അന്ന് മത്തി വാങ്ങിയത് അഴിമതിയെന്ന് പ്രതിപക്ഷം പറയുമോ? -ബിനീഷ് കോടിയേരി

കണ്ണൂർ: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന സി.എ.ജി കണ്ടെത്തലിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. ‘കുറച്ചുനാൾ മുമ്പ് നമ്മുടെ നാട്ടിൽ മത്തിയുടെ വില 400-500 രൂപയായിരുന്നു, ഇപ്പോൾ മത്തിയുടെ വില 100 രൂപയാണ്. എന്നാൽ അന്ന് മത്തി വാങ്ങിയത് അഴിമതിയാണെന്ന് നമ്മുടെ പ്രതിപക്ഷം പറയുമോ?’ എന്നാണ് ബിനീഷ് കോടിയേരി ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നത്. പാത്രം കൊട്ടി കോവിഡിനെ ഓടിച്ചവർ അല്ല നമ്മളെന്നും സമ്പന്ന രാഷ്ട്രങ്ങൾ കോവിഡിൽ പകച്ചുനിന്ന സമയത്ത് നമ്മൾ പക്വതയോടെയാണ് നേരിട്ടതെന്നും ബിനീഷ് പറഞ്ഞു.

എന്നാൽ, ഇതിനെതി​രെ അതേനാണയത്തിൽ മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ‘അന്ന് മത്തി 100 രൂപക്ക് തരാമെന്ന് പറഞ്ഞ കച്ചവടക്കാരനോട് വാങ്ങാതെ 400 രൂപക്ക് വാങ്ങിയത് അഴിമതി തന്നെയാണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അപ്പുറത്തെ പീടികയിൽ 200ന് മത്തി കിട്ടുമ്പോൾ 400ന് തരുന്ന ആളുടെ ബില്ല് വാങ്ങിച്ച് 200ന് വാങ്ങി വീട്ടിലെത്തി ബാക്കി 200 മുക്കി അമ്മയെ പറ്റിച്ചാൽ അതിനൊക്കെ ഞങ്ങളുടെ നാട്ടിൽ പറയുക പറ്റിച്ചു എന്നാണ്. ഇനി കമ്യൂണിസ്റ്റ് മൂലശാസ്ത്രത്തിൽ അതിന് വർഗ്ഗ ജനതയുടെ സേവിംഗ്സ് എന്നോ മറ്റോ പേരുണ്ടോ എന്നറിയില്ല’ എന്നായിരുന്നു മറ്റൊരു കമന്റ്.

450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്. ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി പി.പി.ഇ കിറ്റുകളും എൻ 95 മാസ്കുകളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സർക്കാർ 2020 മാർച്ചിൽ പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ക്വട്ടേഷൻ, ടെൻഡർ ഔപചാരികതകളിൽ ഇളവും നൽകി. ഇതിന്‍റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങൽ.

കുറിപ്പിന്റെ പൂർണരൂപം:

കുറച്ചുനാൾ മുമ്പ് നമ്മുടെ നാട്ടിൽ മത്തിയുടെ വില 400-500 രൂപയായിരുന്നു, ഇപ്പോൾ മത്തിയുടെ വില 100 രൂപയാണ്. എന്നാൽ അന്ന് മത്തി വാങ്ങിയത് അഴിമതിയാണെന്ന് നമ്മുടെ പ്രതിപക്ഷം പറയുമോ?

കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയപ്പോൾ ലോകത്തെ സമ്പന്ന രാഷ്ട്രങ്ങൾ മുഴുവൻ അതിൽ പകച്ചുനിന്ന സമയത്ത് നമ്മൾ പക്വതയോടെയാണ് കോവിഡിനെ നേരിട്ടത്. അതിന് നമ്മളെ സഹായിച്ചത് നമ്മുടെ പബ്ലിക് ഹെൽത്ത് സെറ്ററുകളാണ്. അല്ലാതെ പാത്രം കൊട്ടി കോവിഡിനെ ഓടിച്ചവർ അല്ല നമ്മൾ.

കോവിഡ് പടർന്നു പിടിച്ചപ്പോൾ നമ്മൾ ആദ്യം ചെയ്തത് ക്വാറന്റൈന്‍ സംവിധാനം ശക്തമാക്കുകയും ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് അവർക്ക് വേണ്ട സേഫ്റ്റി ഉപകരണങ്ങൾ എത്തിക്കുകയും ആയിരുന്നു നമ്മൾ ആദ്യം ചെയ്തത്.

ആവശ്യത്തിന് പി പി കിറ്റുകളും മാസ്ക്കുകളും കിട്ടാനില്ലാത്ത സമയത്ത് പറയുന്ന വിലക്ക് നമ്മൾ പി പി കിറ്റുകളും മാസ്ക്കുകളും മറ്റു ഉപകരണങ്ങളും നമ്മൾ വാങ്ങിയിട്ടുണ്ട് ആ സമയത്ത് പണമല്ല നമ്മൾ നോക്കിയത് ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സാധനങ്ങൾ എത്തിക്കുക എന്നതായിരുന്നു നമ്മുടെ പ്രഥമ പരിഗണന. നമുക്ക് വേണ്ട സാധനങ്ങൾ എത്തിച്ചതിനുശേഷം ആണ് കമ്പനികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിക്കുകയും വിലകുറച്ച് സാധനങ്ങൾ വാങ്ങുകയും നമ്മൾ ചെയ്തത്. അതാണ് ഇപ്പോൾ പ്രതിപക്ഷം വലിയ അഴിമതി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

2021ലെ ഇലക്ഷനിലും പ്രതിപക്ഷം ഈ കാര്യം വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ജനങ്ങൾ ഇതെല്ലാം പുച്ഛിച്ചു തള്ളുകയാണ് ചെയ്തത് കാരണം അവർക്ക് ഈ സർക്കാരിനെ അറിയാം ഈ സർക്കാർ ഉള്ളതുകൊണ്ട് മാത്രമാണ് നമ്മളിൽ പലരും ഇന്ന് ജീവനോടെ ഉള്ളതെന്നും അവർക്ക് കൃത്യമായി അറിയാം.

Full View

Tags:    
News Summary - bineesh kodiyeri about PPE kit purchase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.