ഭാരത്​ പ്രീമിയർ ലീഗ്​ മുതൽ, എയർ ഭാരതും മുംബൈ ഭാരതീയൻസുംവരെ; പേര്​മാറ്റം ആഘോഷമാക്കി ട്രോളന്മാർ

ഇന്ത്യയുടെ പേരുമാറ്റാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഇന്ത്യയെന്ന പേരിന് പകരം ഭാരത് എന്നാക്കി മാറ്റാനാണ് മോദി സർക്കാർ നീക്കം. ഇതിനായുള്ള നീക്കങ്ങൾ അണിയറയിൽ ചുവടുപിടിക്കുമ്പോൾ ട്രോളുകളുമായി എതിരേൽക്കുകയാണ്​ സമൂഹമാധ്യമങ്ങൾ.

ട്രോളന്മാർ പ്രധാനമായും ഫോക്കസ്​ ചെയ്യുന്നത്​ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും പേരുകളിൽ വരുന്ന മാറ്റങ്ങളാണ്​. ഭാരത്​ പ്രീമിയർ ലീഗ്​ മുതൽ, എയർ ഭാരതും മുംബൈ ഭാരതീയൻസുംവരെ ട്രോളുകളിൽ ഇടംപിടിച്ചിട്ടുണ്ട്​.

ജി20 രാജ്യങ്ങളിലെ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് ഉൾപ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളിൽ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നാണ് ഉൾപ്പെടുത്തിയിരുന്നത്.


അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാൽ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ കുറിപ്പും വാർത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, ഇന്ത്യ എന്ന രാജ്യത്തിന്‍റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാനുള്ള മോദി സർക്കാറിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. 'അവർ ഇൻഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരർത്ഥവും ഉണ്ടാകണമെന്നില്ല' എന്നാണ് മോദി പറഞ്ഞിരുന്നത്.


ഭാരത് വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രഗേത്തെത്തി. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവ അർഥമാക്കുന്നത് സ്നേഹമാണെന്ന് രാഹുൽ വ്യക്തമാക്കി. സ്നേഹം ഉയർന്നു പറക്കട്ടെ എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തികമായി വലിയ ചെലവ് തന്നെ പേരുമാറ്റത്തിന് വേണ്ടിവരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ താഴെ തലം മുതൽ പേരുമാറ്റത്തിന്റെ ഭാഗമായി വ്യത്യാസങ്ങൾ വരുത്തേണ്ടി വരും. സർക്കാർ സംവിധാനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഇതിന്റെ ചെലവ് വഹിക്കേണ്ടി വരും. രാജ്യത്തിന്റെ പേരു മാറുമ്പോൾ മാപ്പുകൾ, റോഡ് നാവിഗേഷൻ സംവിധാനം, ലാൻഡ്മാർക്ക് തുടങ്ങിയവയിലെല്ലാം മാറ്റങ്ങളുണ്ടാവും.


പേരുമാറ്റമുണ്ടാവുമ്പോൾ പ്രാദേശിക, ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ മാറ്റമുണ്ടാക്കേണ്ടി വരും. ഇന്ത്യയെ പോലുള്ള ജനസംഖ്യ കൂടുതലുള്ള വൈവിധ്യമുള്ള ഒരു രാജ്യത്തെ ഈ പ്രക്രിയ സങ്കീർണ്ണമായിരിക്കും. മുമ്പ് പല സംസ്ഥാനങ്ങളും നഗരങ്ങളുടെ പേര് മാറ്റിയപ്പോൾ ഈ പ്രക്രിയയിലൂടെ കടന്നു പോയിരുന്നു. മഹാരാഷ്ട്ര ഔറംഗബാദിന്റെ പേര് ഛത്രപതി സംബാജി നഗർ എന്നും ഉസ്മനാബാദിന്റെ പേര് ധാരാശിവ് എന്നാക്കിയപ്പോഴും ഈ പ്രക്രിയയിലൂടെ വേണ്ടി വന്നു. ഉത്തർപ്രദേശ് സർക്കാർ അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റാൻ ഏകദേശം 300 കോടി ചെലവഴിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഈ രീതിയിൽ ഇന്ത്യയുടെ പേരുമാറ്റത്തിന് വലിയ തുക തന്നെ മുട​ക്കേണ്ടി വരും.

ഇന്ത്യക്ക് മുമ്പ് മറ്റ് പല രാജ്യങ്ങളും ഇത്തരത്തിൽ പേരുമാറ്റിയിട്ടുണ്ട്. 1972ൽ ശ്രീലങ്ക സിലോൺ എന്ന പേര് ഔദ്യോഗിക രേഖകളിൽ നിന്ന് മാറ്റിയിരുന്നു. 2018ൽ സ്വാസിലാൻഡിലെ രാജവംശം രാജ്യത്തിന്റെ പേര് ഈസ്‍വതിനി എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഇതിന് വന്ന ചെലവ് അഭിഭാഷകനായ ഡാരൻ ഒലിവർ അന്ന് കണക്കാക്കിയിരുന്നു.


പേരുമാറ്റം മാർക്കറ്റ് ചെയ്യുന്നതിനായി വൻകിട സ്ഥാപനത്തിന് വരുമാനത്തിന്റെ ആറ് ശതമാനം ചെലവഴിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. റീബ്രാൻഡ് ചെയ്യാനായി ഏകദേശം 10 ശതമാനവും ചെലവഴിക്കേണ്ടി വരും. ഇത് പ്രകാരം 60 മില്യൺ യു.എസ് ഡോളറാണ് സ്വാസിലാൻഡിന്റെ പേരുമാറ്റത്തിന്റെ ചെലവായി അദ്ദേഹം കണക്കാക്കിയത്.

ഈ ഫോർമുല ഉപയോഗിക്കുകയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ 23.84 ലക്ഷം കോടി വരുമാനമുള്ള ഇന്ത്യക്ക് പേരുമാറ്റത്തിനായി 14,304 കോടിയാവും ചെലവഴിക്കേണ്ടി വരിക.​ ​കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷ പദ്ധതിക്കായി പ്രതിവർഷം 14,000 കോടിയാണ് ചെവഴിക്കുന്നത്. രാജ്യത്തെ 80 കോടി ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിന് തുല്യമായ തുകയായിരിക്കും പേരുമാറ്റത്തിനായി കേന്ദ്രസർക്കാർ ചെലവഴിക്കുക.

News Summary - From the Bharat Premier League, to Air Bharat and Mumbai bharatheeyans; Trollers celebrated the name change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.