ചെമ്പൻ നാസർ @ സലാല പെരുന്നാൾ

ഷൊർണൂർ മുണ്ടക്കോട്ടുകുറുശ്ശിയിൽ ഓട്ടോ ഓടിച്ചുനടക്കുന്ന പുതുക്കാട്ടിൽ നാസർക്കക്ക് ഒരു ദിവസം വെളിപാടുണ്ടായി. നാട്ടിലാകെ എല്ലാരും റീൽസിൽ അഭിനയിച്ച് തകർക്കുന്നു. എന്തുകൊണ്ട് എനിക്കും ഇതായിക്കൂടാ. കാര്യം പറഞ്ഞപ്പോൾ മകളാണ് അയൽവക്കത്ത് ആവശ്യത്തിലധികം ‘റീൽസ് പ്രാന്തും’​ഫോളോവേഴ്സുമുള്ള അബ്ദുറഹ്മാ​ന്റെയും അൻവറി​ന്റെയും കാര്യം സൂചിപ്പിച്ചത്. ഒക്കെ നമുക്ക് ശരിയാക്കാമെന്ന് അബ്ദുറഹ്മാൻ പറഞ്ഞപ്പോൾ ധൈര്യമായി. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അബ്ദുറഹ്മാൻതന്നെ ശരിക്കും ‘ശരിയാക്കിക്കളഞ്ഞു’ എന്ന് നാസർക്കക്ക് മനസ്സിലായത്. ‘ഞാനിങ്ങനെ നടന്ന് വരാം ജ്ജ് അതിൽ ഒരു പാട്ട് കേറ്റി താ’ എന്ന് താൻ പറഞ്ഞതടക്കം ഷൂട്ട് ചെയ്ത അബ്ദുറഹ്മാൻ തന്നെ നാട്ടിലെ ‘താര’മാക്കിയിരിക്കുന്നു.

അമ്പതാം വയസ്സിൽ നാസർക്കയിലെ കലാകാരൻ ജനിക്കുകയായിരുന്നു. അടുത്ത സംഘത്തെ അന്വേഷിച്ച് ഇറങ്ങി. അങ്ങനെയാണ് അബ്ദുറഹ്മാന്റെ കൂട്ടുകാരായ മുണ്ടക്കോട്ടു കുറുശ്ശിക്കാരായ ജുനൈസ്, വിനയൻ, സത്താർ എന്നിവരുടെ അടുത്തെത്തുന്നത്. ടിക് ടോക്കിലും ഫേസ്ബുക്കിലും വിഡിയോ ഒക്കെ ചെയ്ത് നാട്ടിലെ താരങ്ങളായി വളർന്നുവരുകയായിരുന്ന ഇവരോടും നാസർക്ക അതേ ചോദ്യം ചോദിച്ചു. ചോദ്യം കേട്ടതും ആദ്യം അവർ ചിരിച്ചു, പിന്നെ കരുതി ഈ പ്രായത്തിൽ ഇയാൾക്കെന്താ പ്രാന്തായോ എന്ന്. എങ്കിലും പ്രായത്തിനുമൊക്കെ അപ്പുറം അവർ തമ്മിലുള്ള കെമിസ്ട്രി മനസ്സിലാക്കിയ ജുനൈസും കൂട്ടരും ഓക്കേ പറഞ്ഞു. അങ്ങ​നെയാണ് ഷൊർണൂരിലേക്ക് ഓട്ടോ വിളിച്ചുപോകുന്നതും നാസർക്കയെ പറ്റിക്കുന്നതുമായ വിഡിയോ പുറത്തിറങ്ങുന്നത്.

നിലവിൽ ഇവരുടെ അക്കൗണ്ടിലൂടെ മാത്രം ഒരു കോടിയിലധികം പേർ ഈ വിഡിയോ കണ്ട് കഴിഞ്ഞു. ഇങ്ങക്ക് എന്താ ഭ്രാന്തായോ എന്ന് ചോദിച്ചിരുന്ന ഭാര്യയും കുടുംബക്കാരും നാട്ടുകാരുമൊക്കെ നാട്ടുമ്പുറത്തുകാരനായ നാസർക്കയിലെ നടനെ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ വല്യ പെരുന്നാളിന് ഇറങ്ങിയ ആ വിഡിയോ ക്ലിക്ക് ആയതോടെ നാസർക്കയായി പിന്നീട് വിഡിയോകളിലെ പ്രധാന കഥാപാത്രം. രണ്ട് തവണ ഹൃദയത്തിന് തകരാർ സംഭവിച്ചിട്ടും ഫുൾ എനർജിയിൽ അഭിനയിച്ചുതകർക്കുന്ന നാസർക്കയാണ് കൂടെയുള്ളവർക്കും ഊർജം. 10 വർഷം സൗദിയിലായിരുന്ന നാസർക്കക്ക് പ്രവാസലോകത്തെ അതികഠിനമായ ജോലിഭാരം ‘സമ്മാനിച്ചതാണ്’ ഹൃദയത്തകരാർ. പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് നേരിട്ട നാസർക്ക പിന്നീട് ഓട്ടോയുമായി നാട്ടിൽ കൂടുകയായിരുന്നു. ഒരു വിഡിയോയിൽ ‘കണ്ടംവഴി ഓടുന്ന’ ചെമ്പൻ എന്ന വില്ലനായി അവതരിച്ചതോടെ ഇപ്പോൾ എല്ലാവരുടെയും ചെമ്പൻ നാസർക്കയായി.

ഷൊർണൂരിനും ചെർപ്പു​ളശ്ശേരിക്കും ഇടയിലുള്ള ​നാട്ടിൻപുറത്തെ കാഴ്ചകളും നുറുങ്ങുതമാശകളുമായി വിനയനും സത്താറും ജുനൈസും നിസാമുമൊക്കെ വന്നതോടെ ആ കളിചിരികൾ കടലും കടന്നുപോയി. ഗ്രാമീണ കാഴ്ചകളും വള്ളുവനാടൻ ഭാഷയും വിദേശ മലയാളികളിലേക്ക് ഇവരെ എളുപ്പം അടുപ്പിച്ചു. ഇവരുടെ ജീവിതത്തിലും നാട്ടിലുമൊക്കെ നടക്കുന്ന കാഴ്ചകൾ ​തന്നെയാണ് പല വിഡി​യോക്കും പിറകിലെ രസക്കൂട്ട്. സത്താറും ജുനൈസുമാണ് ​സ്ക്രിപ്റ്റിന് പിന്നിൽ. പിന്നീട് എല്ലാവരും എവിടെയങ്കിലും ഒന്നിച്ചിരുന്ന് അവരുടേതായ സംഭാവനകൾ നൽകി കൂടുതൽ മികവുറ്റതാക്കി മാറ്റും. ഓരോരുത്തരും അവരുടേതായ അക്കൗണ്ടുകളിൽനിന്ന് അപ്ലോഡ് ചെയ്തിരുന്ന വിഡിയോ ഇപ്പോൾ ‘പുലിവാൽ മീഡിയ’ എന്ന അക്കൗണ്ട് വഴിയും പുറത്തിറങ്ങുന്നു. ഷോർട്ട് ഫിലിമിലും കൈവെച്ച സംഘം ഈ രംഗത്ത് പുലിവേഗത്തിൽ കുതിക്കാനുള്ള തയാറെടുപ്പിലാണ്.

ദുബൈയിൽ ബിസിനസുകാരനായ സത്താർ നാട്ടിലില്ലെങ്കിലും ഇവരെല്ലാം വിഡിയോയിൽ ഒന്നിക്കുന്ന തരത്തിൽ സ്ക്രിപ്റ്റ് തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മോഡലിങ് കൂടി ഹരമായി കൊണ്ടുനടക്കുന്ന ജുനൈസ് വിദേശത്തെ ജോലിയിൽനിന്ന് താൽക്കാലികമായി അവധിയെടുത്ത് നാട്ടിൽ തുടരുകയാണ്. 10 വർഷമായി കൊച്ചി കാക്കനാട് കേന്ദ്രീകരിച്ച് എൻജിനീയറായി പ്രവർത്തിക്കുന്ന വിനയൻ ആഴ്ചയിൽ ഒരിക്കൽ നാട്ടി​ലെത്തുമ്പോഴാണ് മുഖം കാണിക്കുക. നാട്ടിൽ ജെൻറ്സിന്റെ റെഡിമെയ്ഡ് വസ്ത്ര ഷോപ് നടത്തുന്ന നിസാം അണിയറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന താരമാണ്. വിഡിയോ ഷൂട്ടിങ്ങും എഡിറ്റിങ്ങും മറ്റും നിസാമിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

നോമ്പുകാലത്തും ക്ഷീണമെല്ലാം മാറ്റിവെച്ച് ഷോർട്ട് ഫിലിമും റീൽസും ഇറക്കുന്ന തിരക്കിലായിരുന്നു ഈ ചിരിക്കൂട്ടം. ന​​മ​​സ്​​​കാ​​ര​​ത്തി​നും ദൈ​​വ​ പ്ര​​കീ​​ർ​​ത്ത​​ന​​ങ്ങ​​ൾ​ക്കു​മൊ​പ്പം രാ​പ്പ​ക​ലു​ക​ളി​ല്‍ ഇവരുടെ മനംനിറയെ പുലിവാൽ മീഡിയയുടെ വിജയത്തിളക്കമാണ്. ആ​ത്മീ​യ സ​മൃ​ദ്ധി​ക്കൊ​പ്പം വൈ​വി​ധ്യ​ങ്ങ​ളെകൂടി കോ​ർ​ക്കു​ന്ന സൗ​ഹൃ​ദവലയം കൂടിയാണ് ഇവർക്ക് നോമ്പുകാലം. എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പുതുറക്കാനും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ തു​രു​ത്തു​ക​ൾ തീ​ർ​ക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു. ആരാധകരുടെ ​പ്രത്യേക ക്ഷണപ്രകാരം ഒമാനിലെ സലാലയിൽ ചെറിയ പെരുന്നാൾ ആഘോഷിക്കാനിരിക്കെയാണ് വിനയന്റെ ഉറ്റ ബന്ധു മരിക്കുന്നത്. ഇതോടെ വിനയന് യാത്ര മാറ്റിവെക്കേണ്ടിവന്നു. വിനയന്റെ അഭാവം സങ്കടപ്പെടുത്തുമ്പോഴും കടലിനക്കരെയുള്ള ആരാധകക്കൂട്ടത്തെ വിഷമിപ്പിക്കാതിരിക്കാൻ ഇക്കുറി ചെമ്പൻ നാസറും കൂട്ടരും പെരുന്നാൾ ആഘോഷിക്കുക സലാലയിലായിരിക്കും.

Tags:    
News Summary - Reels Star chemban nazar About His Perumalu memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.