പിടിവിട്ട് ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുക മസ്കിന്‍റെ ഫാൽക്കൺ റോക്കറ്റല്ല; ചൈനയുടേത്

മാർച്ച് ആദ്യവാരം ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയത് ലോക കോടീശ്വരൻ ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് വിക്ഷേപിച്ച ഫാൽക്കൺ റോക്കറ്റല്ല. ചൈന വിക്ഷേപിച്ച റോക്കറ്റുകളിലൊന്നാണ് വരുന്ന മാർച്ചിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയെന്നാണ് പുതിയ വിവരം. 2015ൽ വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റാണ് ചന്ദ്രനിൽ ഇടിക്കുന്നതെന്നായിരുന്നു ഇതുവരെ ധരിച്ചിരുന്നത്.

ചൈനയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ ഭാഗമായി 2014ൽ ചാങ് 5-ടി1 എന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിച്ച റോക്കറ്റാണ് നിയന്ത്രണംവിട്ട് കാലക്രമേണ ചന്ദ്രനിലേക്ക് തന്നെ പതിക്കുന്നത്.

ബിൽ ഗ്രേ എന്ന ബഹിരാകാശ നിരീക്ഷകനാണ് ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന വിവരം ആദ്യമായി പുറത്തുവിട്ടത്. സ്പേസ് എക്സ് 2015ൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ധനം തീർന്ന റോക്കറ്റ് ചന്ദ്രനും ഭൂമിക്കുമിടയിലായി ഏഴ് വർഷമായി ഭ്രമണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ, റോക്കറ്റിനെ കൃത്യമായി തിരിച്ചറിയുന്നതിൽ തനിക്ക് തെറ്റുപറ്റിയെന്നും ഫാൽക്കൺ-9 അല്ല, ചൈനയുടെ റോക്കറ്റാണ് ചന്ദ്രനുമായി കൂട്ടിയിടിക്കാൻ പോകുന്നതെന്നും ബിൽ ഗ്രേ കഴിഞ്ഞ ദിവസം പറഞ്ഞു. മാർച്ച് നാലിന് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂട്ടിയിടി വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്പേസ് എക്സിന് ബഹിരാകാശ മേഖലയിൽ വ്യാപക വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ദൗത്യം പൂർത്തിയാക്കിയ വിക്ഷേപണ വാഹനങ്ങളെ കൃത്യമായി നിർമാർജനം ചെയ്യുന്നതിൽ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നേരത്തെ, സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹം രണ്ട് തവണ ചൈനീസ് സ്പേസ് സ്റ്റേഷനായ ടിയാങ്ഗോങിന് സമീപമെത്തിയപ്പോഴും വിമർശനമുണ്ടായിരുന്നു. എന്നാൽ, വിമർശനങ്ങൾ ചൈനക്ക് നേരെ തിരിയുന്ന സാഹചര്യമാണിപ്പോഴുണ്ടായത്.

അതേസമയം, ചന്ദ്രനിലേക്കുള്ള റോക്കറ്റിന്‍റെ പതനം അപകടകരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ചെറിയൊരു ഗർത്തം ചന്ദ്രനിൽ ഇത് സൃഷ്ടിക്കും. റോക്കറ്റിന്‍റെ പതനം നിരീക്ഷിക്കുമെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. നാസയുടെ ചന്ദ്രോപഗ്രഹമായ ലൂണാർ റെക്കണൈസെൻസ് ഓർബിറ്റർ വഴി റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതിന്‍റെ ആഘാതം പഠിക്കും. 

Tags:    
News Summary - Rocket on collision course with the moon ‘built by China not SpaceX’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.