നോർക്ക കെയർ ഇൻഷുറൻസ് നിരക്കുകൾ പുനഃപരിശോധിക്കണം -യുവകലാസാഹിതി ഖത്തർ

ദോഹ: പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക കെയർ പദ്ധതിയിലെ പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്നും പ്രായത്തിനനുസരിച്ചുള്ള നിരക്ക് വർധനയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും യുവകലാസാഹിതി ഖത്തർ ആവശ്യപ്പെട്ടു. വർഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത വർധിക്കുകയാണ്. എന്നാൽ, അതേ ഘട്ടത്തിൽ പ്രീമിയം നിരക്കുകളിലുണ്ടാകുന്ന വർധന സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഉയർന്ന പ്രീമിയം നിരക്കുകൾ കാരണം നിരവധി പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടരാൻ കഴിയാതെ വരികയും പദ്ധതിയുടെ ലക്ഷ്യം തന്നെ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. അതിനാൽ, പ്രവാസികളുടെ സാമ്പത്തികശേഷിയും ആരോഗ്യപരിരക്ഷയുടെ ആവശ്യകതയും പരിഗണിച്ച് താങ്ങാനാവുന്ന നിരക്കിൽ പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണം. പദ്ധതിയിലെ നിരക്കുകൾ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങൾ, പ്രായത്തിനനുസരിച്ചുള്ള പ്രീമിയം വർധനയുടെ അടിസ്ഥാനം, ഇൻഷുറൻസ് പരിരക്ഷയുടെ പരിധി, ഇൻഷുറൻസ് കമ്പനികളുമായുള്ള കരാറുകളിലെ വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് സുതാര്യമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും യുവകലാസാഹിതി ഖത്തർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ വ്യക്തിഗതമായ പ്രതിഷേധങ്ങൾക്കപ്പുറം എല്ലാ പ്രവാസി സംഘടനകളും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്ഷേമപദ്ധതിയെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് അത് യഥാർഥത്തിൽ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രവാസികൾക്ക് പ്രയോജനം ലഭിക്കുകയും അതോടൊപ്പം പദ്ധതി ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും യുവകലാസാഹിതി ഖത്തർ അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.