മസ്കത്ത്: ഒമാനിൽ ബിസിനസ് സ്ഥാപനങ്ങളുടെ ബ്രാൻഡ് മൂല്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ‘ട്രേഡ് മാർക്ക് ’ നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ബിസിനസിന്റെയും വാണിജ്യ വിജയവും ബ്രാൻഡ് മൂല്യവും ആരംഭിക്കുന്നത് ശരിയായ നിയമപരിരക്ഷയിലൂടെയാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. സ്ഥാപനങ്ങളുടെ ഔദ്യോഗിക ലോഗോ സുരക്ഷിതമാക്കാനും എതിരാളികളോ മറ്റ് മൂന്നാം കക്ഷികളോ ഇത് അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നത് തടയാനും ട്രേഡ് മാർക്ക് രജിസ്ട്രേഷനിലൂടെ സാധിക്കും.
വിപണിയിൽ സ്ഥാപനത്തിന്റെ പേര് സുരക്ഷിതമാക്കുന്നതിലൂടെ ബിസിനസ് ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനാകും. ബ്രാൻഡിന്റെ സാമ്പത്തിക-വാണിജ്യ മൂല്യം വർധിപ്പിക്കാനും ഇതു സഹായിക്കുമെന്നും ബിസിനസ് വളരുന്നതിനനുസരിച്ച് കമ്പനിയുടെ ഏറ്റവും മൂല്യമേറിയൊരു ആസ്തിയായി ഈ ട്രേഡ് മാർക്ക് മാറുമെന്നും മന്ത്രാലയം പുറത്തിറക്കിയ ബോധവത്കരണ കുറിപ്പിൽ പറയുന്നു.
ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നത് വഴി ഭാവിയിൽ ബ്രാൻഡ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള നിയമപരമായ തർക്കങ്ങളും സാമ്പത്തിക ബാധ്യതകളും ഒഴിവാക്കാൻ ബിസിനസ് ഉടമകൾക്ക് സാധിക്കും. വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാനും ഉപഭോക്താക്കൾ വ്യാജ ഉൽപന്നങ്ങളിലേക്ക് വഴിമാറിപ്പോകുന്നത് തടയാനും എല്ലാ സംരംഭകരും തങ്ങളുടെ ട്രേഡ് മാർക്ക് വേഗം രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.