ഇബ്രി ഇന്ത്യൻ സ്കൂളിൽ ഇരുപതാമത് കിഡ്സ് ഫെസ്റ്റിവൽ

ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിന്റെ ഇരുപതാമത് കിഡ്സ് ഫെസ്റ്റിവൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികളുടെ സർഗശേഷി പ്രകടിപ്പിക്കാൻ വേദിയൊരുക്കിയ മേളയിൽ വിവിധ കലാ-സാഹിത്യ മത്സരങ്ങൾ അരങ്ങേറി.സ്കൂളിലെ ഹെഡ് ബോയ് മുദാഷിർ ഷഫീഖും ഹെഡ് ഗേൾ വൃതിക സിങ്ങും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

സംഗീതം, കൈയക്ഷര മത്സരം, കളിമൺ ശിൽപനിർമാണം, ചിത്രരചന, ആക്ഷൻ സോങ്, കഥപറച്ചിൽ, പുഞ്ചിരി മത്സരം, ഒരു മിനിറ്റ് പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.സമാപന ചടങ്ങിൽ ദാഹിറ ഗവർണറേറ്റിലെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഫാത്തിമ ബിൻത് ഹമദ് ബിൻ റാഷിദ് അൽ ബലൂഷി മുഖ്യാതിഥിയായി.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ശബ്നം ബീഗം, കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ സത്പാൽ ബി. മാമുത്ര, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് മുഖ്യാതിഥിയെ സ്വീകരിച്ചു. തുടർന്ന് ഹെഡ് ബോയ് മുദാഷിർ ഷഫീഖിന്റെയും ഹെഡ് ഗേൾ വൃതിക സിങ്ങിന്റെയും നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി.ഏഴാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഇശൽ സ്വന്തം കൈയക്ഷരത്തിൽ തയ്യാറാക്കിയ മുഖ്യാതിഥിയുടെ ഛായാചിത്രം സമ്മാനിച്ചു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിച്ചു. കുട്ടികളുടെ ഒറ്റയ്ക്കും കൂട്ടമായുമുള്ള നൃത്താവതരണങ്ങളും വേഗത്തിൽ വസ്ത്രം മാറുന്ന മത്സരവും ശ്രദ്ധേയമായി. സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥിയായ ഗൗതം ശിബില ശരത് ചന്ദ്രന്റെ കീബോർഡ് അവതരണവും കൈയടി നേടി.

മുഖ്യാതിഥിയും സ്കൂൾ പ്രതിനിധികളും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മിഡിൽ സെക്ഷൻ സൂപ്പർവൈസർ മിൻസി സന്തോഷ് നന്ദി പറഞ്ഞു. അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - 20th Kids Festival Kicks Off at Indian School Ibri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.