അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ഓണസദ്യയിൽനിന്ന്
അബൂദബിയിൽ കേരള സോഷ്യൽ സെന്ററിന്റെ ജനകീയ ഓണസദ്യ; പങ്കെടുത്തത് 4,000ലേറെ പേർ
അബൂദബി: കേരള സോഷ്യൽ സെന്റർ അബൂദബി സംഘടിപ്പിച്ച ഓണസദ്യ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. അബൂദബിയിലെ ജനകീയ ഓണസദ്യയായി അറിയപ്പെടുന്ന കേരള സോഷ്യൽ സെന്ററിന്റെ ഓണാഘോഷത്തിൽ നാലായിരത്തിലേറെ പേർ പങ്കുചേർന്നു. തിരുവനന്തപുരം സ്വദേശി ജെ. മണികണ്ഠന്റെ നേതൃത്വത്തിൽ സെന്ററിലെ അംഗങ്ങളും വളണ്ടിയർമാരും വനിതാ വിഭാഗം പ്രവർത്തകരും ഒത്തൊരുമിച്ച് സെന്റർ അങ്കണത്തിൽ തന്നെയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്.
ഓണസദ്യക്ക് വേണ്ട വിഭവ സമാഹരണം മുതൽ ഓണസദ്യ വിളമ്പിക്കൊടുക്കുന്നതെല്ലാം ഇവർ തന്നെയാണ്. മുപ്പതിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിയ പരമ്പരാഗത കേരളീയ ഓണസദ്യ രുചിവൈവിധ്യം കൊണ്ടും തനിമകൊണ്ടും ശ്രദ്ധേയമായി. 25 പേരടങ്ങുന്ന ഒമ്പത് ഗ്രൂപ്പുകളാണ് ഓണസദ്യ വിളമ്പുന്നതിന് നേതൃത്വം നൽകിയത്. അബൂദബിയിലെ പ്രമുഖ വ്യവസായികൾ, വിവിധ ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ ഭാരവാഹികൾ, അമച്വർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പൊതുസമൂഹത്തിലെ നിരവധി പേരും കുടുംബസമേതം ഓണസദ്യയിൽ പങ്കുചേർന്നു.
ഒരുമയുടെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഓണസദ്യയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾ, വളണ്ടിയർമാർ, വനിതാ വിഭാഗം പ്രവർത്തകർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരെ കേരള സോഷ്യൽ സെന്റർ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അബൂദബിയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സാംസ്കാരിക ഐക്യത്തിന്റെയും മനോഹരമായ അടയാളമായി ഈ വർഷത്തെ ഓണസദ്യ മാറിയെന്ന് ജനറൽ സെക്രട്ടറി സജീഷ് നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.