നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; റുവി മലയാളി അസോസിയേഷൻ

മസ്കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനക്കെതിരെ പ്രതിഷേധവുമായി റുവി മലയാളി അസോസിയേഷൻ. വർധന പിൻവലിക്കണമെന്നും പ്രായാധിഷ്ഠിത പ്രീമിയം ഘടന പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ എം.എൽ.എമാർക്കും എം.പിമാർക്കും അസോസിയേഷൻ നിവേദനം നൽകി.

ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കിടെ ശമ്പളം വൈകുന്നതും തൊഴിൽ അനിശ്ചിതത്വവും വ്യാപാര വരുമാനത്തിലെ ഇടിവും ഉൾപ്പെടെയുള്ള സാമ്പത്തിക പ്രയാസങ്ങൾ പ്രവാസികളെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചത് പ്രവാസികൾക്കും കുടുംബങ്ങൾക്കും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം വർധിപ്പിച്ച നടപടി മുതിർന്ന പ്രവാസികളെയും പരിമിത വരുമാനമുള്ള കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കും. പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ട ക്ഷേമപദ്ധതി സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആർ.എം.എ ആവശ്യപ്പെട്ടു.

പ്രീമിയം വർധന പിൻവലിക്കുക, പ്രായാധിഷ്ഠിത നിരക്കുകൾ പുനഃപരിശോധിക്കുക, ഇൻഷുറൻസ് പരിരക്ഷ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി, നോർക്ക അധികൃതർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരുടെ ഇടപെടൽ ഉറപ്പാക്കാൻ ജനപ്രതിനിധികൾ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

റുവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയാണ് നിവേദനം സമർപ്പിച്ചത്. നിവേദനത്തിന്റെ പകർപ്പ് കേരള മുഖ്യമന്ത്രിക്കും നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും കേരളത്തിലെ എം.എൽ.എമാർക്കും എം.പിമാർക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കൈമാറിയതായി അസോസിയേഷൻ അറിയിച്ചു.

Tags:    
News Summary - Revoke the hike in Norka Care premium; demands Ruvi Malayali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.