‘ആ മോൻ പറയുന്നത് കണ്ടില്ലേ, അവിടന്ന് ഒന്നും കഴിച്ചില്ല എന്ന്..’ -ചോദിക്കാതെ പോയ വാക്കുകളുടെ ഈ വേദന ബാക്കിയായി കിടക്കുമെന്ന് ഡോ. സുബൈർ ഹുദവി

കിഷൻഗഞ്ച് (ബിഹാർ): അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആഴങ്ങളിൽ കഴിയുന്ന ബിഹാറിലെ ബാല്യങ്ങൾക്ക് വിദ്യ പകർന്ന് വഴികാട്ടിയാവുന്ന മലയാളി അധ്യാപകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പിതാവ് മരിച്ച, അഞ്ചുമക്കളുള്ള ഒരു കുടുംബം തന്നെ സന്ദർശിച്ച കാര്യമാണ് ബിഹാറിലെ കിഷൻഗഞ്ചിൽ ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഡോ. സുബൈർ ഹുദവി പങ്കുവെച്ചത്.

അവരോട് സംസാരിക്കുന്നതിനിടെ ഭക്ഷണം കഴിച്ചോ എന്ന് അ​ന്വേഷിക്കാൻ വിട്ടുപോയതിന്റെ വേദനയാണ് കുറിപ്പിൽ പറയുന്നത്. തിരക്കിനിടയിൽ എന്തെങ്കിലും കഴിച്ചോ, ഭക്ഷണം വേണോ, വെള്ളം വേണോ എന്ന് പോലും ചോദിക്കാൻ വിട്ടുപോവുകയായിരുന്നു. അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട അവർ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലത്രെ. വൈകീട്ട് അവരെ ബസ് കയറ്റാൻ പോയയാൾ, ചെറിയ മോൻ നിർത്താതെ കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് വിശന്നിട്ടാണെന്നും രാവിലെ ചെറുതെന്തോ കഴിച്ചിറങ്ങിയതാണെന്നും മനസ്സിലായത്. അദ്ദേഹം അവർക്ക് ഭക്ഷണം വാങ്ങി നൽകി കഴിപ്പിച്ചാണ് വിട്ടത്.

‘ആര് വന്നാലും നിർബന്ധിച്ച് എന്തെങ്കിലും കുടിപ്പിക്കാറുണ്ട്. ഭക്ഷണ സമയത്തുള്ളവർക്ക് ഭക്ഷണം വിളിച്ച് കൊടുക്കാറുണ്ട്. അന്നവിടെ ഉച്ചക്ക് വെച്ച നല്ല ബിരിയാണി കുറച്ച് ബാക്കിയുണ്ടായിരുന്നു. എന്നാൽ, തിരിക്കിനിടെ ചോദിക്കാൻ വിട്ടുപോവുകയായിരുന്നു. ആ മോളുടെ പഠനച്ചിലവുകൾ ഏറ്റെടുക്കാൻ അബൂദാബി സഫറിലെ ഒരാൾ റെഡിയായി. അവർക്കൊരു വീട്, അഞ്ച് മക്കളും വീടണയുമ്പോൾ ആ ഉമ്മാക്ക് അവരെ സുരക്ഷിതമായി കൂട്ടിപ്പിടിച്ചുറങ്ങാൻ ഒരിടം വെക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയ്യാം എന്ന് ആ സംഘത്തിലെ തന്നെ മൂന്ന് പേർ അറിയിച്ചിട്ടുമുണ്ട്. ആ സന്തോഷങ്ങൾക്കിടയിലും ഈ വേദന ബാക്കിയായി കിടക്കും. ഒരു കുശലാന്വേഷണം നടത്താതിരുന്നതിന്റെ...’ -ഡോ. സുബൈർ ഹുദവി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ചില അശ്രദ്ധകൾ, ചോദിക്കാതെ പോയ ചില ചെറിയ വാക്കുകൾ, കുശലാന്വേഷണങ്ങൾ, ഒക്കെ ചിലപ്പോൾ തീരാത്ത വേദനയും നിരാശയും നമുക്ക് നൽകും. എത്രയോ വലിയ കാര്യം ചെയ്തു എന്ന ആത്മവിശ്വാസം ഉണ്ടാക്കി സമാധാനിക്കാൻ ശ്രമിച്ചാലും. ഈ പൊന്നുമോനും അവൻ്റെ ഉമ്മയും മൂത്ത പെങ്ങളും ഖുർത്വുബയിൽ വന്ന് പോയ ദിവസം മുതൽ അങ്ങിനെ ഒരു അവസ്ഥയിലാണ്.

ബായ്സിയിലെ ഹാദിയ പ്രോജക്ടിൽ തുടക്കം മുതലുള്ള മൻസർ റസാ ഭായി കുറെ കാലമായി ഈ കുടുംബത്തെ കുറിച്ച് പറയുന്നു. പത്തിൽ താഴെ പ്രായമുള്ള നാലു പെൺമക്കളെയും വയറ്റിലുള്ള ഈ മോനെയും അനാഥമാക്കി ഇവരുടെ ഉപ്പ മരിച്ചിട്ട് അഞ്ച് വർഷമായി. ഭർത്താവിന് ആറ് സഹോദരൻമാർ ഉണ്ടെങ്കിലും അവർ എല്ലാവരും മക്കളെയും കൂട്ടി ദാരിദ്രരേഖ താണ്ടാനുള്ള ശ്രമത്തിലാണ്. ഇവർക്ക് വീടുണ്ടാക്കാൻ ഒരു ചെറിയ ഭൂമിയുണ്ട്. ഇപ്പോൾ നമുക്കൊക്കെ തൊഴുത്തെന്ന് പോലും സങ്കൽപിക്കാൻ കഴിയാത്ത ഒരു ചെറ്റക്കുടിലിൽ താമസിക്കുന്നു. അത് തന്നെ, ഒരു ഭർതൃ സഹോദരൻ്റെ ഔദാര്യമാണ്. എത്രയും പെട്ടെന്ന് ഒഴിഞ്ഞ് കൊടുത്താൽ അയൾക്കവിടെ വീട് പുതുക്കണം. ആടിനെ നോക്കി പാൽ വിറ്റും ആരുടെ എങ്കിലും ചെറിയ ദാനങ്ങളിലും ജീവിച്ചു പോവുകയായിരുന്നു.

നമ്മൾ കാഫിൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ ചേർന്ന 36 പേരിൽ ഇവരുടെ മൂന്ന് പെൺകുട്ടികൾ ഉണ്ട്. ബ്രൈറ്റിന്ത്യാ ടീം അററിയയിലെ അവരുടെ ഹോസ്പിറ്റൽ ബിൽഡിങ്ങ് ഏൽപിച്ച് തന്നപ്പോൾ, വില്യാപള്ളി ജമാഅത് ബഹ്റൈൻ ഘടകത്തിൻ്റെ മുന്നിൽ അനാഥ പെൺമക്കളുടെ കഫാലത്തിൻ്റെ അവശ്യമാണ് അടിയന്തിരമായി വേണ്ടത് എന്ന തീരുമാനം വെക്കാനുള്ള ഒരു കാരണം ഈ കുടുംബത്തെ കുറിച്ചോർത്തുള്ള മനോവേദന തന്നെയായിരുന്നു എന്ന് പറയാം.

കഴിഞ്ഞ ദിവസം ഖുർത്വുബ കാമ്പസ് ലീവായപ്പോൾ കാഫിലിലെ കുട്ടികളെ ഇങ്ങോട്ട് കൊണ്ട് വന്നു. രണ്ട് ദിവസത്തെ റഫ്രഷിങ്ങ് ക്യാമ്പ് കൊടുത്തു. മക്കളെ കാണാനും മൂത്ത മകളെയും ഈ ചെറിയ മോനെയും കൂടി പഠിപ്പിക്കുമോ എന്ന് ചോദിക്കാനും വേണ്ടിയാണ് രാവിലെ അവർ എഴുപത് കി മീ അപ്പുറത്ത് നിന്ന് പുറപ്പെട്ട് വന്നത്. പുറത്തേക്കധികം യാത്ര ചെയ്യാത്ത, ദൂരപരിധികളെ കുറിച്ച് അധിക ധാരണയില്ലാത്ത ആ പാവം ഇവിടെ എത്തുമ്പോഴേക്കും വൈകുന്നേരമായി. ക്യാമ്പ് കഴിഞ്ഞ് തിരിച്ച് പോകുന്ന മക്കളെ അഞ്ച് കി മീ അപ്പുറത്തുള്ള കനയ്യാബാഡിയിൽ നിന്നാണ് ഹൃസ്വമായി കണ്ടത്. മക്കൾ ബസ്സിൽ കയറുന്ന തിരക്കിലായിരുന്നു.

പിന്നെ അവർ എന്നെ കാണാണമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നു. ബാവർച്ചിമാരും ഓഫിസ് ഹെൽപറും എല്ലാവരും അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു. നേരത്തെ അറിയിച്ചത് പ്രകാരം ഖുർത്വുബയിൽ നിന്ന് പല കാരണത്താൽ ഒഴിഞ്ഞ് പോയ അഞ്ചാറ് മക്കൾ അവരുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനെത്തിയിരുന്നു. അവരോടുള്ള സംസാരത്തിനിയിലാണ് സഈദ് ഹുദവി ഇവർ വന്നത് പറഞ്ഞത്. അവർക്ക് ദൂരെ പോകണം അവരോടൊന്ന് സംസാരിക്കണം, വേഗം.

ജീവിതത്തിൻ്റെ കനത്ത ഭാരങ്ങൾ ചുമലിലേറ്റി തളർന്ന ആ സ്ത്രീ പറഞ്ഞു തുടങ്ങിയ വാക്കുകളൊന്നും മുഴുമിക്കാൻ കഴിയാതെ പരവശയായി. മോൾ സംസാരിച്ചു തുടങ്ങി, ‘എനിക്ക് പഠിക്കണം, കുറച്ച് കാലം ബായ്സിയിലെ നമ്മുടെ ഖദീജതുൽ കുബ്റയിൽ പഠിച്ചിട്ടുണ്ട്. ഹാദിയ മദ്രസയിൽ നിന്ന് സമസ്‌ത അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടി. സ്കൂളിൽ ഒമ്പതിലാണ്. ആഴ്ചയിൽ ഒരു ദിവസമൊക്കെ പോകാൻ കഴിയാറുള്ളൂ. അത്യാവശ്യം ദൂരെയാണ്....’

ഞാൻ പറഞ്ഞു, സൈക്കിൾ വാങ്ങിത്തരാം.

‘പോയി വരാൻ പേടിയാണ്, എനിക്ക് കേരളത്തിൽ പഠിക്കാൻ കഴിയുമോ?’

(അവളുടെ ഗ്രാമത്തിലെ, അവളുടെ സീനിയേഴ്സ് ആയിരുന്ന നാല് പേർ വളവന്നൂർ ബാഫഖിയ്യയിൽ വഫിയ്യക്ക് പഠിക്കുന്നുണ്ട്).

ഒമ്പതും പത്തും ഉശാറായി പഠിച്ച് പാസായാൽ ആലോചിക്കാം എന്ന് പറഞ്ഞു. അതിന് വഴിയൊരുക്കാൻ കിഷൻഗഞ്ച് ടൗണിൽ ഐഡിയൽ അക്കാദമി നടത്തുന്ന ഔറംഗസീബ് സാറിനെ വിളിച്ചു. ഒമ്പതിൽ അഡ്മിഷൻ കൊടുക്കാമെന്നും സിലബസ് മുഴുവൻ കവർ ചെയ്ത് കൊടുക്കാമെന്നും കുറച്ച് ഫീസിളവ് നൽകാമെന്നും പറഞ്ഞു. വാടകക്ക് ഖുർത്വുബ തുടങ്ങിയ ആദ്യ കാമ്പസിലാണ് ഇപ്പോൾ അയാളുടെ സ്ഥാപനം നടക്കുന്നത്.

4.50 ന് മഗ്രിബ് ആകുന്ന ഈ സീസണിൽ ഇനി അവരെ വീട്ടിലെത്തിക്കലെങ്ങിനെ എന്ന ആധിയായി. ഒരു ഓട്ടോ ടെമ്പോ വിളിച്ചു. ടൌണിലേക്ക് തന്നെ തിരിച്ച് പോകാനുള്ള പഴയ കുട്ടികളിൽ നിയാസിനെ അവരുടെ കാര്യങ്ങൾ ഏൽപിച്ചു. അവർ ആദ്യം സ്ഥാപനം കാണിച്ച് കൊടുത്തു. ടൗണിൽ നിന്ന് അവർ ബസ് കയറ്റി വിട്ടു.

പിന്നെയാണ് നിയാസ് വിളിക്കുന്നത്. ഉസ്താദ് അവർ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. മോൻ നിർത്താതെ കരയുന്നത് കണ്ടപ്പോൾ അവൻ ചോദിച്ചതാണത്രെ, എന്താണ് പ്രശ്നം, വിശന്നിട്ടാണ്, രാവിലെ ചെറുതെന്തോ കഴിച്ചിറങ്ങിയതാണ്. വണ്ടിക്കൂലി പോലും കുറവാണ്. നിയാസ് ഭക്ഷണം വാങ്ങി കഴിപ്പിച്ചാണ് വിട്ടത്.

ആര് വന്നാലും നിർബന്ധിച്ച് എന്തെങ്കിലും കുടിപ്പിക്കാറുണ്ട്. ഭക്ഷണ സമയത്തുള്ളവർക്ക് ഭക്ഷണം വിളിച്ച് കൊടുക്കാറുണ്ട്. അന്നവിടെ ഉച്ചക്ക് വെച്ച നല്ല ബിരിയാണി കുറച്ച് ബാക്കിയുണ്ട്. തിരക്കിനിടയിൽ ( ഒരിക്കലും ഒരു ന്യായികരണമല്ല) എന്തോ ആരും എന്തെങ്കിലും കഴിച്ചോ , ഭക്ഷണം വേണോ, വെള്ളം വേണോ എന്ന് പോലും ചോദിച്ചില്ല.

മൻസർ ഭായി അവരുടെ വീട്ടിൽ പോയി കുശലാന്വേഷണം നടത്തുമ്പോൾ ആ മോൻ വീഡിയോയിൽ പറയുന്നത് കണ്ടില്ലേ, ഖുർത്വുബയിൽ പഠിക്കണം, നാല് നിയുള്ള മഹൽ ( കെട്ടിടം) ആണ്, എന്നാൽ അവിടന്ന് ഒന്നും കഴിച്ചില്ല എന്ന്.

ആ മോളുടെ പഠനച്ചിലവുകൾ ഏറ്റെടുക്കാൻ അബൂദാബി സഫറിലെ ഒരാൾ റെഡിയായി. അവർക്കൊരു വീട്, അഞ്ച് മക്കളും വീടണയുമ്പോൾ ആ ഉമ്മാക്ക് അവരെ സുരക്ഷിതമായി കൂട്ടിപ്പിടിച്ചുറങ്ങാൻ ഒരിടം വെക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയ്യാം എന്ന് ആ സംഘത്തിലെ തന്നെ മൂന്ന് പേർ.

ആ സന്തോഷങ്ങൾക്കിടയിലും ഈ വേദന ബാക്കിയായി കിടക്കും. ഒരു കുശലാന്വേഷണം നടത്താതിരുന്നതിൻ്റെ.

ഡോ. സുബൈർ ഹുദവി


Full View

Tags:    
News Summary - dr zubair hudawi facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.