ ചെയ്ത ടിക്കറ്റ് ഇന്നത്തേക്കു ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവർക്കെല്ലാം നിറഞ്ഞ സ്നേഹം



ഞായറാഴ്ച പുലർച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാൻ ഖത്തറിലെ യു.എസിന്‍റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്. വൈകീട്ട് 6.45ഓടെ ഖത്തർ വ്യോമ പരിധി അടച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസ മേഖലയിലും വലിയ ശബ്ദം അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകൾ ദൃശ്യമാകുന്നതും മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായി.

Tags:    
News Summary - Gopinath Muthukad shares the situation in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.