അനിൽ അക്കര, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
തൃശൂർ: 1980ൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെയും ഇന്ദിരാ ഗാന്ധിയേയും ലക്ഷ്യമിട്ട് നടന്ന ചതിയുടെ അദ്ധ്യായം ആരും മറന്നു കാണില്ലെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സ്റ്റാഫ് ആയിരുന്ന പി.എൻ. ഹക്സർ സർക്കാർ സർവിസിൽനിന്ന് രാജിവെച്ച് പ്രചാരണത്തിന് ഇറങ്ങിയതും പിന്നീട് ജനത പാർട്ടി അനുഭാവമുള്ളവർ രാജിക്കത്ത് നശിപ്പിച്ച് ഇന്ദിരയെ അയോഗ്യയാക്കിയതും അനിൽ ഓർമിപ്പിച്ചു. 1980-ലെ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയം ഇന്ത്യയിൽ അധികാരത്തിൽ ഉണ്ടായിരുന്നത് ഈ ജനത പാർട്ടിയായിരുന്നു. കരട് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോൾ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടൻ തന്നെ അത് ഒഴിവാക്കാൻ അങ്ങോട്ട് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു -അനിൽ പറയുന്നു.
1980-ലെ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടർ പട്ടിക തയ്യാറാക്കുന്ന സമയം ഇന്ത്യയിൽ അധികാരത്തിൽ ഉണ്ടായിരുന്നത് ജനത പാർട്ടിയായിരുന്നു, കോൺഗ്രസ് അല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെയും ഇന്ദിരാ ഗാന്ധിയേയും ലക്ഷ്യമിട്ട് നടന്ന ചതിയുടെ അദ്ധ്യായം നിങ്ങൾ ആരും മറന്നു കാണില്ല. ആ ചതി ജനങ്ങൾക്ക് മുന്നിൽ ചരിത്രം വെളിച്ചത്ത് കൊണ്ട് വന്നതുമാണ്.
ജനത പാർട്ടി അന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് എതിരെ നടത്തിയ ചതി ഇപ്രകാരമായിരുന്നു. ഇന്ദിര ഗാന്ധിയുടെ സ്വകാര്യ സ്റ്റാഫ് ആയിരുന്ന പി.എൻ. ഹക്സർ രാജിക്കത്ത് സർക്കാർ സർവിസിൽ നിന്ന് സമർപ്പിച്ചു. അതിന് ശേഷമാണ് ഇന്ദിരാ ഗാന്ധിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയത്.
എന്നാൽ, അദ്ദേഹത്തിന്റെ രാജിക്കത്ത് ഫയലിൽ സ്വീകരിക്കാതെ ഇന്ദിരാ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫ് ആയിരുന്ന ജൈപാൽ റെഡ്ഡി അത് നശിപ്പിച്ചു കളഞ്ഞു. അന്ന് എല്ലാം പേപ്പർ സിസ്റ്റമാണ് ഡിജിറ്റൽ ഡാറ്റകൾ അല്ല. എന്നാൽ, ഇത് അറിയാതെ ഹക്സർ ഇന്ദിര ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ വാഹനവും പ്രചാരണത്തിന് ഉപയോഗിച്ചു എന്ന് കാണിച്ചു എതിർ സ്ഥാനാർഥി ആയിരുന്ന രാജ് നറൈൻ കോടതിയെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ്, സർക്കാർ ഉദ്യോഗസ്ഥനായി തുടരുമ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കാണിച്ചു ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. രാജിക്കത്ത് തടഞ്ഞുവെച്ച ജൈപാൽ റെഡ്ഡി മാസങ്ങൾക്കകം ജനത പാർട്ടിയിൽ ചേർന്നത് കാര്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തെളിയിക്കുന്നതാണ്.
1980-ൽ കരട് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് വന്നപ്പോൾ തന്നെ അതിലെ ചതി തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി ഉടൻ തന്നെ അത് ഒഴിവാക്കാൻ അങ്ങോട്ട് അപേക്ഷ നൽകി. തുടർന്ന്, ആ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവിടെ നിന്ന് മൂന്നു വർഷം കഴിഞ്ഞാണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. അതിന് ശേഷമാണ്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നതും അവരുടെ പേര് വരുന്നതും വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കുന്നതും വോട്ട് ചെയ്യുന്നതും.
ബി.ജെ.പി വലിയ കാര്യത്തിൽ അന്നത്തെ കരട് വോട്ടർ പട്ടികയാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ വോട്ട് ചെയ്തവരുടെ ലിസ്റ്റ് അവർ എന്തുകൊണ്ട് കാണിക്കുന്നില്ല? കാരണം, അതിൽ സോണിയ ഗാന്ധിയുടെ പേര് ഇല്ലെന്ന് അവർക്ക് വ്യക്തമായി അറിയാം. 1980-ൽ തന്നെ ഇന്ദിരാ ഗാന്ധി കൗണ്ടർ ചെയ്ത ഈ നനഞ്ഞ പടക്കമാണ് ബി.ജെ.പി, സോണിയ ഗാന്ധി ആദ്യമായി മത്സരിച്ച 1999-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഉയര്‍ത്തിയത്. ഇപ്പോൾ 45 വർഷം കഴിഞ്ഞിട്ടും അവർ അവിടെ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് വന്നിട്ടില്ല എന്നതാണ് ഇന്നും ചിരിപ്പിക്കുന്ന യാഥാർത്ഥ്യം.
----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.